കർണാടകയിൽ ബജ്റംഗ്ദളിൽ പിടിച്ച് കയറി നേട്ടമാക്കാൻ ബിജെപി; കോൺഗ്രസിന് തിരിച്ചടിയാകുമോ?
അധികാരം ലഭിച്ചാൽ ഹിന്ദു സംഘടനയായ ബജ്റംഗദളിനെ നിരോധിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രകടന പത്രികയിലെ സുപ്രധാന വാഗ്ദാനം. വാഗ്ദാനത്തിനെതിരെ ബജ്റംഗദൾ, വി എച്ച് പി സംഘടനകൾ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. കർണാടക അടക്കം പല സ്ഥലങ്ങളിലും സംഘടനകൾ വലിയ പ്രതിഷേധങ്ങളും തീർത്തു.
ദില്ലിയിൽ ഉൾപ്പെടെ കോൺഗ്രസ് ഓഫീസുകൾക്ക് മുൻപിൽ പ്രകടന പത്രിക കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വിഷയം ബി ജെ പിയും കോൺഗ്രസിനെതിരെ ആയുധമാക്കിയിരിക്കുകയാണ്. ഇതോടെ തിരഞ്ഞെടുപ്പിൽ ഇത് കോൺഗ്രസിനെ തിരിഞ്ഞ് കൊത്തുമോയെന്ന ചർച്ചകൾ ശക്തമാണ്.

വിദ്വേഷ പ്രചരണത്തിന് നേതൃത്വം നൽകുന്ന വ്യക്തികൾക്കും വർഗീയ സംഘടനകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു പ്രകടന പത്രിക പുറത്തിറക്കി കൊണ്ട് കോൺഗ്രസ് വ്യക്തമാക്കിയത്. ബജ്റംഗദളിനേയും പോപ്പുലർ ഫ്രണ്ടിനേയും നിയമം മൂലം നിരോധിക്കുമെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ കോൺഗ്രസിനെതിരെ പ്രതിഷേധം ഉയർന്നത്.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കിട്ടിയ അവസരം മുതലെടുക്കാൻ ബിജെപിയും തയ്യാറായതോടെ രംഗം കൊഴുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു വിഷയത്തിൽ ആദ്യം കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്. ഹനുമാന്റെ നാട്ടിൽ ആദരവ് അർപ്പിക്കാനായി താൻ എത്തിയപ്പോൾ ജയ് ബജ്റംഗബലി എന്ന് വിളിക്കുന്നവരെ തടയുമെന്ന കോൺഗ്രസ് പ്രഖ്യാപനമാണ് താൻ കേട്ടതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. നേരത്തേ ശ്രീരാമനെ എതിർത്തവരാണ് കോൺഗ്രസുകാർ അവരാണിപ്പോൾ ബജ്റംഗബലി എന്ന് വിളിക്കുന്നവർക്കെതിരെ രംഗത്തെത്തിയതെന്നും മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം തീരദേശ കർണാടകയിലെ മൂടബദ്രിയിൽ പ്രചരണത്തിന് എത്തിയ മോദി ഹനുമാൻ ചാലിസ ചൊല്ലിയായിരുന്നു പ്രവർത്തകരെ അഭിസംബോധന ചെയ്തത്. ബെംഗളൂരുവിൽ ഹനുമാൻ ചാലിസ ചൊല്ലിയായിരിക്കും മോദിയുടെ 36 കിമി റോഡ് ഷോയും ആരംഭിക്കുക. 'ഐ ആം ബജ്റംഗി' എന്ന പേരിൽ സംഘപരിവാർ സംഘടനകൾ സോഷ്യൽ മീഡിയ ക്യാമ്പെയ്നുകളും ആരംഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാകുമെന്നും കനത്ത തിരിച്ചടി തന്നെ കോൺഗ്രസ് നേരിടുമെന്നുമാണ് കഴിഞ്ഞ ദിവസം ബസവരാജ് ബൊമ്മൈ പ്രതികരിച്ചത്. ഹനുമാൻ ഭക്തർ സംഘടിച്ചാൽ കോൺഗ്രസിനെ രാജ്യത്ത് നിന്ന് തന്നെ തുടച്ച് നീക്കുമെന്നും ബൊമ്മൈ പറഞ്ഞു.
അതേസമയം കോൺഗ്രസ് പ്രഖ്യാപനം തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഹിന്ദുവോട്ടുകൾ അനുകൂലമാകാൻ നടപടി സഹായിക്കുമെന്നും ഇവർ പറയുന്നു. എന്നാൽ പ്രഖ്യാപനം യാതൊര തരത്തിലും തിരിച്ചടിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്.
ബജ്‌റംഗബലിയും ബജ്‌റംഗ്ദളും തമ്മിൽ ഒരു ബന്ധവുമില്ലെന്നും ബജ്‌റംഗ്ദൾ ഒരു ജനകീയ സംഘടനയല്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. വോട്ടുകൾ ധ്രുവീകരിക്കാനും ഹനുമാനുമായി ബന്ധിപ്പിക്കാനുമുള്ള ബി ജെ പിയുടെ ശ്രമത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബജ്റംഗ് ദൾ നിരോധിക്കുക എന്ന നിർദേശം കോൺഗ്രസിന് മുമ്പാകെയില്ലെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വീരപ്പ മൊയ്ലി പറഞ്ഞു.
'ഞങ്ങളുടെ പ്രകടനപത്രികയിൽ പി എഫ് ഐയെയും ബജറംഗ് ദളിനെയും പരാമർശിച്ചിട്ടുണ്ട്. ഒരു സംഘടനയെ നിരോധിക്കുക എന്നത് ഒരു സംസ്ഥാന സർക്കാരിന് സാധ്യമല്ല. ബജറംഗദളിനെ നിരോധിക്കുന്നത് കർണാടക സർക്കാരിന് സാധിക്കുന്ന കാര്യമല്ല. വിഷയത്തിൽ കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാർ കൂടുതൽ വ്യക്തത നൽകും. നിർദ്ദേശം നമ്മുടെ മുന്നിലില്ല. വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കാൻ സുപ്രീം കോടതി പോലും വിധിച്ചിട്ടുണ്ട്. ബജറംഗദളിനെ നിരോധിക്കണമെന്ന നിർദേശം ഞങ്ങൾക്കില്ല', മൊയ്ലി പറഞ്ഞു.












Click it and Unblock the Notifications