പനീര്‍ശെല്‍വത്തിന്റെ നിയമനം ജയലളിതയുടെ നിര്‍ദ്ദേശത്തോടെ; അത്ഭുതമെന്ന് കരുണാനിധി
ചെന്നൈ: മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതിനെ തുടര്‍ന്ന് ഒ പനീര്‍ശെല്‍വത്തിന് പകരം ചുമതല നല്‍കിയതിനെതിരെ ഡിഎംകെ നേതാവ് എം കരുണാനിധി. ജയലളിതയുടെ നിര്‍ദ്ദേശപ്രകാരമാണ് പനീര്‍ശെല്‍വത്തിന് ചുമതല നല്‍കുന്നതെന്ന ഗവര്‍ണറുടെ അറിയിപ്പാണ് കരുണാനിധി വിമര്‍ശിച്ചത്.
ജയലളിത വ്യക്തിപരമായി ഇക്കാര്യം അംഗീകരിക്കുകയോ ഒപ്പിടുകയോ ചെയ്തിട്ടുണ്ടോയെന്ന് കരുണാനിധി ചോദിക്കുന്നു. മുന്‍ എഐഎഡിഎംകെ നേതാവും എംപിയുമായ ശശികല പുഷ്പ ഇപ്പോഴത്തെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടിക്കുള്ളിലും പുതിയ തീരുമാനം ആശയക്കുഴപ്പത്തിനിടയാക്കിയെന്ന് കരുണാനിധി ആരോപിച്ചു.

മുഖ്യമന്ത്രി ജയലളിതയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പനീര്‍ശെല്‍വത്തെ പുതിയ ചുമതല ഏല്‍പ്പിച്ചതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കുന്നുണ്ട്. ജയലളിത ഇതുവരെ വഹിച്ച ചുമതലയെല്ലാം പനീര്‍ശെല്‍വത്തെ ഏല്‍പ്പിക്കുകയാണെന്നും മുഖ്യമന്ത്രിയായി ജയലളിത തുടരുമെന്നും ഗവര്‍ണറുടെ അറിയിപ്പ് പറയുന്നു.
എന്നാല്‍, അബോധാവസ്ഥയില്‍ കഴിയുന്ന ജയലളിത എങ്ങിനെ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയെന്നതാണ് കരുണാനിധി ചോദിക്കുന്നത്. മുഖ്യമന്ത്രിയായി മറ്റൊരാളെ പൂര്‍ണമായും നിയമിക്കണമെന്ന് ഡിഎംകെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയായി ജയലളിത തുടരാനും പനീര്‍ശെല്‍വത്തിന് താത്കാലിക ചുമതല നല്‍കാനുമാണ് എഐഎഡിഎംകെ തീരുമാനിച്ചത്.












Click it and Unblock the Notifications