കെജ്രിവാളിനെതിരെ ആക്രമണം; ഇതും ബിജെപിയെന്ന് എഎപി
ഭിവാനി: ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന അവസ്ഥയിലാണ് ആം ആദ്മി പാര്‍ട്ടിക്കാരുടെ ആരോപണങ്ങള്‍. ഹരിയാനയിലെ ഭിവാനിയില്‍ ആപ്പ് കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരെ ഉണ്ടായ കൈയ്യേറ്റ ശ്രമത്തിന് പിന്നിലും ബി ജെ പിയാണ് എന്നാണ് എ എ പി ആരോപിക്കുന്നത്. ആപ്പിന്റെ വക്താവായ അശുതോഷാണ് ഈ ആരോപണം ഉന്നയിച്ചത്.
ഭിവാനിയില്‍ തിരഞ്ഞെടുപ്പ് പ്രതാരണത്തിനിടെ കെജ്രിവാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് അടുത്തെത്തിയാണ് അജ്ഞാതനായ ഒരാള്‍ കെജ്രിവാളിനെ അടിക്കാന്‍ ശ്രമിച്ചത്. തന്റ കഴുത്തിന് അടിക്കുകയായിരുന്നു എന്ന് കെജ്രിവാള്‍ ട്വിറ്ററില്‍ അറിയിച്ചു. ആം ആദ്മി പ്രവര്‍ത്തകര്‍ ശാന്തരായിരിക്കണമെന്നും കെജ്രിവാള്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റിലൂടെ ആവശ്യപ്പെട്ടു. ആക്രമണത്തില്‍ കെജ്രിവാളിന് പരിക്കൊന്നുമില്ല.

എന്നാല്‍ സംഭവസ്ഥലത്ത് വെച്ച് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമിയെ ക്രൂരമായി മര്‍ദിച്ചതായി വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആപ്പ് പ്രവര്‍ത്തകരുടെ അടിയേറ്റ് അവശനായ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ആപ്പ് പ്രവര്‍ത്തകരുടെ പെരുമാറ്റത്തില്‍ കെജ്രിവാള്‍ ഖേദം പ്രകടിപ്പിച്ചു. വെള്ളിയാഴ്ച ഹരിയാനയിലെ പാര്‍ട്ടി പ്രചാരണത്തിനിടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം വാരണാസിയിലെ പ്രചാരണ പരിപാടിക്കിടെ ഒരാള്‍ കെജ്രിവാളിന്റെ മേല്‍ മഷി കുടഞ്ഞിരുന്നു. ഇതും ബി ജെ പിക്കാരാണ് എന്നാണ് ആം ആദ്മി പാര്‍ട്ടിക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ആപ്പിന്റെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ഇതെല്ലാമെന്നാണ് ബി ജെ പിയുടെ പ്രതികരണം.












Click it and Unblock the Notifications