ദില്ലി മദ്യ അഴിമതി കേസിലെ പ്രധാന കണ്ണി; ആരാണ് അറസ്റ്റിലായ അരുൺ പിള്ള?
ഇൻഡോസ്പിരിറ്റ്‌സ് നേടിയെന്ന് പറയപ്പെടുന്ന 68 കോടി രൂപയുടെ ലാഭത്തിൽ നിന്നും 29 കോടിയോളം തുക അരുണിന്റെ അക്കൗണ്ടിലേക്ക് കൈമാറിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്

ദില്ലി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ അരുൺ രാമചന്ദ്ര പിള്ള മദ്യനയ അഴിമതിക്കേസിൽ ഏറ്റവും പ്രധാന കണ്ണിയെന്ന് ഇഡി.ദക്ഷണിന്ത്യൻ മദ്യ നിർമ്മാതാക്കളുടെ ഗ്രൂപ്പായ ഇൻഡോസ്പിരിറ്റിന്റെ മുൻനിരക്കാരനാണ് പിള്ളയെന്നും ഇഡി പറഞ്ഞു. ഇയാളുമായി അടുത്ത കേന്ദ്രങ്ങൾ നേരത്തേ ഇഡി പരിശോധിക്കുകയും ആസ്തികൾ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ദക്ഷിണേന്ത്യൻ മദ്യ നിർമ്മാതാക്കളുടെ ഗ്രൂപ്പിലെ പ്രധാനിയാണ് അരുൺ എന്നാണ് ഇഡി ആരോപിക്കുന്നത്.ഇൻഡോസ്പിരിറ്റിന്റെ 32.5% ഓഹരി ഇയാളുടേതാണെന്നും ഇഡി പറയുന്നു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം 2021-22 ലെ ഡൽഹി എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അരുൺ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് സി ബി ഐയും പറയുന്നു.
കാർട്ടലൈസേഷനിലൂടെ ഇൻഡോസ്പിരിറ്റ്‌സ് നേടിയെന്ന് പറയപ്പെടുന്ന 68 കോടി രൂപയുടെ ലാഭത്തിൽ നിന്നും 29 കോടിയോളം തുക അരുണിന്റെ അക്കൗണ്ടിലേക്ക് കൈമാറിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.. അരുൺ ഒരു ചാനൽ ഉടമയ്ക്ക് 4.75 കോടി രൂപയും കേസിൽ അറസ്റ്റിലായ മറ്റ് പ്രതികളിലൊരാളായ അഭിഷേക് ബോയിൻപള്ളിക്ക് 3.85 കോടി രൂപയും നൽകിയതായി ഇഡി ആരോപിക്കുന്നു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ മകള്‍ കെ.കവിതയുടെ ബിനാമിയാണ് അരുൺ പിള്ളയെന്നാണ് ഇഡി സംശയിക്കുന്നത്. ഇൻഡോസ്പിരിറ്റ്‌സിലെ അരുണിന്റെ ഓഹരിയുടെ യഥാർത്ഥ ഉടമ കവിതയാണെന്നാണ് ഇഡി ആരോപിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് അരുണിന്റെ ഹൈദരാബാദിലെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. തുടർന്ന് 2.25 കോടിയുടെ ആസ്തി കണ്ടുകെട്ടിയിരുന്നു.












Click it and Unblock the Notifications