'നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് അന്നേ രാഹുല്‍ഗാന്ധി മുന്നറിയിപ്പ് നല്‍കി': കെസി വേണുഗോപാൽ
ദില്ലി: ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ ഭീതിയുമാണ് ഈ കര്‍ഷകര്‍ക്ക് കീഴടങ്ങാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കിയതെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ഏകാധിപത്യ ശൈലി അധികകാലം തുടരാനാവില്ലെന്ന് രാജ്യം നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണ് ഈ വിജയമെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.
ഒരു വർഷം നീണ്ട കർഷക സമരത്തിനൊടുവിൽ മൂന്ന് വിവാദ കാർഷിക നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയാണ് പ്രഖ്യാപിച്ചത്. പാർലമെന്റ് കൂടി നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം. കര്‍ഷകരും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തിയ പ്രക്ഷോഭങ്ങളുടെ വിജയമാണിതെന്നും കെസി വേണുഗോപാൽ പറയുന്നു.

കെസി വേണുഗോപാലിന്റെ പ്രതികരണം: '' ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയമാണ് മൂന്ന് കാര്‍ഷിക കരി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം. ഈ നിയമത്തിന്റെ പിറവി തന്നെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ക്ക് എതിരായിട്ടായിരുന്നു. വോട്ട് ചെയ്യാനുള്ള അവകാശം പോലും നിഷേധിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നിയമങ്ങളെയെല്ലാം അതിര്‍ലംഘിച്ചു കൊണ്ടാണ് മോദി സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പാസാക്കിയത്. രാജ്യസഭയില്‍ ഇതിനെതിരെ പ്രതിഷേധിച്ച എംപിമാരെ പുറത്താക്കിയാണ് സര്‍ക്കാര്‍ ലക്ഷ്യം കണ്ടത്.

നിയമം പാസാക്കിയ അന്ന് മുതല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും കര്‍ഷകരും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തിയ പ്രക്ഷോഭങ്ങളുടെ ഏറ്റവും വലിയ വിജയം കൂടിയാണ് ഈ തീരുമാനം. ഒരു വര്‍ഷക്കാലമായി നമ്മുടെ കൃഷിക്കാര്‍ തെരുവിലാണ്; എല്ലാ പ്രതികൂലമായ കാലാവസ്ഥയെയും കോവിഡ് മഹാമാരിയുടെ ദുരന്തങ്ങളെയും അതിജീവിച്ചാണ് ഒരു വര്‍ഷത്തെ ത്യാഗപൂര്‍ണമായ സമരം. പാര്‍ലമെന്റിന് അകത്തു തന്നെ എല്ലാ സമ്മേളന കാലയളവും നിരന്തരം പ്രക്ഷുബ്ധമാക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.

പാര്‍ലമെന്റിലേക്കും പഞ്ചാബിലും ഹരിയാനയിലും കേരളത്തിലും ഉള്‍പ്പെടെ ട്രാക്ടര്‍ റാലി നടത്തി രാഹുല്‍ഗാന്ധി തന്നെ നേരിട്ട് ഈ പ്രക്ഷോഭത്തെ പിന്തുണച്ച് മുന്നോട്ടുവന്നു; ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ നേതാക്കളും സംഘടനകളും രാജ്യവ്യാപകമായി ഒരുമിച്ചു നിന്നു. പഞ്ചാബിലും ഹരിയാനയിലും ഒതുക്കി നിന്ന പ്രക്ഷോഭം ഡല്‍ഹിയിലേക്കുള്‍പ്പെടെ വ്യാപിച്ചത് 2020 ഒക്‌ടോബര്‍ ആദ്യവാരം പഞ്ചാബില്‍ രാഹുല്‍ഗാന്ധി നയിച്ച ട്രാക്ടര്‍ റാലിയോടെയായിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുമെന്ന് അന്ന് തന്നെ രാഹുല്‍ഗാന്ധി മുന്നറിയിപ്പ് നല്‍കിയതുമാണ്.

കരിനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് മോദി സര്‍ക്കാര്‍ കാണിച്ചതെങ്കില്‍ ഒരു കാരണവശാലും സമരം പിന്‍വലിക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു കര്‍ഷക പോരാളികള്‍. ധിക്കാരപരമായ നിലപാട് മോദി സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍, എഴുന്നൂറിലേറെ കര്‍ഷകരുടെ ജീവനാണ് ബലി നല്‍കേണ്ടി വന്നത്. എഴുന്നൂറിലേറെ പേരുടെ ജീവന്‍ അപഹരിക്കാന്‍ സാഹചര്യം ഉണ്ടാക്കിയത് ബിജെപി സര്‍ക്കാര്‍ മാത്രമാണ്. ഇത്രയേറെ ജീവന്‍ നഷ്ടപ്പെട്ട, പാര്‍ലമെന്റി്‌ന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയ, കുത്തക പ്രീണന നിയമം പാസാക്കാന്‍ കോടികള്‍ ചെലവിട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി തന്നെ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
Recommended Video

ഇപ്പോള്‍ ധൃതിപ്പെട്ട് നിയമങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ ഭീതിയുമാണ് ഈ കര്‍ഷകര്‍ക്ക് കീഴടങ്ങാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കിയത്. ഈ ഉജ്ജ്വലമായ പോരാട്ട വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്ത്യയിലെങ്ങും പ്രകടനം നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഘടകങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് ജനാധിപത്യത്തിന്റെ, സമാധാനപരമായ സഹന സമരത്തിന്റെ, ഇന്ത്യയിലെ കൃഷിക്കാരുടെ അര്‍പ്പണബോധത്തിന്റെ വിജയമാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും വിരട്ടി നിര്‍ത്തി ഭരിക്കാമെന്നും ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്നും കരുതുന്ന ഏകാധിപത്യ ശൈലി അധികകാലം തുടരാനാവില്ലെന്ന് രാജ്യം നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണ് ഈ വിജയം''.












Click it and Unblock the Notifications