സ്‌കൂളുകളില്‍ ഇ-അറ്റന്‍ഡന്‍സ്; ക്ലാസ് കട്ട് ചെയ്യാന്‍ പാടുപെടും; മുങ്ങുന്ന അധ്യാപകര്‍ക്കും പണി കിട്ടും
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ അധിഷ്ഠിത ഹാജര്‍ സംവിധാനം സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. മുഖം തിരിച്ചറിഞ്ഞ് ഹാജര്‍ രേഖപ്പെടുത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണിത്. കര്‍ണാടകയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നിയമം ബാധകമാണ്. സംസ്ഥാനത്തെ സ്‌കൂള്‍ ഭരണനിര്‍വഹണ രംഗത്ത് വലിയൊരു ഡിജിറ്റല്‍ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഈ പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
'നിരന്തര' എന്ന പേരിലുള്ള ഈ പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഹാജര്‍ വിവരങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഈ പുതിയ സാങ്കേതികവിദ്യ വഴി ഹാജര്‍ രേഖപ്പെടുത്തുന്നതിലൂടെ സുതാര്യത ഉറപ്പാക്കാനും കൃത്രിമ ഹാജര്‍ തടയാനും സാധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഹാജര്‍ ബുക്കില്‍ രേഖപ്പെടുത്തുന്നതിന് പകരമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി തത്സമയം ഹാജര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിലൂടെ സ്‌കൂളുകളിലെ ക്രമക്കേടുകള്‍ വേഗത്തില്‍ കണ്ടെത്താനും വിദ്യാര്‍ത്ഥികളുടെ സുരക്ഷ വര്‍ധിപ്പിക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്. ഈ സംവിധാനം നടപ്പാക്കുന്നതിനായി സ്‌കൂളുകള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും പരിശീലനവും വിദ്യാഭ്യാസ വകുപ്പ് നല്‍കും. വിദ്യാഭ്യാസ മേഖലയിലെ ഭരണപരിഷ്‌കാരങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇതിനായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത എഐ മൊബൈല്‍ ആപ്ലിക്കേഷന്‍ വരും മെയ് മാസത്തിനുള്ളില്‍ എല്ലാ സ്‌കൂളുകളിലും സജ്ജമാക്കണമെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഏകദേശം 2.16 കോടി രൂപ ചിലവഴിച്ചാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
പുതിയ സംവിധാനം നടപ്പാക്കുന്നതോടെ ജീവനക്കാര്‍ നേരിട്ട് ഹാജരാകാതെ ഹാജര്‍ രേഖപ്പെടുത്തുന്ന രീതികള്‍ക്ക് അന്ത്യമാകുമെന്നും ഇതിലൂടെ വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ കരുതുന്നു. പുറത്തു നിന്നുള്ളവര്‍ അനധികൃതമായി സ്‌കൂളിനുള്ളില്‍ പ്രവേശിക്കുന്നതും തടയാനാകും.
ഇതുകൂടാതെ മാതാപിതാക്കള്‍ക്ക് സാറ്റ്സ് സോഫ്റ്റ്വെയര്‍ വഴി തങ്ങളുടെ കുട്ടികളുടെ ഹാജര്‍ വിവരങ്ങള്‍ നേരിട്ട് പരിശോധിക്കാനുള്ള സൗകര്യവും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍ പൂര്‍ണ്ണതോതില്‍ നടപ്പാക്കുന്ന ഈ സംവിധാനം വലിയ സുതാര്യത കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇ-അറ്റന്‍ഡന്‍സ് സംവിധാനം ദൈനംദിന ക്ലാസുകളില്‍ മാത്രമായി പരിമിതപ്പെടുത്തില്ല. വരും ദിവസങ്ങളില്‍ പരീക്ഷാ, മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഇ-അറ്റന്‍ഡന്‍സ് നിര്‍ബന്ധമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.












Click it and Unblock the Notifications