'കോൺഗ്രസ് 80 സീറ്റിന് മുകളിൽ ലഭിക്കില്ല'; അമിത ആത്മവിശ്വാസം,വീണ്ടും കെജിഎഫ് ബാബു
കോൺഗ്രസിന് അമിത ആത്മവിശ്വാസമാണെന്നും പാർട്ടി കർണാടകത്തിൽ 80 സീറ്റിനപ്പുറം കടക്കില്ലെന്നും ആവർത്തിച്ച് മുൻ കോൺഗ്രസ് നേതാവ് കെജിഎഫ് ബാബു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിൻരെ പേരിൽ ബാബുവിനെ കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്താക്കിയിരുന്നു. പിന്നാലെയാണ് വീണ്ടും വിമർശനം.
കോൺഗ്രസ് ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഉത്സാഹമുള്ള യഥാർത്ഥ പാർട്ടി പ്രവർത്തകരെ കോൺഗ്രസ് അവഗണിക്കുകയാണെന്നും ബാബു കുറ്റപ്പെടുത്തി. ചേരികളിലെ ജനങ്ങളുടെ ഉന്നമനത്തിനായി 300 കോടിയിലധികം ചെലവഴിക്കാൻ താൻ തയ്യാറാണെന്നും ചേരിയിലുള്ളവർക്ക് വീടുകൾ നിർമിച്ചു നൽകുമെന്നും ഇയാൾ പറഞ്ഞു.

'ജനങ്ങൾക്ക് വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കാൻ ഞാൻ തയ്യാറാണ് എന്നത് ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കട്ടെ. എന്നാൽ കോൺഗ്രസ് യഥാർത്ഥ പ്രവർത്തകരെ പരിഗണിക്കുന്നില്ലെന്നത് ഖേകരമാണ്. എന്റെ കുടുംബം മുഴുവൻ പിന്തുടരുന്ന പാർട്ടിയായിട്ടും കോൺഗ്രസ് എന്നെ പരിഗണിക്കാതിരുന്നത് നിർഭാഗ്യകരമാണ്', കെജിഎഫ് ബാബു പറഞ്ഞു. കെ ജി എഫ് ബാബു എന്ന യൂസുഫ് ശെരീഫിനെ കഴിഞ്ഞ ദിവസമായിരുന്നു കോൺഗ്രസ് പുറത്താക്കിയത്. കോൺഗ്രസിന് വിജയിക്കാനാകില്ലെന്നും കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ 80 സീറ്റിനപ്പുറം കടക്കില്ലെന്നുമായിരുന്നു ഇയാൾ പറഞ്ഞത്.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രജധ്വനി ബസ് യാത്രയ്ക്ക് ബെലഗാവിയിൽ പാർട്ടി തുടക്കം കുറിച്ചു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ എന്നിവരാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് യാത്ര. ഉത്തര കർണാടക മണ്ഡലങ്ങളിലുള്ള യാത്രയ്ക്ക് സിദ്ധരാമയ്യയും ദക്ഷിണ കർണാടകയിലുള്ള യാത്രയ്ക്ക് സിദ്ധരാമയ്യയും നേതൃത്വം നൽകും. ബിജെപി സർക്കാരിന്റെ അഴിമതിയും ദുർഭരണവും സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ടസംസ്ഥാനത്തെ ബി ജെ പി സർക്കാരിനെതിരെ ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽ കുറ്റപത്രം സമർപ്പിക്കുകയാണ് ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്. സംസ്ഥാന സർക്കാർ അഴുമതിയിൽ മുങ്ങി കുളിച്ച് നിൽക്കുകയാണ്. ബി ജെ പി വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്.കള്ളക്കേസുകൾ ചുമത്തി ഭയം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്', സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

കർണാടകത്തിന്റെ ശാപമാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ എന്ന് കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. ബിജെപി കർണാടകയെ അഴിമതിയുടെ തലസ്ഥാനമാക്കി മാറ്റിയിരിക്കുകയാണ്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്, ജനങ്ങൾക്ക് സദ്ഭരണം നൽകണം.അവർക്ക് സർക്കാരിൽ വിശ്വാസമുണ്ടാകണം, അതിനാൽ മികച്ച ഭരണം വാഗ്ദാനം ചെയ്താണ് ഞങ്ങൾ ഈ യാത്ര നടത്തുന്നത്', ഡികെ ശിവകുമാർ പറഞ്ഞു.












Click it and Unblock the Notifications