നെഹ്റുവിന്റെ കോട്ട തിരികെ പിടിക്കാന്‍ പ്രിയങ്ക ഗാന്ധി: ഫൂല്‍പൂരില്‍ പ്രിയങ്കയെ മത്സരിപ്പിക്കും
ഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ ഫുൽപൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് ആണ് ഇത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1952, 1957, 1962 വർഷങ്ങളിൽ ജവഹർലാൽ നെഹ്‌റു ഇവിടെ നിന്ന് തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് ലോക്സഭയിലെത്തിയിട്ടുണ്ട്.
യുപിയിലെ ഗാന്ധി കുടുംബത്തിന്റെ കോട്ടയെന്ന് വിളിക്കപ്പെടുന്ന മൂന്ന് സീറ്റുകളിൽ ഒന്നാണിത്. റായ്ബറേലിയും അമേഠിയുമാണ് മറ്റ് രണ്ടെണ്ണം. അതേസമയം പ്രിയങ്കയെ ഏത് മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്തുകയാണെങ്കിൽ മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് പ്രിയങ്കയ്ക്ക് കോൺഗ്രസ് ടിക്കറ്റും നൽകുമെന്ന് വൃത്തങ്ങൾ പറയുന്നു.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി മോദി വിജയിക്കുന്ന വാരണാസിയിൽ നിന്ന് ഗാന്ധി കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായിയി അടക്കമുള്ള നേതാക്കളായിരുന്നു ഇത്തരമൊരു സാധ്യത മുന്നോട്ട് വെച്ചത്.
ഉത്തർപ്രദേശില്‍ സമാജ്‌വാദി പാർട്ടി (എസ്‌പി) യുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം സജീവമാക്കിയ ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനും ഫൂല്‍പൂറില്‍ താല്‍പര്യമുണ്ടായിരുന്നു. എസ്പി സഖ്യത്തിന്റെ ഭാഗമായി ബിഹാറുമായി അതിർത്തി പങ്കിടുന്ന ഫുൽപൂറില്‍ നിന്നും നിതീഷ് കുമാറിനെ ലോക്സഭയില്‍ എത്തിക്കണമെന്നായിരുന്നു ജെ ഡി യു നേതൃത്വത്തിന്റെ ആഗ്രഹം.
മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവും വി പി സിംഗും മുൻകാലങ്ങളിൽ പ്രതിനിധീകരിച്ച മണ്ഡലമായതിനാൽ ഫുൽപൂരിന് വലിയ രാഷ്ട്രീയ പ്രധാന്യവുമുണ്ട്. സോഷ്യലിസ്റ്റ് സൈദ്ധാന്തികനായ രാം മനോഹർ ലോഹ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലം കൂടിയാണിത്. 1962ൽ ഫുൽപൂരിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച രാം മനോഹർ ലോഹ്യയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്ന പാർട്ടിയാണ് ജെഡിയു.
ദ്വയാംഗ മണ്ഡലമായ ഫൂല്‍പൂരില്‍ നിന്നും 1952 മുതല്‍ 62 വരെ മസൌരിയ ദിന്‍ എന്ന കോണ്‍ഗ്രസ് നേതാവും നെഹ്രുവിനൊപ്പം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1964 ലും 67 ലും വിജയലക്ഷ്മി പണ്ഡിറ്റായിരുന്നു വിജയി. 1969 ലാണ് മണ്ഡലം ആദ്യമായി കോണ്‍ഗ്രസിന് നഷ്ടമാവുന്നത്, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായ ജനേഷ്വർ മിശ്ര മണ്ഡലം പിടിച്ചു. 71 ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസ് തിരികെ പിടിച്ചെങ്കിലും 77 ല്‍ വീണ്ടും ജനത പാർട്ടിയോട് പരാജയം.
77 ലും 80 ലും ജനത പാർട്ടിയായിരുന്നു വിജയികള്‍ 84 ല്‍ രാം പുജന്‍ പട്ടേല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചെങ്കിലും 89 ലും 91 ലും ഇദ്ദേഹം ജനതാദള്‍ ടിക്കറ്റിലാണ് വിജയിച്ചത്. 96 മുതല്‍ 2004 വരെ എസ്പിയായിരുന്നു വിജയികള്‍. 2004 അടുത്തിടെ കൊല്ലപ്പെട്ട അതീഖ് അഹമ്മദ് ആയിരുന്നു എസ്പിയുടെ സ്ഥാനാർത്ഥി. 2009 ല്‍ ആദ്യമായി ബിഎസ്പിയും 2014 ല്‍ ബിജെപിയും മണ്ഡലത്തില്‍ വിജയിച്ചു. 2018 ലെ ഉപതിരഞ്ഞെടുപ്പില്‍ എസ്പി മണ്ഡലം തിരികെ പിടിച്ചെങ്കിലും 2019 ല്‍ വീണ്ടും ബിജെപി വിജയിച്ചു.












Click it and Unblock the Notifications