കമല്‍നാഥിന്റെ 'ടാക്റ്റിക്കല്‍ മൂവ്'; മധ്യപ്രദേശില്‍ പതറി ബിജെപി, സ്ഥാനാര്‍ഥി പിന്‍മാറുമെന്ന് സൂചന
ഭോപ്പാല്‍: ദേശീയ രാഷ്ട്രീയത്തിലെ ചാണക്യന്‍മാരുടെ കണക്കെടുത്താല്‍ ആ പട്ടികയില്‍ കമല്‍നാഥുമുണ്ടാകും. 2018ല്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി പല അടവുകളും പയറ്റിയിട്ടുണ്ട്. എല്ലാം അതിജീവിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് കോണ്‍ഗ്രസ് തറവാട്ടിലെ പ്രധാനിയായ ജ്യോതിരാദിത്യ സിന്ധ്യയെ തന്നെ ബിജെപി മറുകണ്ടം ചാടിച്ചത്.
Recommended Video
സിന്ധ്യയും 21 എംഎല്‍എമാരും കളം മാറിയതോടെ കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പാണ്. സിന്ധ്യ ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മല്‍സരിക്കാനൊരുങ്ങുന്നു. എന്നാല്‍ ഇതിനിടെ ബിജെപിക്കും ആര്‍എസ്എസ്സിനും ഒരുപോലെ തിരിച്ചടി നല്‍കാന്‍ കളമൊരുക്കിയിരിക്കുകയാണ് കമല്‍നാഥ്. ഈ സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ഥി പിന്‍മാറിയേക്കുമെന്നാണ് സൂചന. വിഷയത്തില്‍ കോടതി ഇടപെടലുമുണ്ടായിട്ടുണ്ട്. മധ്യപ്പദേശിലെ രാഷ്ട്രീയ നീക്കങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ...

ഒരു സ്ഥാനാര്‍ഥി തുലാസില്‍
മധ്യപ്രദേശില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് അടുക്കവെയാണ് ബിജെപി കുതിരക്കച്ചവടം നടത്തിയത്. മൂന്ന് പേരെ അവര്‍ രാജ്യസഭാ സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ ഒരാള്‍ മല്‍സര രംഗത്ത് പിന്‍മാറേണ്ടി വരുമെന്നതാണ് പുതിയ സാഹചര്യം. വിഷയത്തില്‍ അദ്ദേഹം കോടതിയെ സമീപിച്ചു.

സുമര്‍ സിങ് സോളങ്കി
ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥി സുമര്‍ സിങ് സോളങ്കിയുടെ കാര്യമാണ് പരുങ്ങലില്‍. ഇദ്ദേഹം സര്‍ക്കാര്‍ കോളജില്‍ അസിസ്റ്റന്റ് പ്രഫസറാണ്. ജോലിയില്‍ നിന്ന് രാജിവച്ചാലേ മല്‍സരിക്കാന്‍ സാധിക്കൂ. രാജിക്കത്ത് കമല്‍നാഥ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

പിന്‍മാറുമെന്ന് സൂചന
അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ നിന്നുള്ള രാജി കമല്‍നാഥ് സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ സോളങ്കിക്ക് മല്‍സരിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ തീരുമാനം വൈകിക്കുമെന്ന് മുന്‍കൂട്ടി കണ്ട് സോളങ്കി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സോളങ്കി മല്‍സര രംഗത്തുനിന്ന് പിന്‍മാറുമെന്നാണ് പുതിയ വിവരം.

ബിജെപിയുടെ സ്ഥാനാര്‍ഥികള്‍
ജ്യോതിരാദിത്യ സിന്ധി, സുമര്‍ സിങ് സോളങ്കി, മുന്‍ മന്ത്രി രഞ്ജന ബാഗേല്‍ എന്നിവരെയാണ് ബിജെപി മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കുന്നത്. ബിജെപി നേതാക്കളായ ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമെത്തിയാണ് സിന്ധ്യ പത്രിക സമര്‍പ്പിച്ചത്. മറ്റുള്ളവരും പത്രിക നല്‍കി. കോണ്‍ഗ്രസിന്റെ ദിഗ്‌വിജയ് സിങ് ഉള്‍പ്പെടെയുള്ളവരും പത്രിക സമര്‍പ്പിച്ചു.

പകരക്കാരനെ കണ്ട് ബിജെപി
മൂന്നില്‍ ഒരു സ്ഥാനാര്‍ഥിയെ ബിജെപി പിന്‍വലിക്കുമെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള പുതിയ വിവരം. ഇത് സോളങ്കിയാകുമെന്നും കേള്‍ക്കുന്നു. സോളങ്കിയുടെ രാജി കമല്‍നാഥ് സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ രഞ്ജന ബാഗേല്‍ ആയിരിക്കും പകരം മല്‍സര രംഗത്തുണ്ടാകുക. സംസ്ഥാനത്തെ പ്രധാന ബിജെപി നേതാവാണ് ബാഗേല്‍. ആദിവാസി സമൂഹത്തിന്റെ പ്രതിനിധി കൂടിയാണ്.

