ഒരു മണിക്കൂര്‍ പൊരിഞ്ഞ മഴ; തിരുവനന്തപുരം നഗരം വെള്ളത്തില്‍ മുങ്ങി, വാഹനങ്ങള്‍ വെള്ളക്കെട്ടില്‍
തിരുവനന്തപുരം നഗരത്തില്‍ ഒരു മണിക്കൂര്‍ ശക്തമായ മഴ. കിഴക്കേക്കോട്ടയില്‍ 91 മില്ലി മീറ്റര്‍ മഴ ലഭിച്ചു എന്ന് കാലാവസ്ഥ വകുപ്പ്. തമ്പാനൂരില്‍ റെയില്‍വെ സ്റ്റേഷനും ബസ് സ്റ്റാന്റിനും മുന്നിലെ റോഡ് വെള്ളത്തില്‍ മുങ്ങി. കാറുകളും സ്‌കൂട്ടറും മറ്റു വാഹനങ്ങളും വെള്ളത്തിലായി. ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്ന് മാലിന്യം റോഡിലേക്ക് ഒഴുകി. മലിനജലത്തിലൂടെയാണ് മിക്കവരും റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയത്.
24 മണിക്കൂറില്‍ പെയ്യുന്ന മഴയാണ് ഒന്നര മണിക്കൂറിനിടെ തിരുവനന്തപുരത്ത് ലഭിച്ചത് എന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ നീത കെ ഗോപാല്‍ പ്രതികരിച്ചു. തമ്പാനൂരിലുണ്ടായ നാശനഷ്ടങ്ങളുടെ ഉത്തരവാദി ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനാണ് എന്ന് കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരിനാഥന്‍ കുറ്റപ്പെടുത്തി. കൗണ്‍സിസില്‍ വെള്ളക്കെട്ട് സംബന്ധിച്ച് യുഡിഎഫ് ആവര്‍ത്തിച്ച് ചോദിച്ചിരുന്നു. എവിടെ വെള്ളക്കെട്ട് എന്ന മറുചോദ്യമാണ് മേയര്‍ കഴിഞ്ഞ കൗണ്‍സിലില്‍ ഉന്നയിച്ചത് എന്നും ശബരിനാഥന്‍ പറഞ്ഞു.

ശബരിനാഥന്റെ വാക്കുകള്‍: ''ഇതാണോ ബിജെപിയുടെ വികസിത അനന്തപുരി? ഇന്നത്തെ മഴയില്‍ തമ്പാനൂരില്‍ രൂപപ്പെട്ട വെള്ളക്കെട്ടിന്റെയും നാശനഷ്ടങ്ങളുടെയും മറ്റ് അസൗകര്യങ്ങളുടെയും പ്രധാന ഉത്തരവാദി ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനാണ്. നഗരസഭാ ഭരണം ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഈ ഭരണത്തിന്റെ പിടിപ്പുകേടിന്റെ ഏറ്റവും വലിയ സ്മാരകമായി ഇന്നത്തെ വെള്ളക്കെട്ടിനെ കാണാം.
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വെള്ളക്കെട്ടിനെ കുറിച്ചും ശുചീകരണ തൊഴിലാളികളുടെ ദൗര്‍ലഭ്യത്തെക്കുറിച്ചും യുഡിഎഫ് ആവര്‍ത്തിച്ചു ഉന്നയിച്ചിരുന്നു. എന്നാല്‍ ''എവിടെയാണ് വെള്ളക്കെട്ട്'' എന്ന മറുചോദ്യമാണ് മേയര്‍ കഴിഞ്ഞ കൗണ്‍സിലില്‍ ധാര്‍ഷ്ട്യത്തോടെ ചോദിച്ചത്. വെള്ളക്കെട്ട്, മാലിന്യം ശുചീകരണം തുടങ്ങിയ വിഷയങ്ങളില്‍ ഒരു കാഴ്ചപ്പാടും ഇല്ലാതെയാണ് കോര്‍പ്പറേഷന്‍ പോകുന്നതെങ്കില്‍ ഇതിലും വലിയ അനുഭവങ്ങള്‍ തലസ്ഥാന ജനത അഭിമുഖീകരിക്കേണ്ടി വരും.
തിരുവനന്തപുരം നഗരത്തില്‍ ഒന്നും തന്നെ ചെയ്യാന്‍ കഴിയാതെ അഹമ്മദാബാദ് നഗരസഭയുമായി ധാരണപത്രം ഒപ്പിടാന്‍ തയ്യാറാവുകയാണ് നഗരസഭ. ഇതേ അഹമ്മദാബാദിലാണ് 2020ല്‍ ഡോനാള്‍ഡ് ട്രംപും, 2014ല്‍ ചൈനീസ് പ്രീമിയറും സന്ദര്‍ശിച്ചപ്പോള്‍ ചേരികളെ പച്ചത്തുണി ഉപയോഗിച്ച് മറച്ചുവെച്ചത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്നതിനപ്പുറം പ്രവര്‍ത്തിക്കാന്‍ കോര്‍പ്പറേഷനും മേയറും തയ്യാറാവണം. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മേയറോട് തലസ്ഥാന ജനതയ്ക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുന്നു.''





Click it and Unblock the Notifications
