ആദ്യ യാത്രയിൽ തന്നെ മാലിന്യം നിറഞ്ഞ് വന്ദേഭാരത് സ്ലീപ്പർ; എല്ലാ ഇന്ത്യാക്കാർക്കും നാണക്കേട്
ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് സ്ലീപ്പറിൽ ഉദ്ഘാടന ദിവസം തന്നെ മാലിന്യം വലിച്ചെറിഞ്ഞ് യാത്രക്കാർ. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പുതിയ കോച്ചുകൾക്കകത്ത് ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും വലിച്ചെറിഞ്ഞ് വൃത്തികേടാക്കിയ നിലയിലുള്ള വീഡിയോയാണ് പുറത്തുവന്നത്. സീറ്റുകൾക്ക് താഴെയും ഇടനാഴിയിലുമെല്ലാം ഭക്ഷണപ്പൊതികളും പ്ലാസ്റ്റിക് മാലിന്യങ്ങളും ചിതറിക്കിടക്കുകയാണ്.
"നമുക്ക് ഇതുപോലെയുള്ള ആധുനിക സൗകര്യങ്ങൾ അർഹതപ്പെട്ടതാണോ?" എന്ന തലകെട്ടിൽ റെഡിറ്റിൽ ആണ് വീഡിയോ പ്രചരിക്കുന്നത്. "നമുക്ക് നല്ല സൗകര്യങ്ങൾ ലഭിക്കാൻ യോഗ്യതയില്ലേ?" എന്ന തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. വിദേശരാജ്യങ്ങളിലെ വൃത്തിയെ പുകഴ്ത്തുന്നവർ സ്വന്തം നാട്ടിലെ പൊതുമുതൽ നശിപ്പിക്കാൻ മടി കാണിക്കുന്നില്ലെന്ന് പലരും കുറ്റപ്പെടുത്തി.

അത്യാധുനികമായ സുരക്ഷാ സംവിധാനങ്ങളും യാത്രാസൗകര്യങ്ങളും ഒരുക്കി റെയിൽവേ മുന്നേറുമ്പോഴും, അത് കാത്തുസൂക്ഷിക്കാൻ പൗരന്മാർക്ക് സാധിക്കുന്നില്ല എന്നതാണ് ഏവരും ചൂണ്ടിക്കാട്ടുന്ന കാര്യം. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെയും മാലിന്യം തള്ളുന്നവർക്കെതിരെയും വിദേശ രാജ്യങ്ങളിലേതുപോലെ കടുത്ത പിഴയും ശിക്ഷയും ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
രാജ്യത്തെ അതിവേഗ ട്രെയിനായ വന്ദേഭാരതിന്റെ സ്ലീപ്പർ പതിപ്പ് കഴിഞ്ഞദിവസമാണ് സർവീസ് ആരംഭിച്ചത്. പശ്ചിമബംഗാളിലെ മാൾഡയിൽ നിന്ന് ഗുവാഹാട്ടിയിലെ കാമാഖ്യയിലേക്കാണ് സർവീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഈ റൂട്ടിൽ നിലവിലുള്ള എല്ലാ ട്രെയിനുകളേക്കാളും വേഗതയേറിയ ട്രെയിനാണ് വന്ദേഭാരത് സ്ലീപ്പർ.












Click it and Unblock the Notifications