മോദിയുടെ വിജയമോ രാഹുൽ ഗാന്ധിയുടെ പരാജയമോ? എന്താണ് ലോക്സഭ തിരഞ്ഞെടുപ്പിൽ സംഭവിച്ചത്?
ദില്ലി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപി കോണ്‍ഗ്രസ് പോരാട്ടത്തിലുപരിയായി മോദിയും രാഹുലും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ഇത്തവണത്തെ വിജയം. മോദിക്കെതിരെ രാഹുല്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം നിഷ്പ്രഭമായ കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ കാണാനാകുന്നത്. പ്രധാനമായും മൂന്ന് വ്യത്യസ്ത മേഖലകളായാണ് ഈ തിരഞ്ഞെടുപ്പിലെ പ്രചരണം മുന്നോട്ട് പോയത്.
എല്‍ഡിഎഫ് പ്രചാരണം സഹായിച്ചത് കോണ്‍ഗ്രസിനെ; പരാജയം അപ്രതീക്ഷിതമെന്ന് കോടിയേരി

ബിജെപിയുടെ കര്‍ഷക പ്രീണനവും കോണ്‍ഗ്രസിന്റെ തൊഴിലില്ലായ്മയും
ഈ വര്‍ഷമാദ്യം തന്നെ കര്‍ഷകര്‍ക്കായി ബിജെപി നിരവധി ക്ഷേമ പദ്ധതികളാണ് അവതരിപ്പിച്ചത്. അതില്‍ ഒന്നാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം 6000 രൂപ മൂന്ന് ഘടുക്കളായി ചെറുകിട, നാമമാത്ര കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നത്. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങള്‍ കര്‍ഷക രോഷം കൊണ്ടു മാത്രമാണ് നഷ്ടപ്പെട്ടതെന്ന ബിജെപിയുടെ തിരിച്ചറിവാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കാന്‍ ബിജെപി സര്‍ക്കാരിനെ പ്രചോദിപ്പിച്ചത്. കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 150 മില്യണ്‍ വീടുകളാണ് പണി പൂര്‍ത്തിയാക്കിയത്. ഉജ്ജ്വല പദ്ധതിയുടെ ഭാഗമായി നിരവധി സ്ത്രീകള്‍ക്ക് പുക അടുപ്പുകളില്‍ നിന്നു ഗ്യാസ് അടുപ്പുകളിലേക്ക് മാറാന്‍ സാധിച്ചു. കൂടാതെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളും പിഎംകെഎസ്എന്‍വൈ അടക്കമുള്ള പദ്ധതികള്‍ ബിജെപി സര്‍ക്കാരിന് പിന്തുണയായി.

പുല്‍വാമ ഭീകരാക്രമണം
രണ്ടു പ്രധാന വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുമുണ്ടായത്. മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടി യുവാക്കളുടെ തൊഴിലില്ലായ്മയെ കുറിച്ചും ഗ്രാമീണ മേഖലയിലെ ദുരിതങ്ങളെ കുറിച്ചും റാഫേല്‍ കരാറിലെ അഴിമതിയെ കുറിച്ചും ഊന്നിപ്പറഞ്ഞു.
എന്നാല്‍ ഫെബ്രുവരി 14ല്‍ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സ്‌ഫോടനമുണ്ടായതോടെ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞു. സ്‌ഫോടനത്തില്‍ 40 സിആര്‍പിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്. 12 ദിവസത്തിന് ശേഷം ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് പാകിസ്താനിലെ ബാലക്കോട്ടില്‍ വ്യോമാക്രമണം നടത്തി. തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രധാന വിഷയമായി ബാലക്കോട്ട് മാറി. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പരാജയപ്പെട്ട ബിജെപിക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം കൈത്താങ്ങായി.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം
മാര്‍ച്ച് 10 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുകയും മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തു. ദേശീയതയും ദേശീയ സുരക്ഷയുമായിരുന്നു ബിജെപിയുടെ പ്രധാന പ്രചരണായുധങ്ങള്‍. ഇതോടെ രാജ്യത്തെ നിരവധി പ്രശ്‌നങ്ങള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അപ്രസക്തമായി

സര്‍ജിക്കല്‍ സ്ട്രൈക്കും പുല്‍വാമയും
പുല്‍വാമ ആക്രമണത്തിലും ബാലക്കോട്ട് ആക്രമണത്തിലും കോണ്‍ഗ്രസിന്റെ പ്രതികരണം ദുര്‍ബലമായിരുന്നു. ആക്രമണങ്ങള്‍ക്ക് തെളിവ് ചോദിച്ചതിന് പുറമേ തങ്ങളുടെ കാലത്ത് 3 സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതായി കോണ്‍ഗ്രസ് അവകാശപ്പെട്ടു. ദേശീയ സുരക്ഷയെ കുറിച്ചുള്ള പ്രതികരണം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി.

കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയും ദേശീയതയും
ആദ്യ വോട്ടെടുപ്പ് നടക്കുന്നതിന് നാല് ദിവസം മുന്‍പ് അതായത് ഏപ്രില്‍ 7ന് ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആദ്യ പോസിറ്റീവ് പ്രചരണം ന്യായ് പദ്ധതിയുമായി കോണ്‍ഗ്രസ് ആരംഭിച്ചു. മാര്‍ച്ച് 25ന് പ്രഖ്യാപിച്ച പദ്ധതി പ്രകാരം രാജ്യത്തെ 20 ശതമാനമാളുകള്‍ക്ക് വര്‍ഷത്തില്‍ 72,000 രൂപ അക്കൗണ്ടിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. 1971ലെ ഗരീബി ഹഠാവോ പദ്ധതിയുമായി ഈ പദ്ധതിക്ക് സാമ്യമുണ്ടായിരുന്നു. അടിസ്ഥാനപരമായ മിനിമം വരുമാനം ഉറപ്പാക്കുന്നതിലുപരിയായി ബിജെപിയുടെ അന്യായത്തിനെതിരെയുള്ള പോരാട്ടം കൂടിയായിരുന്നു ന്യായ് പദ്ധതി.

കള്ളനായ കാവല്‍ക്കാരനും ബോഫോഴ്‌സ് കള്ളനും
ന്യായ് പദ്ധതിക്കെതിരെ ബിജെപി ദേശീയത ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്തിയപ്പോള്‍ ആശങ്കാകുലനായ രാഹുല്‍ഗാന്ധി ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യവുമായി മുന്നോട്ട് വന്നു. കൂടാതെ സുപ്രീംകോടതിയെ വരെ ഇവരുടെ രാഷ്ട്രീയ പോരാട്ടത്തിലേക്ക് ഇടപെടുത്തി. കോടതിയില്‍ നിന്നും കനത്ത വിമര്‍ശനം നേരിട്ട രാഹുലിന് കോടതി അലക്ഷ്യ നോട്ടീസും കോടതിയോട് മാപ്പ് പറയാനും നിര്‍ബന്ധിതനായി.

ചൗക്കീദാര്‍ ക്യാമ്പെയിന്‍
അതേസമയം രാഹുലിന്റെ ചൗക്കീദാര്‍ ക്യാംപെയിന്‍ തന്നെ ഏറ്റെടുത്ത് മോദി പുനര്‍നാമകരണം ചെയ്ത് മേം ഭീ ചൗക്കീദാര്‍ ഹെ എന്നാക്കി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചു. മെയ് 16ന് തുടങ്ങിവെച്ച ക്യാംപെയിനില്‍ ലക്ഷക്കണക്കിന് ആളുകള്‍ അണി ചേര്‍ന്നു. ബിജെപി മന്ത്രിമാരും നിരവധി നേതാക്കളും അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ മേം ഭീ ചൗക്കീദാര്‍ മുദ്രാവാക്യം ചേര്‍ത്തു.

വിവാദങ്ങള്‍ ഒഴിയാത്ത തിരഞ്ഞെടുപ്പ് കാലം
അവസാനം രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള പ്രതാപ്ഗഡിലെ പ്രചരണത്തില്‍ രാഹുല്‍ ഗാന്ധിയുടെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ചു. 1978ലെ ബോഫോഴ്‌സ് കേസില്‍ രാജീവ് ഗാന്ധിയുടെ പങ്കിനെ കുറിച്ച് ജനങ്ങളെ ഓര്‍മിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം നടന്ന സിഖ് കൂട്ടക്കൊലയെ ഓര്‍മിപ്പിച്ചു. ഇന്ത്യയുടെ യുദ്ധക്കപ്പല്‍ അവധിക്കാലത്ത് സ്വകാര്യ ആവശ്യത്തിന് രാഹുലും കുടുംബവും ഉപയോഗിച്ചതായി ആരോപിച്ചു.

വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്
കോണ്‍ഗ്രസിനെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ ഒരു തലത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശ്രമിച്ചപ്പോള്‍ കൂടെയുള്ളവര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് ശ്രമിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് സാം പിത്രോഡയുടെ കഴിഞ്ഞതൊക്കെ കഴിഞ്ഞുവെന്ന പരാമര്‍ശം തന്നെ ഉദാഹരണം.

പോരാട്ടം ഒറ്റക്കായെന്ന്
ചുരുക്കത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഒറ്റയ്ക്ക് രാഹുലിന്റെ തലയില്‍ കെട്ടിവെച്ചത് കൊണ്ട് മാത്രം കാര്യമില്ല. രാജ്യത്തെ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടി തുടക്കത്തില്‍ പ്രചരണം നടത്തിയ കോണ്‍ഗ്രസ് അവസാന ഘട്ടത്തിലെത്തിയപ്പോഴേക്കും അപവാദങ്ങളെ അതിജീവിക്കാന്‍ വിയര്‍ക്കേണ്ടി വന്നു. മാത്രമല്ല ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ രാഹുല്‍ ഒറ്റയ്ക്കായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.