'2024 ലും മോദി തന്നെ അധികാരത്തില്‍ വരും': ബിജെപിക്ക് എത്ര സീറ്റുകള്‍ ലഭിക്കും? സർവ്വേ പറയുന്നത്
ഡല്‍ഹി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലൂടെ മോദി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ . ബി ജെ പി നയിക്കുന്ന എൻ ഡി എ 43 ശതമാനം വോട്ട് ഷെയറോടെ 306 സീറ്റുകൾ നേടുമെന്നും ഇന്ത്യൻ സഖ്യത്തിന് 41 ശതമാനം വോട്ട് ഷെയറോടെ 193 സീറ്റുകൾ ലഭിക്കുമെന്നുമാണ് സർവ്വേയുടെ പ്രവചനം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 303ൽ നിന്ന് 13 എണ്ണം കുറഞ്ഞ് 287 സീറ്റുകളിലേക്ക് എത്തുമെങ്കിലും ബിജെപി ഇത്തവണയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയേക്കും. 2019ൽ എൻഡിഎയിലെ മറ്റ് കക്ഷികള്‍ 33 സീറ്റുകളായിരുന്നു നേടിയത്.
ബി ജെ പിയുടെ വോട്ട് വിഹിതം 2 ശതമാനം വർധിച്ച് ഏതാണ്ട് 39 ശതമാനത്തിലേക്ക് എത്താനാണ് സാധ്യത. കോൺഗ്രസും തങ്ങളുടെ വോട്ട് വിഹിതം രണ്ട് ശതമാനം വർധിപ്പിച്ച് 22 ശതമാനമാക്കുമെങ്കിലും ബിജെപിയുമായുള്ള വ്യത്യാസം ഏകദേശം 17 ശതമാനമായിരിക്കും. മറ്റ് പാർട്ടികളുടെ വോട്ട് വിഹിതം 43 ശതമാനത്തിൽ നിന്ന് 39 ആയി കുറയാൻ സാധ്യതയുണ്ട്. കോൺഗ്രസ് തങ്ങളുടെ സീറ്റുകള്‍ 22 എണ്ണം വർധിപ്പിച്ച് 74 ആക്കും, ഇത് 2014 ന് ശേഷം പാർട്ടിക്ക് ലഭിക്കുന്ന ഏറ്റവും കൂടിയ സീറ്റുകളായിരിക്കും. മറ്റ് പാർട്ടികൾ 182 സീറ്റുകൾ നേടുമെന്നും സർവ്വെ പറയുന്നു.

പശ്ചിമ ബംഗാളിലും ബീഹാറിലും ഇന്ത്യാ ബ്ലോക്ക് നേട്ടമുണ്ടാക്കാനാണ് സാധ്യത. പശ്ചിമ ബംഗാളിൽ സഖ്യം 24 സീറ്റുകൾ നേടുമ്പോള്‍ എൻഡിഎ 18 സീറ്റുകളില്‍ വിജയിക്കും. 2019ലും 18 സീറ്റുകളിലായിരുന്നു ബിജെപി വിജയം. ബിഹാറിൽ ഇന്ത്യൻ സഖ്യം 26 സീറ്റുകളും എൻഡിഎ 14 സീറ്റുകളും നേടിയേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40ൽ 39 സീറ്റുകൾ നേടിയാണ് എൻഡിഎ സംസ്ഥാനം തൂത്തുവാരിയത്.
ഉത്തർപ്രദേശിൽ 2014ലെ പ്രകടനം ബിജെപി ആവർത്തിച്ചേക്കുമെന്നും 49 ശതമാനം വോട്ട് വിഹിതത്തോടെ 80ൽ 72 സീറ്റുകൾ നേടുമെന്നും സർവേ വ്യക്തമാക്കുന്നു. സമാജ്‌വാദി പാർട്ടി കൂടിയുള്ള ഇന്ത്യൻ സഖ്യത്തിന് 38 ശതമാനം വോട്ട് ഷെയറോടെ 8 സീറ്റുകൾ മാത്രമേ നേടാനാകൂ. പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്ക് ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്നാണ് സർവ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. സർവേയിൽ പങ്കെടുത്തവരിൽ 54 ശതമാനം പേർ ഇന്ത്യാ ബ്ലോക്കിന് ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് കരുതിയപ്പോൾ 33 ശതമാനം പേർ നേരെ മറിച്ച് ചിന്തിക്കുന്നു.
നേരത്തെ, കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തെ യുപിഎ (യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്) എന്നാണ് വിളിച്ചിരുന്നതെങ്കില്‍ സമീപകാലത്ത് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി സഖ്യം വിപുലീകരിക്കുകയും ഇന്ത്യ എന്ന പേര് നല്‍കുകയുമായിരുന്നു. സർവേ പ്രകാരം, 39 ശതമാനം പേർ ഇന്ത്യൻ സഖ്യത്തിന് പുതിയ പേര് ഗുണകരമാകുമെന്ന് അഭിപ്രായപ്പെട്ടു, അതേസമയം 30 ശതമാനം പേർ ഗുണം ചെയ്യില്ലെന്നും വ്യക്തമാക്കി. പ്രതിപക്ഷത്ത് നിന്ന്, ഇന്ത്യൻ സഖ്യത്തെ നയിക്കാൻ രാഹുൽ ഗാന്ധിയാണ് ഏറ്റവും യോഗ്യനായി നേതാവ്, തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വരുന്നു.












Click it and Unblock the Notifications