സിജെപി നേതാക്കള്‍ക്ക് ലുക്ക്ഔട്ട് സര്‍ക്കുലര്‍; സര്‍ക്കാര്‍ നടപടി ഒക്ടോബറിലെ മുംബൈ സമരത്തില്‍
കൊക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നേതാക്കളായ അഭിജിത് ദീപ്‌കെ, അശുതോഷ് രംഗ എന്നിവര്‍ക്കിതിരെയും ലുക്ക് ഔട്ട് സര്‍ക്കുലര്‍. മുംബൈയിലെ ശിവജി പാര്‍ക്കില്‍ കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മറ്റൊരു സിജെപി നേതാവ് സൗരവ് ദാസിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി കോടതിയില്‍ അറിയിച്ച പിന്നാലെയാണ് പുതിയ വിവരം.
മുംബൈ പോലീസ് അനുമതി നിഷേധിച്ചിരുന്നു എങ്കിലും ശിവജി പാര്‍ക്കില്‍ സിജെപി സമരം നടത്തിയതാണ് കേസിന് കാരണം. എസ്‌ഐആര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടന്ന സമരത്തിനിടെ ആയിരുന്നു മുംബൈയിലെ പ്രതിഷേധം. ഒക്ടോബര്‍ മൂന്നിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സിജെപി നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന 500 പേര്‍ക്കുമെതിരെ ആയിരുന്നു കേസ്. ഭാരതീയ ന്യായ സംഹിതയിലെ 189, 223 വകുപ്പുകള്‍ പ്രകാരമായിരുന്നു പോലീസ് നടപടി. നിയമ വിരുദ്ധമായി സംഘം ചേര്‍ന്നു, പോലീസിന്റെ നിര്‍ദേശം അനുസരിച്ചില്ല, മഹാരാഷ്ട്ര പോലീസ് നിയമം എന്നിവ പ്രകാരം കേസെടുത്തിരുന്നു എങ്കിലും നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നില്ല.
നവംബര്‍ 23ന് ലണ്ടന്‍ യാത്രയ്ക്ക് ഒരുങ്ങി ഗൗരവ് ദാസ് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അധികൃതര്‍ യാത്ര തടഞ്ഞിരുന്നു. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഈ നടപടി ചോദ്യം ചെയ്ത് ദാസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഈ വേളയിലാണ് കേന്ദ്ര സര്‍ക്കാര്‍ ദാസിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കിയത്. ഓക്‌സ്ഫഡില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ദാസ് ലണ്ടന്‍ യാത്രയ്ക്ക് ഒരുങ്ങി എത്തിയത്.
മുംബൈ പോലീസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത് എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദാസിന്റെ പാസ്‌പോര്‍ട്ടില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നും സ്‌കൂള്‍ പഠനം, വിലാസം, രക്ഷിതാക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖയിലെ വ്യത്യാസം ദാസിന്റെ പൗരത്വത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് എന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ ജസ്റ്റിസ് അമിത് മഹാജന്‍ മുമ്പാകെ ബോധിപ്പിച്ചു.
മുതിര്‍ന്ന അഭിഭാഷകന്‍ അഖില്‍ സിബല്‍ ആണ് ദാസിന് വേണ്ടി കോടതിയില്‍ ഹാജരായത്. വിമാനത്താവളത്തില്‍ എത്തിയ ശേഷം മാത്രമാണ് തന്റെ കക്ഷിക്ക് ഒരു കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലുക്ക്ഔട്ട് സര്‍ക്കുലര്‍ ദാസിനെ കാണിച്ചിരുന്നില്ല. പിന്നെ എങ്ങനെയാണ് വിമാന യാത്ര അവര്‍ തടയുക എന്നും അഖില്‍ സിബല്‍ ചോദിച്ചു. ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ ആ വ്യക്തിയെ അറിയിക്കണമായിരുന്നു എന്നും ഒരു പൗരനെ എങ്ങനെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കോടതിയില്‍ വിശദീകരിച്ചു.





Click it and Unblock the Notifications
