എസ്പിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് തര്‍ക്കം; മധ്യപ്രദേശ് ഇന്ത്യാ മുന്നണിയില്‍ ആദ്യ വിള്ളല്‍ വീഴ്ത്തുമോ?
ഭോപ്പാല്‍: മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ എസ് പി (സമാജ്‌വാദി പാര്‍ട്ടി) മത്സരിക്കുന്നത് ഇന്ത്യാ മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നു. മധ്യപ്രദേശില്‍ ധാരണയുണ്ടായില്ലെങ്കില്‍ ഉത്തര്‍പ്രദേശ് അടക്കം ഒരിടത്തും ധാരണയുണ്ടാകില്ല എന്ന് മുന്നറിയിപ്പ് എസ് പി നല്‍കിയിട്ടുണ്ട്. ദേശീയതലത്തില്‍ ആണോ സംസ്ഥാന തലത്തില്‍ ആണോ ഇന്ത്യാ മുന്നണിയില്‍ ധാരണ വേണ്ടതെന്ന് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്ന് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.
യു പിയില്‍ എസ് പിക്ക് 80 സീറ്റുകളിലും ബി ജെ പിയോട് എതിരാടാന്‍ സാധിക്കുമെന്ന് അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. ഇതിനോടകം മധ്യപ്രദേശില്‍ എസ് പി ഒമ്പത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറപ്പെടുവിച്ച സീറ്റുകളും ഉള്‍പ്പെടും. സംസ്ഥാനത്ത് 35-40 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നാണ് എസ് പി വൃത്തങ്ങള്‍ അറിയിക്കുന്നത്.

നേരത്തെ ഇന്ത്യാ സഖ്യം കേന്ദ്ര തലത്തിലാണെന്നും എന്നാല്‍ എസ് പിയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ബി ജെ പിയെ പരാജയപ്പെടുത്താന്‍ ഇരു പാര്‍ട്ടികളും ശ്രമിക്കണമെന്നും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ശക്തമാണ് എന്നും എസ് പി അവിടെ മത്സരിക്കരുതെന്നും യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ് പിക്ക് മധ്യപ്രദേശില്‍ ഒരു സീറ്റ് മാത്രമേ ലഭിച്ചിരുന്നു. അതിനാല്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ല എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ്- മധ്യപ്രദേശ് അതിര്‍ത്തികളില്‍ തങ്ങള്‍ക്ക് സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനാണ് എസ് പി ശ്രമിക്കുന്നത്.
ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള സംസ്ഥാനമായതിനാല്‍ ഉത്തര്‍പ്രദേശില്‍ ബി ജെ പി ഇതര വോട്ടുകള്‍ വിഘടിക്കാതിപരിക്കേണ്ടത് ഇന്ത്യാ സഖ്യത്തിന് പ്രധാനമാണ്. എന്നാല്‍ കോണ്‍ഗ്രസും എസ് പിയും തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ഇത് ബി ജെ പിക്ക് സഹായകമാകും. 2014, 2019 തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ഉത്തര്‍പ്രദേശില്‍മികച്ച വിജയമാണ് നേടിയത്. യു പിയില്‍ പ്രധാന പ്രതിപക്ഷം എസ് പിയാണ്.
അതിനാല്‍ സീറ്റ് വിഭജനത്തില്‍ എസ് പി വല്യേട്ടന്‍ മനോഭാവം കാണിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ഇതേ പരാതിയാണ് മധ്യപ്രദേശില്‍ എസ് പി തിരിച്ച് കോണ്‍ഗ്രസിനെതിരേയും ഉന്നയിക്കുന്നത്. ഉത്തര്‍പ്രദേശില്‍, കോണ്‍ഗ്രസിന് 2-3 ലോക്സഭാ സീറ്റുകളില്‍ കൂടുതല്‍ വിട്ടുനല്‍കാന്‍ എസ്പി തയ്യാറല്ല. കോണ്‍ഗ്രസുമായി തര്‍ക്കം പരിഹരിക്കാനായില്ലെങ്കില്‍ എസ് പി ഛത്തീസ്ഗഢിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയേക്കും എന്നാണ് വിവരം.












Click it and Unblock the Notifications