'എന്‍ഡിഎ സഖ്യകക്ഷികളും പ്രതിപക്ഷ നിരയിലേക്ക്': മുംബൈ യോഗത്തോടെ ചിത്രം വ്യക്തമാകുമെന്ന് കോണ്‍ഗ്രസ്
മുംബൈ: നിർണ്ണായക അജണ്ടകളുമായി പ്രതിപക്ഷ മഹാസഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ ചേരുന്നു. സഖ്യത്തിന്റെ പുതിയ ലോഗോ, സീറ്റ് പങ്കിടൽ , മുന്നണി കണ്‍വീനർ, ഏകോപന സമിതി തുടങ്ങിയ കാര്യത്തില്‍ മുംബൈ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് നേതാക്കളുമായി ബന്ധപ്പെട്ട വ്യത്തങ്ങള്‍ അറിയിക്കുന്നത്.
ഓഗസ്റ്റ് 31 ന് ആരംഭിക്കുന്ന ദ്വിദിന യോഗത്തില്‍ 26 പാർട്ടികളുടെ പ്രമുഖ നേതാക്കള്‍ക്ക് പുറമെ ഏതാനും പ്രാദേശിക പാർട്ടികളുടെ നേതാക്കളും പങ്കെടുത്തേക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. "അടുത്ത വർഷത്തെ പൊതു തിരഞ്ഞെടുപ്പിനുള്ള ഇന്ത്യൻ ബ്ലോക്കിന്റെ തന്ത്രങ്ങൾ ഞങ്ങൾ മുംബൈയിൽ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും." എന്നാണ് ഭരണകക്ഷിയായ ബി ജെ പിയെ എതിർക്കുന്ന വിവിധ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്.

" യോഗത്തില്‍ സീറ്റ് വിഭജനം പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും മറ്റ് നിരവധി അജണ്ടകൾക്ക് അന്തിമരൂപം നൽകുകയും ചെയ്യും. കുറച്ച് രാഷ്ട്രീയ പാർട്ടികൾ കൂടി ഞങ്ങളുടെ സഖ്യത്തിൽ ചേരും. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പാർട്ടികളെ ഒന്നിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആ ദിശയിലാണ് ഞാൻ പ്രവർത്തിക്കുന്നത്. അല്ലാതെ എനിക്ക് വ്യക്തിപരമായി ഒരു ആഗ്രഹവുമില്ല," അദ്ദേഹം പറഞ്ഞു.
അതേസമയം, മുംബൈയിൽ നടക്കുന്ന യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും പങ്കെടുക്കുമെന്ന് പാർട്ടിയുടെ മഹാരാഷ്ട്ര ഘടകം പ്രസിഡന്റ് നാനാ പടോലെ തിങ്കളാഴ്ച അറിയിച്ചു.
ഇന്ത്യൻ സഖ്യത്തിന്റെ മൂന്നാം യോഗത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചതായി എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.
പട്നയിലും ബെംഗളൂരുവില്‍ നടന്ന യോഗത്തിന് ശേഷമാണ് ആഗസ്ത് 31, സെപ്റ്റംബർ 1 തീയതികളിൽ സബർബൻ മുംബൈയിലെ ഒരു ആഡംബര ഹോട്ടലിൽ നേതാക്കള്‍ വീണ്ടും ഒത്തുകൂടുന്നത്. ജൂലൈ പകുതിയോടെ ബെംഗളൂരുവിൽ നടന്ന രണ്ടാമത്തെ യോഗത്തിലായിരുന്നു ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്ന പേര് സഖ്യത്തിന് തീരുമാനിച്ചത്.
അതേസമയം, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ബ്ലോക്കിലെ 4 മുതൽ 5 വരെ രാഷ്ട്രീയ പാർട്ടികൾ ഇന്ത്യൻ സഖ്യവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരിൽ ചിലർ വരും ദിവസങ്ങളിൽ പ്രതിപക്ഷ ബ്ലോക്കിൽ ചേരുമെന്നുമാണ് കോൺഗ്രസ് പാർട്ടി അവകാശപ്പെടുന്നത്.












Click it and Unblock the Notifications