അമിത് ഷാ സാക്ഷിയായി ഹാജരായ നരോദ ഗാം കേസ്, കൊല്ലപ്പെട്ടത് 11 പേർ, അറിയാം ഞെട്ടിച്ച കൂട്ടക്കൊലയെ കുറിച്ച്
ദില്ലി: നരോദ ഗാം കൂട്ടക്കൊലക്കേസില്‍ മുന്‍ ബിജെപി മന്ത്രി മായ കോട്‌നാനി അടക്കമുളള 69 പ്രതികളേയും കോടതി വെറുതെ വിട്ടിരിക്കുകയാണ്. 2002ലെ ഗുജറാത്ത് കലാപകാലത്ത് നടന്ന ഒന്‍പത് കലാപങ്ങളില്‍ ഒന്നാണ് അഹമ്മദാബാദിലെ നരോദ ഗാമിലേത്. 11 മുസ്ലീംങ്ങളാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.
സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘമായിരുന്നു നരോദ ഗാം കൂട്ടക്കൊലക്കേസ് അന്വേഷിച്ചത്. 86 പേരായിരുന്നു കേസിലെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. വിചാരണ കാലയളവില്‍ 18 പേര്‍ മരണപ്പെട്ടു. ബിജെപി നേതാവ് മായ കോട്‌നാനിയെ കൂടാതെ ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗി, വിഎച്ച്പി നേതാവ് ജയ്ദീപ് പട്ടേല്‍, അന്നത്തെ നരോദാ പോലീസ് ഇന്‍സ്‌പെക്ടര്‍ വിഎസ് ഗോഹില്‍ അടക്കമുളളവരും ഈ കലാപക്കേസില്‍ പ്രതികളാണ്.

ഗുജറാത്ത് കലാപകാലത്ത് നടന്ന നരോദ പാ്ട്യ കേസില്‍ 2012ല്‍ മായ കോട്‌നാനിയേയും ബജ്രംഗിയേയും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. മായ കോട്‌നാനിക്ക് 28 വര്‍ഷം ശിക്ഷയും വിധിക്കപ്പെട്ടു. എന്നാല്‍ 2018ല്‍ ഗുജറാത്ത് ഹൈക്കോടതി മായ കോട്‌നാനിയെ കുറ്റവിമുക്തയാക്കി. നരോദ ഗാം കേസില്‍ കോട്‌നാനി അടക്കമുളള എല്ലാ പ്രതികളും ജാമ്യം നേടി പുറത്താണ് ഉളളത്.
ഈ കേസില്‍ 182 പ്രോസിക്യൂഷന്‍ സാക്ഷികളെ ആണ് വിസ്തരിച്ചത്. 2017 സെപ്റ്റംബറില്‍ അന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ആയിരുന്ന ഇന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായെ മായ കോട്‌നാനിയുടെ സാക്ഷിയായി വിസ്തരിച്ചിരുന്നു. കൂട്ടക്കൊല നടന്ന 2002 ഫെബ്രുവരി 28ന് അന്നത്തെ മോദി സര്‍ക്കാരിലെ മന്ത്രി ആയിരുന്ന മായ കോട്‌നാനിയെ രാവിലെ എട്ടരയോടെ ഗുജറാത്ത് നിയമസഭയിലും പതിനൊന്ന് മണിയോടെ സോള സിവില്‍ ആശുപത്രിയിലും കണ്ടിരുന്നു എന്നാണ് അമിത് ഷാ മൊഴി നല്‍കിയത്.
കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ നരോദ ഗാമില്‍ ഉണ്ടായിരുന്നില്ല എന്ന മായ കോട്‌നാനിയുടെ അവകാശവാദത്തിന് ബലം നല്‍കുന്നതായിരുന്നു അമിത് ഷായുടെ മൊഴി. സ്ഥലത്ത് മായ കോട്‌നാനി ഉണ്ടായിരുന്നു എന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. 2010ലാണ് നരോദ ഗാം കൂട്ടക്കൊലക്കേസിന്റെ വിചാരണ ആരംഭിച്ചത്. 13 വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുളള കോടതി വിധി വന്നിരിക്കുന്നത്.
അഹമ്മദാബാദിലെ നരോദ ഗാമിലുളള മുസ്ലിം മൊഹല്ല, കുംഭര്‍ വാസ് എന്നീ സ്ഥലങ്ങളിലുളള മുസ്ലീം വീടുകള്‍ ആള്‍ക്കൂട്ടം തീ വെയ്ക്കുകയും 11 മുസ്സീംങ്ങളെ ചുട്ട് കൊല്ലുകയും ചെയ്തു എന്നതാണ് നരോദ ഗാം കൂട്ടക്കൊലക്കേസ്. ഗുജറാത്ത് കലാപം അന്വേഷിച്ച ജസ്റ്റിസ് നാനവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ആക്രമിക്കപ്പെട്ട മുസ്ലീംങ്ങള്‍ക്ക് പോലീസില്‍ നിന്നും ഒരു സഹായവും കി്ട്ടിയില്ലെന്നാണ് ദൃക്‌സാക്ഷി മൊഴികള്‍ എന്നാണ്. വൈകിട്ടോടെ മാത്രമാണ് പോലീസ് കലാപത്തില്‍ ഇടപെട്ടത്. നരോദ്യ പാട്ട്യയിലെ കലാപം അടിച്ചമര്‍ത്തുന്ന തിരക്കില്‍ ആയതുകൊണ്ടാണ് നരോദ ഗാമിലെത്താന്‍ വൈകിയത് എന്നാണ് കമ്മീഷന് പോലീസുകാര്‍ നല്‍കിയ മൊഴി.












Click it and Unblock the Notifications