സോളങ്കിയെ നിര്‍ദേശിച്ചത് ആര്‍എസ്എസ്
രാജ്യസഭാ തിരഞ്ഞടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയ വേളയില്‍ സോളങ്കിയുടെ പേര് ബിജെപി പരിഗണിച്ചിരുന്നില്ല. പൊടുന്നനെയാണ് ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നത്. ആര്‍എസ്എസ് ആണ് സോളങ്കിയുടെ പേര് നിര്‍ദേശിച്ചത് എന്ന വിവരവും പിന്നീട് പുറത്തുവന്നു. ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് സോളങ്കി. ഇദ്ദേഹം പിന്‍മാറിയാല്‍ ബിജെപിക്കും തിരിച്ചടിയാണ്.

ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത് ഇങ്ങനെ
കഴിഞ്ഞ വ്യാഴാഴ്ചയാണ് സോളങ്കി അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ നിന്ന് രാജിവച്ചത്. കത്ത് സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍ ഇക്കാര്യം കമല്‍നാഥ് സര്‍ക്കാര്‍ പരിഗണിച്ചില്ല. തുടര്‍ന്ന് വെള്ളിയാഴ്ച സോളങ്കി ഹൈക്കോടതിയെ സമീപിച്ചു തന്റെ രാജി വേഗത്തില്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ നിര്‍ദേശിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

മാര്‍ച്ച് 16 നിര്‍ണായകം
നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന വേളയില്‍ സര്‍ക്കാര്‍ ജോലി രാജിവച്ചുവെന്നുള്ള രേഖ സോളങ്കിക്ക് കാണിക്കേണ്ടി വരും. മാര്‍ച്ച് 16 വരെയാണ് ഇതിന് സമയമുള്ളത്. തിങ്കളാഴ്ചയും കമല്‍നാഥ് സര്‍ക്കാര്‍ രാജി സ്വീകരിച്ചില്ലെങ്കില്‍ സോളങ്കിക്ക് മല്‍സരിക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ രാജ്യസഭാ മോഹം അവസാനിക്കും.

ഹൈക്കോടതി നിര്‍ദേശം ഇങ്ങനെ
തിങ്കളാഴ്ച കമല്‍നാഥ് സര്‍ക്കാര്‍ പ്രതികരണം അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അന്ന് കൃത്യമായ മറുപടി സര്‍ക്കാര്‍ അറിയിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. മാര്‍ച്ച് 12ന് രാജിക്കത്ത് നല്‍കിയിട്ടും ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് സോളങ്കി പറയുന്നു. ബര്‍വാനിയിലെ ഷഹീദ് ഭീമ നായക് സര്‍ക്കാര്‍ കോളജില്‍ അധ്യപകനാണ് സോളങ്കി.

സിന്ധ്യക്കെതിരെയും നീക്കം
മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഈ മാസം 26നാണ് വോട്ടെടുപ്പ്. മാര്‍ച്ച് 13നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. സോളങ്കി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. 16ന് സൂക്ഷ്മ പരിശോധന നടക്കുകയാണ്. അപ്പോള്‍ രേഖ കാണിക്കേണ്ടിവരും. സിന്ധ്യക്കെതിരെയും കമല്‍നാഥ് സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്.

ബിജെപി നേതാക്കളുടെ റിസോര്‍ട്ടുകള്‍ പൊളിച്ചു
കോണ്‍ഗ്രസ് വിട്ടുപോയ സിന്ധ്യക്കും കമല്‍നാഥ് സര്‍ക്കാര്‍ തിരിച്ചടി നല്‍കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇദ്ദേഹത്തിനെതിരായ പഴയ കേസുകളില്‍ വീണ്ടും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയണ്. മാത്രമല്ല, ചില ബിജെപി എംഎല്‍എമാര്‍രുടെ റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കി. അനധികൃത ഖനി പൂട്ടിക്കുകയും ചെയ്തു. കമല്‍നാഥ് പക വീട്ടുന്നുവെന്നാണ് ബിജെപി ആരോപണം.

വിമതര്‍ക്ക് സുരക്ഷാ ഭീഷണി
മധ്യപ്രദേശിലെ വിമതരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബെംഗളൂരുവിലാണ് ക്യാംപ് ചെയ്യുന്നത്. ഇവര്‍ വെള്ളിയാഴ്ച ഭോപ്പാലിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അവസാന നിമിഷം അവര്‍ തീരുമാനം മാറ്റി. സുരക്ഷാ ഭീഷണിയുള്ളതിനാനാണ് യാത്ര മാറ്റുന്നതെന്നും കോണ്‍ഗ്രസുകാര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞാണ് യാത്ര മാറ്റിയത്.












Click it and Unblock the Notifications