യുപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് എട്ട് തവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ പുറത്ത്
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ പോളിംഗ് ബൂത്തില്‍ ബി ജെ പിക്ക് വേണ്ടി ഒരു യുവാവ് എട്ട് തവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് വീഡിയോ പുറത്ത് വിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഇത് എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായ നടപടിയെടുക്കും എന്ന് പ്രതീക്ഷിക്കുന്നതായും അഖിലേഷ് യാദവ് പറഞ്ഞു.
യുവാവ് തന്നെയാണ് ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയില്‍, യുവാവ് പോളിംഗ് ബൂത്തില്‍ മുകേഷ് രജ്പുത് എന്ന ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള ബട്ടണില്‍ നിരന്തരം അമര്‍ത്തുന്നതും താന്‍ എത്ര തവണ വോട്ട് ചെയ്തുവെന്ന് എണ്ണുന്നതും വ്യക്തമായി കാണാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങള്‍ അനുസരിച്ച്, ഒരു വ്യക്തിക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ വോട്ട് ചെയ്യാന്‍ കഴിയൂ.

കൂടാതെ പോളിംഗ് ബൂത്തിനകത്ത് ഫോണോ മറ്റ് ഇലക്ട്രോണിക് വസ്തുക്കളോ അനുവദിക്കില്ല. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് ചട്ട ലംഘനത്തിന് എന്തെങ്കിലും നടപടിയെടുക്കുമോ എന്ന് ചോദിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ നാലാം ഘട്ട വോട്ടെടുപ്പിനെയാണ് സംഭവം എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഇതേ തുടര്‍ന്ന് റീ പോൡഗ് നടത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. തങ്ങളുടെ പരാജയം മുന്നില്‍ കണ്ടുകൊണ്ട് ജനവിധി നിഷേധിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ജനാധിപത്യം കൊള്ളയടിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
അധികാരത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി ഭരണഘടനാപരമായ ഉത്തരവാദിത്തം മറക്കരുതെന്നാണ് തിരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കുന്ന എല്ലാ ഉദ്യോഗസ്ഥരില്‍ നിന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം, ഇന്ത്യാ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാലുടന്‍, 'ഭരണഘടനയുടെ സത്യപ്രതിജ്ഞ'യെ അവഹേളിക്കുന്നതിന് മുമ്പ് 10 തവണ ചിന്തിക്കുന്ന തരത്തില്‍ കര്‍ശന നടപടി സ്വീകരിക്കും,' രാഹുല്‍ പറഞ്ഞു.
അതിനിടെ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും വേഗത്തിലും കാര്യക്ഷമമായും നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും ഉത്തര്‍ പ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ വിവിധ മണ്ഡലങ്ങളില്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതുള്‍പ്പെടെയുള്ള വോട്ടെടുപ്പ് ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സമാജ് വാദി പാര്‍ട്ടി കുറ്റപ്പെടുത്തി.
തങ്ങളെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്‌തെന്നും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും സംഭാല്‍ ജില്ലയിലെ മുസ്ലീങ്ങള്‍ ആരോപിച്ചതായും എസ് പി കൂട്ടിച്ചേര്‍ത്തു. ലേഖിംപൂര്‍ ഖേരി ജില്ലയില്‍, സമാജ്വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നത്തില്‍ വിവിപാറ്റ് അമര്‍ത്തിയാലും ബിജെപി ചിഹ്നം കാണിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications