കാവേരി നദീജല തര്‍ക്കം: 44 വിമാനങ്ങള്‍ റദ്ദാക്കി, ഗതാഗതം താളംതെറ്റി; കര്‍ണാടക ബന്ദില്‍ 50 പേര്‍ കസ്റ്റഡിയില്‍
ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തിലെ ബന്ദിന്റെ പശ്ചാത്തലത്തില്‍ 50 കന്നഡ അനുകൂല സംഘടനാ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പാലനത്തിന് മുന്‍കരുതല്‍ എന്ന പേരിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് എന്ന് ബെംഗളൂരു റൂറല്‍ അഡീഷണല്‍ സൂപ്രണ്ട് മല്ലികാര്‍ജുന്‍ ബലദണ്ടി പറഞ്ഞു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യത്തിന് പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ചിക്കമംഗലൂരില്‍ പ്രതിഷേധക്കാര്‍ പെട്രോള്‍ ബങ്കുകളില്‍ കയറി പ്രതിഷേധിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കോലം കത്തിച്ചു. മാണ്ഡ്യയില്‍ പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്ന് പുലര്‍ച്ചെ വരെയുള്ള ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ളതും ഇവിടെ നിന്ന് പുറപ്പെടേണ്ടതുമായ 44 വിമാനങ്ങള്‍ റദ്ദാക്കി.

അതേസമയം വിമാനം റദ്ദാക്കിയത് മറ്റ് പ്രവര്‍ത്തനപരമായ കാരണങ്ങളാലാണെന്നും യാത്രക്കാരെ സമയത്തിനുള്ളില്‍ അറിയിച്ചിട്ടുണ്ടെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കര്‍ണാടക ബന്ദിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കിയതിനാലാണ് സര്‍വീസ് ഒഴിവാക്കിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കാവേരി നദീജല തര്‍ക്കത്തിന്റെ പേരില്‍ 'കന്നഡ ഒക്കൂത' എന്ന സംയുക്ത സംഘടനയാണ് വെള്ളിയാഴ്ച കര്‍ണാടക ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ബെംഗളൂരുവില്‍ ഇതേ വിഷയത്തിന്റെ പേരില്‍ ബന്ദ് നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ്. ബെംഗളൂരു സിറ്റി പൊലീസ് നഗരത്തില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. റാലികളോ പ്രതിഷേധങ്ങളോ അഞ്ചില്‍ കൂടുതല്‍ ആളുകളുടെ യോഗങ്ങള്‍ നടത്താന്‍ ആളുകളെ അനുവദിക്കില്ല. എന്നാല്‍ കന്നഡ അനുകൂല സംഘടനകള്‍ തെരുവിലിറങ്ങാനാണ് സാധ്യത.
ചെറുതും വലുതുമായ രണ്ടായിരത്തോളം സംഘടനകള്‍ ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തെ പലചരക്ക് കടകളും മറ്റ് അവശ്യേതര കടകളും അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ആശുപത്രികള്‍, ആംബുലന്‍സുകള്‍, ഫാര്‍മസികള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ പ്രവര്‍ത്തിക്കും. കെഎസ്ആര്‍ടിസി, ബിഎംടിസി ബസുകള്‍ സംസ്ഥാനത്തുടനീളമുള്ള സാഹചര്യം കണക്കിലെടുത്ത് സര്‍വീസ് നടത്തും.
ബെംഗളൂരുവിലെ പ്രധാന റോഡുകളില്‍ പ്രത്യേകിച്ച് സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലും എന്‍ട്രി എക്‌സിറ്റ് പോയിന്റുകളിലും ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഓലയും ഊബറും ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങില്ല. 32 സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകളെ പ്രതിനിധീകരിച്ച് ഫെഡറേഷന്‍ ഓഫ് കര്‍ണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ബന്ദിന് പിന്തുണ നല്‍കുന്നുണ്ട്.
കര്‍ണാടക ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വ്യാഴാഴ്ച സംസ്ഥാനത്തുടനീളമുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6 മണി വരെ സംസ്ഥാനത്തുടനീളം ഒരു സിനിമയും പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടക ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം ബെംഗളൂരുവിലെ നമ്മ മെട്രോ പതിവുപോലെ പ്രവര്‍ത്തിക്കും പ്രവേശന കവാടങ്ങളില്‍ അധികൃതര്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications