സ്വയംപര്യാപ്തവും സുസ്ഥിരവുമായ കാർഷിക ഭാവിക്ക് കരുത്തായി ഇഫ്കോ
ഒരു സാധാരണ വളം നിർമ്മാണ സ്ഥാപനമെന്നതിലുപരി, കർഷകരെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു സഹകരണ പ്രസ്ഥാനമായാണ് ഇഫ്കോ ഇന്ന് അറിയപ്പെടുന്നത്. വർഷങ്ങളായി ഇന്ത്യൻ കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമത ഉയർത്താനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും കർഷകർക്ക് കുറഞ്ഞ ചെലവിൽ മികച്ച കാർഷിക പരിഹാരങ്ങൾ എത്തിക്കാനുമാണ് ഇഫ്കോ പ്രവർത്തിച്ചു വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ വളം സഹകരണ സ്ഥാപനങ്ങളിലൊന്നായി വളർന്ന ഇഫ്കോ, ഇന്ന് സുസ്ഥിര കൃഷിയിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ നിർണായക പങ്കാളിയായി മാറിക്കഴിഞ്ഞു.

ഇന്ത്യയിലെ വളം മേഖല വലിയ വെല്ലുവിളികളാണ് നേരിടുന്നത്. അസംസ്കൃത വസ്തുക്കളുടെ ആഗോള വിലവർധനവ്, ഇറക്കുമതിയിലുള്ള ആശ്രിതത്വം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, രാസവളങ്ങളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ കാർഷിക മേഖലയെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കർഷകർക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ എത്തിക്കാനും ഉൽപ്പാദന ചെലവ് നിയന്ത്രിക്കാനും വലിയ ശ്രമങ്ങളാണ് ഇഫ്കോ നടത്തുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സഹകരണ ശൃംഖലയാണ് ഇഫ്കോയുടെ ഏറ്റവും വലിയ ശക്തി. ഗ്രാമങ്ങളിലേക്കും കർഷകരുടെ വീടുകളിലേക്കും നേരിട്ട് എത്തുന്ന ഈ ശൃംഖല വഴി കാർഷിക ഉൽപ്പന്നങ്ങൾ മാത്രമല്ല, ആധുനിക കൃഷിരീതികളെക്കുറിച്ചുള്ള അറിവും സാങ്കേതിക മാർഗനിർദേശങ്ങളും കർഷകർക്ക് ലഭ്യമാക്കുന്നു. “കർഷകൻ ആദ്യം” എന്ന ആശയം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനരീതിയാണ് ഇഫ്കോയെ മറ്റു സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
ഇഫ്കോ ചെയർമാനായ ദിലീപ് സംഗനിയുടെ നേതൃത്വത്തിൽ സ്ഥാപനം കൂടുതൽ സുസ്ഥിരവും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ കാർഷിക മാതൃകയിലേക്കാണ് നീങ്ങുന്നത്. ഗ്രാമീണ വികസനം, സ്വയംപര്യാപ്തത, കർഷക ശാക്തീകരണം എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത അദ്ദേഹം പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യൻ കാർഷിക മേഖലയെ ആഗോളതലത്തിൽ മത്സരക്ഷമമാക്കുകയും അതേസമയം കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.
ഇഫ്കോയുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ് നാനോ യൂറിയയും നാനോ ഡിഎപിയും അവതരിപ്പിച്ചതാണ്. പരമ്പരാഗത വളങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവിൽ ഉപയോഗിച്ചാലും മികച്ച ഫലം നൽകുന്ന ഈ നൂതന വളങ്ങൾ കാർഷിക മേഖലയിലെ വലിയ മാറ്റമായി വിലയിരുത്തപ്പെടുന്നു. മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും ജലമലിനീകരണം കുറയ്ക്കാനും വളത്തിന്റെ പാഴ് ചെലവ് ഒഴിവാക്കാനും നാനോ വളങ്ങൾ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അതോടൊപ്പം ഗതാഗത ചെലവും സംഭരണച്ചെലവും കുറയ്ക്കാൻ കഴിയുന്നതും നാനോ വളങ്ങളുടെ പ്രത്യേകതയാണ്. വലിയ ചാക്കുകളിലായി വളം കൊണ്ടുപോകേണ്ട സാഹചര്യം കുറയുന്നതോടെ കാർബൺ ഉദ്വമനവും കുറയ്ക്കാൻ സാധിക്കും. പരിസ്ഥിതി സൗഹൃദ കൃഷിയിലേക്കുള്ള ഇന്ത്യയുടെ നീക്കത്തിൽ ഇത്തരം നവീകരണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
'ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി വളം മേഖലയിലെ സ്വയംപര്യാപ്തതക്കും കൂടുതൽ പ്രാധാന്യം ലഭിക്കുന്നുണ്ട്. ചരിത്രപരമായി ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ഈ മേഖലയിൽ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ ഇഫ്കോ നടത്തുന്ന നിക്ഷേപങ്ങൾ ശ്രദ്ധേയമാണ്. തദ്ദേശീയ ഉൽപ്പാദന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ഗവേഷണ-വികസന രംഗത്തും സ്ഥാപനം കൂടുതൽ ശ്രദ്ധ ചെലുത്തുന്നു.
ഇന്ത്യൻ കൃഷിയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന് സാങ്കേതിക വിദ്യയുടെ പങ്ക് നിർണായകമാണെന്ന നിലപാടിലാണ് ഇഫ്കോ. മണ്ണിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ, വിള പോഷണം, സന്തുലിത വളപ്രയോഗം, ജലസംരക്ഷണം എന്നിവയെക്കുറിച്ച് കർഷകർക്ക് ബോധവൽക്കരണം നൽകുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും പരിശീലന പദ്ധതികളും സ്ഥാപനം വ്യാപകമായി ഉപയോഗിക്കുന്നു.
സുസ്ഥിര കാർഷിക വികസനം വിളവെടുപ്പ് വർധിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുക, മണ്ണിന്റെ ആരോഗ്യം നിലനിർത്തുക, കാർബൺ ഉദ്വമനം കുറയ്ക്കുക, കർഷകർക്ക് ദീർഘകാല വരുമാന സ്ഥിരത ഉറപ്പാക്കുക എന്നിവയും അതിന്റെ ഭാഗമാണെന്ന് ഇഫ്കോ വ്യക്തമാക്കുന്നു. അതിനാലാണ് ഊർജക്ഷമമായ ഉൽപ്പാദന സംവിധാനങ്ങൾ, പരിസ്ഥിതി സംരക്ഷണ പദ്ധതികൾ, സന്തുലിത വളപ്രയോഗം എന്നിവയ്ക്ക് സ്ഥാപനം കൂടുതൽ പ്രാധാന്യം നൽകുന്നത്.
ഇന്ത്യ കാർഷിക മേഖലയെ കൂടുതൽ ആധുനികവും സുസ്ഥിരവുമായ രീതിയിലേക്ക് മാറ്റാൻ ശ്രമിക്കുന്ന ഈ ഘട്ടത്തിൽ, ഇഫ്കോ പോലുള്ള സ്ഥാപനങ്ങളുടെ പങ്ക് കൂടുതൽ നിർണായകമാകുകയാണ്. സാങ്കേതിക നവീകരണവും സഹകരണ മൂല്യങ്ങളും കർഷക ക്ഷേമവും ഒരുമിപ്പിച്ച് ഭാവിയിലെ ഇന്ത്യൻ കാർഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള ദൗത്യത്തിലാണ് ഇഫ്കോ മുന്നേറുന്നത്.
ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ പ്രധാന്യമാർജിക്കുന്ന ഇന്നത്തെ ലോകത്ത്, സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ കാർഷിക മാതൃകകൾക്കാണ് കൂടുതൽ ആവശ്യകത. ആ മാറ്റത്തിന്റെ ഭാഗമായിത്തന്നെ, കർഷകരുടെ വിശ്വാസവും നവീകരണവും കൈമുതലാക്കി ഇന്ത്യൻ കാർഷിക രംഗത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇഫ്കോ നിർണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications