വീണ്ടും പോലീസ് ആത്മഹത്യ; കര്‍ണാടകയിലെ മലയാളി മന്ത്രി ജോര്‍ജ് കുടുങ്ങും?
ബെംഗളൂരു: കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനും മന്ത്രി കെ ജെ ജോര്‍ജിനും വീണ്ടും തലവേദനയുടെ നാളുകള്‍. മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒതുങ്ങുന്നതിനിടെയാണ് അടിക്കടി രണ്ട് പോലീസ് ആത്മഹത്യകള്‍ സര്‍ക്കാരിനെ പിടിച്ചുലച്ചിരിക്കുന്നത്. ഡി വൈ എസ് പി റാങ്കിലുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് ഒരാഴ്ചയ്ക്കിടെ കര്‍ണാടകയില്‍ ജീവനൊടുക്കിയത്.
കൊടക് ജില്ല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം കെ ഗണപതി ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത സംഭവമാണ് ഇതില്‍ ഒടുവിലത്തേത്. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യുന്നു എന്നെഴുതിവെച്ച് പോലീസ് യൂണിഫോം ധരിച്ചാണ് ഗണപതി സീലിങ് ഫാനില്‍ തൂങ്ങിമരിച്ചത്. മലയാളി കൂടിയായ വികസന മന്ത്രി കെ ജെ ജോര്‍ജിനും മകനും എതിരെ ഗണപതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശങ്ങള്‍ ഉള്ളതായാണ് അറിയുന്നത്.

തന്റെ ജീവന് അപകടം എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം കെ ജെ ജോര്‍ജിനായിരിക്കും എന്ന് മരിക്കുന്നതിന് ദിവസങ്ങള്‍ മുന്‍പ് ഗണപതി ഒരു കന്നഡ ചാനലില്‍ പറഞ്ഞിരുന്നു. ലോകായുക്ത ഐ ജി പ്രണബ് മൊഹന്തി, ഇന്റലിജന്റ്‌സ് എ ഡി ജി പി എം എം പ്രസാദ് എന്നിവര്‍ക്കെതിരെയും ഗണപതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ സര്‍ക്കാരില്‍ നിന്നും നീതി കിട്ടില്ല എന്നാണ് ഗണപതി പറഞ്ഞത്.
ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്നും കെ ജെ ജോര്‍ജിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ മാറ്റിയിരുന്നു. പരമേശ്വരയാണ് പുതിയ ആഭ്യന്തരമന്ത്രി. ബെംഗളൂരു വികസനമന്ത്രിയാണ് ജോര്‍ജ് ഇപ്പോള്‍. ആഭ്യന്തര മന്ത്രിയായിരിക്കേ ജോര്‍ജിനെ കാണാനെത്തിയ തന്നെ മന്ത്രി അവഹേളിച്ചു എന്നാണ് ഗണപതി പറയുന്നത്. ഗണപതിയെ മരണത്തിലേക്ക് തള്ളിവിട്ടു എന്ന് ആരോപണമുള്ള ജോര്‍ജിനെതിരെ ബി ജെ പി പ്രക്ഷോഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചിക്കമംഗ്ലൂര്‍ ഡി വൈ എസ് പി കല്ലപ്പ ഹാദിബാഗ് ആത്മഹത്യ ചെയ്തിരുന്നു.












Click it and Unblock the Notifications