കര്‍ണാടക: നെഞ്ച് വേദനയെത്തുടർന്ന് കോണ്‍ഗ്രസ് എംഎൽഎ ആശുപത്രിയിൽ.. റിപ്പോർട്ട് തേടി നിയമസഭ സ്പീക്കർ!
ബാംഗ്ലൂർ: കര്‍ണാടകത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും എം എൽ എയുമായ ശ്രീമന്ത് പട്ടേല്‍ ആശുപത്രിയിൽ കഴിയുന്ന വിഷയത്തിൽ വിശദമായ റിപ്പോർട്ട് തേടി നിയമസഭ സ്പീക്കർ. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന കർണാടക നിയമസഭയിൽ വരാതിരുന്ന ശ്രീമന്ത് പട്ടേലിനെ ഇന്ന് മുംബൈയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിലാണ് എന്ന കാര്യം കാണിച്ച് എം എൽ എ നൽകിയ കത്ത് തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് സ്പീക്കർ രമേശ് കുമാർ പറഞ്ഞു. എന്നാൽ ഔദ്യോഗിക ലെറ്റർ പാഡിലല്ല ഈ കത്ത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാനും സാധിച്ചിട്ടില്ല. അതേസമയം ശ്രീമന്ത് പട്ടേലിനെ ബി ജെ പി കടത്തിക്കൊണ്ടുപോയതാണ് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ശ്രീമന്ത് പട്ടേലിനെ തട്ടിക്കൊണ്ടുപോയതാണ് എന്ന് ബന്ധുക്കൾ തന്നോട് പറഞ്ഞതായി കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ പറഞ്ഞു. സംഭവം വിവാദമായതോടെയാണ് സ്പീക്കർ രമേശ് കുമാർ ആഭ്യന്തര വകുപ്പിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്. കോൺഗ്രസ് - ജെ ഡി എസ് എം എൽ എമാർ താമസിക്കുന്ന വിൻഡ് ഫ്ലവർ പ്രകൃതി റിസോർട്ടിലായിരുന്നു ശ്രീമന്ത് പട്ടേലും താമസിച്ചിരുന്നത്.
കർണാടക നിയമസഭയിൽ വിശ്വാസവോട്ട് നടപടികൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭിയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചു. സഭയില്‍ ഇപ്പോള്‍ പ്രമേയത്തില്‍ ചര്‍ച്ച പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചര്‍ച്ചക്ക് ശേഷമായിരിക്കും വോട്ടെടുപ്പ് നടക്കുക. അതേസമയം വോട്ടെടുപ്പ് അടുത്ത ആഴ്ച്ചത്തേക്ക് നീട്ടിവെക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമം.












Click it and Unblock the Notifications