കര്‍ണാടക പിടിച്ചു, ഇനി മധ്യപ്രദേശ്: പ്രിയങ്ക വരും, നിയമസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു
കർണാടകയിലെ ഉജ്ജല വിജയത്തിന് പിന്നാലെ മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കർണാടകയിലേതിന് സമാനമായി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസായിരുന്നു അധികാരത്തിലേറിയിരുന്നതെങ്കിലും പിന്നീട് എം എല്‍ എമാർ കൂറുമാറിയതോടെ കമല്‍നാഥ് സർക്കാർ താഴെ വീഴുകയായിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യയുടെയും അദ്ദേഹത്തിന്റെ വിശ്വസ്തരായ 20 ലധികം എം എൽ എമാരുടെയും കലാപത്തെത്തുടർന്ന് 2020 മാർച്ചിലായിരുന്നു കമല്‍നാഥ് സർക്കാറിന് രാജിവെക്കേണ്ടി വന്നത്. പിന്നാലെ സംസ്ഥാനത്ത് ബി ജെ പി അധികാരത്തിലേറുകയും ചെയ്തു. ഈ വർഷം അവസാനം സംസ്ഥാനം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ നഷ്ടമായ അധികാരം ഏത് വിധേനയും തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കർണാടക മാതൃകയില്‍ വളരെ നേരത്തെ തന്നെ തുടക്കം കുറിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന പൊതുയോഗം ജൂണ്‍ 12 ന് നടക്കും. ജബൽപൂരിലാണ് പ്രിയങ്ക പങ്കെടുക്കുന്ന യോഗം. സംസ്ഥാനത്തെ മഹാകോശൽ മേഖലയിലെ ഏറ്റവും വലിയ നഗരമാണ് ജബൽപൂർ. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 13 പട്ടിക വർഗ്ഗ സംവരണ സീറ്റുകളിൽ 11 എണ്ണവും കോൺഗ്രസ് നേടിയിരുന്നു, ബി ജെ പിക്ക് രണ്ട് സീറ്റുകളില്‍ മാത്രമായിരുന്നു വിജയിക്കാന്‍ സാധിച്ചത്.
"പ്രിയങ്കാജി ആദ്യം ഇവിടെ പുണ്യനദിയുടെ തീരത്തുള്ള ഗ്വാരിഘട്ടിൽ നർമ്മദ പൂജ നടത്തും, അതിനുശേഷം അവർ റോഡ്‌ഷോ നയിക്കും, തുടർന്ന് ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യും. നർമ്മദയുടെ അനുഗ്രഹം തേടിയ ശേഷം ജൂൺ 12 ന് അവർ പാർട്ടിയുടെ പ്രചാരണത്തിനും സങ്കൽപ് 2023 നും തുടക്കം കുറിക്കും. " കോൺഗ്രസ് എം എൽ എയും മുൻ എംപിയുമായ ധനമന്ത്രി തരുൺ ഭാനോട്ട് ശനിയാഴ്ച വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്കൊപ്പം ഹിമാചൽ പ്രദേശിലും കർണാടകയിലും അവർ നടത്തിയ പ്രചാരണം പാർട്ടിയെ വലിയ വിജയത്തിലേക്ക് നയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡ്ഷോ 2 കിലോമീറ്റർ നീണ്ട് നില്‍ക്കുമെന്നാണ് ജബൽപൂർ മേയറും കോൺഗ്രസ് നേതാവുമായ ജഗത് ബഹദൂർ സിംഗ് അഭിപ്രായപ്പെട്ടത്. റാലിയിൽ 1.5-2 ലക്ഷം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എട്ട് ജില്ലകളുള്ള ജബൽപൂർ ഡിവിഷനിലെ ജനങ്ങൾ ബിജെപി ഭരണത്തിൽ മടുത്തു, ഇതുമൂലം 2023ലെ തിരഞ്ഞെടുപ്പിൽ മഹാകോശൽ മേഖല കോൺഗ്രസ് തൂത്തുവാരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയിൽ നിന്ന് സംസ്ഥാനത്തിന്റെ മാൾവ, മധ്യേന്ത്യ മേഖലകളിലൂടെ കടന്ന് പോവുകയും പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം നേടുകയും ചെയ്തതിനാലാണ് പ്രിയങ്ക ഗാന്ധി വദ്ര മഹാകോശലിനെ തിരഞ്ഞെടുത്തുവെന്നതാണ് മറ്റൊരു കോൺഗ്രസ് നേതാവ് വ്യക്തമാക്കിയത്. "മഹാകോശലിലെ റാലി മേഖലകളായ വിന്ധ്, ബുന്ദേൽഖണ്ഡ് മേഖലകളിലും പാർട്ടിയുടെ സാധ്യതകൾ വർദ്ധിപ്പിക്കും. കൂടാതെ, മഹാകോശലിൽ ബിജെപിക്കെതിരെ കടുത്ത അതൃപ്തിയുണ്ട്, ഈ പ്രദേശത്ത് പരമ്പരാഗതമായി കോൺഗ്രസിന് വോട്ട് ചെയ്തിരുന്ന വലിയൊരു വിഭാഗം ആദിവാസികളും ഉണ്ട്," നേതാവ് കൂട്ടിച്ചേർത്തു.
മഹാകോശൽ, ഗ്വാളിയോർ-ചമ്പൽ, മധ്യ ഇന്ത്യ, നിമർ-മാൽവ, വിന്ദ്, ബുന്ദേൽഖണ്ഡ് എന്നിങ്ങനെ ആറ് പ്രദേശങ്ങളാണ് സംസ്ഥാനത്തിനുള്ളത്. ജബൽപൂർ, കട്‌നി, സിയോനി, നർസിംഗ്പൂർ, ബാലാഘട്ട്, മണ്ഡ്‌ല, ദിൻഡോരി, ചിന്ദ്വാര ജില്ലകൾ ഉൾപ്പെടുന്ന ജബൽപൂർ ഡിവിഷനാണ് മഹാകോശൽ മേഖലയ്ക്ക് കീഴില്‍ വരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിവിഷനിലെ 38 സീറ്റുകളിൽ 24ലും കോൺഗ്രസ് വിജയിച്ചപ്പോൾ ബിജെപിക്ക് 13ഉം ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥിക്കുമായിരുന്നു ലഭിച്ചത്.












Click it and Unblock the Notifications