'കർണാടക കോൺഗ്രസ് പിടിക്കും, 140 സീറ്റുകൾ പ്രവചിച്ച് സർവ്വേ', ആത്മവിശ്വാസത്തിലെന്ന് ഡികെ
'മുൻ സർവ്വേയിൽ ഞങ്ങൾ 136 സീറ്റ് നേടുമെന്നായിരുന്നു കണ്ടെത്താനായത്. എന്നാൽ ഇപ്പോഴത്തെ സർവ്വേ പ്രവചിക്കുന്നത് 140 സീറ്റ് ലഭിക്കുമെന്നാണ്'

കോൺഗ്രസിന് കർണാടകയിൽ 140 സീറ്റുകൾ വരെ പ്രവചിച്ച് ആഭ്യന്തര സർവ്വേ. പാർട്ടി അധ്യക്ഷൻ ഡികെ ശിവകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിനോടടുത്ത് കൂടുതൽ നേതാക്കൾ കോൺഗ്രസിൽ ചേരുമെന്നും സിറ്റിംഗ് ബി ജെ പി എംഎൽഎമാർ അടക്കം ഇക്കൂട്ടത്തിൽ ഉണ്ടെന്നും ഡികെ പറഞ്ഞു. മൂന്ന് മുൻ ബി ജെ പി എം എൽ എമാർ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചാമരാജ് ജില്ലയില കൊല്ലഗല്‍ എംഎല്‍എയായിരുന്ന നഞ്ചുണ്ട സ്വാമി, ബെംഗളുരു റൂറല്‍ ജില്ലയിലെ ദൊഡബല്ലാപുരയിൽ നിന്നുള്ള നരസിംഗ സ്വാമി, വിജയപുര മുന്‍ എംഎല്‍എ മനോഹരന്‍ ജ്ഞാനപുര എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കള് എത്തും. ആരൊക്കെയാണത്ത് സംബന്ധിച്ചുള്ള പട്ടിക ഉടനെ പുറത്ത് വിടാം. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്, ഇപ്പോൾ നേതാക്കളുടെ പേര് പറയുന്നില്ല', ഡികെ ശിവകുമാർ പറഞ്ഞു. യാതൊരു ഉപാധികളുമില്ലാതെയാണ് നേതാക്കൾ പാർട്ടിയിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കം പോലെ ജില്ലാ തലത്തിൽ നിരവധി നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. ചില പ്രമുഖരും ഉടനത്തും. പൊതുജനാഭിപ്രായം കോൺഗ്രസിന് അനുകൂലമാണെന്ന് വളരെ വ്യക്തമാണ്.
'മുൻ സർവ്വേയിൽ ഞങ്ങൾ 136 സീറ്റ് നേടുമെന്നായിരുന്നു കണ്ടെത്താനായത്. എന്നാൽ ഇപ്പോഴത്തെ സർവ്വേ പ്രവചിക്കുന്നത് 140 സീറ്റ് ലഭിക്കുമെന്നാണ്. സംസ്ഥാനത്ത് സന്ദർശനം നടത്തുമ്പോൾ ഈ മാറ്റം ഞങ്ങൾക്ക് വ്യക്തമാകുന്നുണ്ട്. 2022ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ കർണാടകത്തിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ ബി ജെ പി നടത്തിയിരുന്നു. അവർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി തീയതിയും തീരുമാനിച്ചിരുന്നു,പക്ഷേ തീരുമാനം വൈകി.കാരണം, എത്ര ദിവസം കിട്ടുന്നുവോ അത്രയും അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന തോന്നലാണ് ബി ജെ പിക്ക്. അതുകൊണ്ടാണ് അവർ ഇത് ചെയ്യുന്നത്', ഡികെ ശിവകുമാർ പറഞ്ഞു.
തിരഞ്ഞെടുപ്പ് തീയതി എത്രയും വേഗം പ്രഖ്യാപിക്കണം. തിരഞ്ഞെടുപ്പിനെ നേരിടാൻ തങ്ങൾ തയ്യാറാണ്. സർക്കാരിന്റെ കൊടിയ അഴിമതി അവസാനിപ്പിക്കണമെന്നും ഡി കെ ശിവകുമാർ പറഞ്ഞു.ഇത്തവണ സംസ്ഥാനത്ത് തൂക്കുസഭയ്ക്കാണ് സർവ്വേകൾ സാധ്യത പ്രവചിക്കുന്നത്. 2018 ലും ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നില്ല. തുടർന്ന് കോൺദഗ്രസും ജെ ഡി എസും ചേർന്ന് സഖ്യത്തിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു.












Click it and Unblock the Notifications