ലൗ ജിഹാദ് ; ബിജെപി വാദം വഴിത്തിരിവിലേക്ക്
മീററ്റ് : ഏറെ വിവാദങ്ങള്‍ക്ക് കാരണമായ മീററ്റിലെ ലൗ ജിഹാദ് സംഭവം പുതിയ വഴിത്തിരിവിലേക്ക്. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന വിശദീകരണവുമായാണ് പെണ്‍കുട്ടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപി ഉയര്‍ത്തിയ ലൗ ജിഹാദ് വാദങ്ങള്‍ക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.
മീററ്റിലെ വനിതാ പോലീസ് സ്‌റ്റേഷനിലെത്തിയാണ് പെണ്‍കുട്ടി പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. അന്യമതക്കാരനുമായുളള ബന്ധത്തെ എതിര്‍ത്ത വീട്ടുകാരെ ഭയന്ന് യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. അല്ലാതെ മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

മീററ്റിലെ മദ്രസാ അധ്യാപകനടക്കമുളളവര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തിയെന്നുമാണ്
ആദ്യം പെണ്‍കുട്ടി പരാതിപ്പെട്ടത്. ഇതേത്തുടര്‍ന്ന് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ചെയ്തതാണെന്നാണ് ഇപ്പോള്‍ പറയുന്നത്. ആദ്യം നല്‍കിയ പരാതി പെണ്‍കുട്ടി പിന്‍വലിച്ചു. വീട്ടുകാരില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇവരെ മീററ്റിലെ നാരിനികേതിനേക്ക് മാറ്റി.
താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായും നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയായിരുന്നു എന്നുമാണ് നേരത്തെ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി. നിരവധി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടതായും പരാതിയിലുണ്ടായിരുന്നു. ഓഗസ്റ്റിലായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് സംഭവം ലൗ ജിഹാദാണെന്ന് ബിജെപി ആരോപിച്ചിരുന്നു. യു.പിയിലെ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കി വിജയം കൊയ്യാനുളള ബിജെപിയുടെ നീക്കമായാണ് ഇതിനെ വിലയിരുത്തിയിരുന്നത്.












Click it and Unblock the Notifications