പുരസ്‌കാര ജേതാക്കളെ അപമാനിച്ച് ബിജെപി മന്ത്രി; അവര്‍ രാജ്യസ്‌നേഹികളല്ല
ഭോപ്പാല്‍: സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്ന പ്രമുഖരുടെ പട്ടിക ഉയരുകയാണ്. കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധ സൂചകമായി പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നത്. ഇന്ന് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാന്‍ രാഷ്ട്രപതി ഭവനിലേക്ക് കായിക താരങ്ങളുടെ മാര്‍ച്ച് നടന്നു. പോലീസ് തടഞ്ഞെങ്കിലും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു സംഭവം. എന്നാല്‍ ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ്.

പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നവര്‍ രാജ്യസ്‌നേഹികളല്ല എന്നാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി കമല്‍ പട്ടേല്‍ കുറ്റപ്പെടുത്തിയത്. മധ്യപ്രദേശിലെ കൃഷി മന്ത്രിയാണ് ഇദ്ദേഹം. മുമ്പും നിരവധി പേര്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയിട്ടുണ്ട്. എങ്ങനെയാണ് ഇവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ഭാരത മാതാവിനെ അപമാനിക്കുകയാണ് അവര്‍. രാജ്യത്തെ വിഭജിക്കുകയും ചെയ്യുന്നു. കാര്‍ഷിക നിയമത്തെ എതിര്‍ക്കുന്നവര്‍ കാര്യമറിയാത്തവരാണ്. എന്ത് സംശയം അവര്‍ക്കുണ്ടെങ്കിലും മറുപടി നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ കര്‍ഷക തൊഴിലാളി യൂണിയനുകളെ വെല്ലുവിളിക്കുന്നു. നിയമം പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അതെങ്ങനെ സാധിക്കും. ഇത് ജനാധിപത്യ രാജ്യമാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത് അയച്ച പാര്‍ലമെന്റ് അംഗങ്ങളാണ് ബില്ല് പാസാക്കിയതും നിമയമാക്കിയതും എന്ന് കമല്‍ പട്ടേല്‍ പറഞ്ഞു.
രണ്ടുതവണ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ ഗുസ്തി താരം കര്‍താര്‍ സിങിന്റെ നേതൃത്വത്തില്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടന്നു. പുരസ്‌കാങ്ങള്‍ തിരിച്ചു നല്‍കാനായിരുന്നു മുന്‍ കായിക താരങ്ങളുടെ മാര്‍ച്ച്. 35 പുരസ്‌കാരങ്ങള്‍ മടക്കി നല്‍കി പ്രതിഷേധം അറിയിക്കാനായിരുന്നു ഇവരുടെ തീരുമാനം. 1982ല്‍ അര്‍ജുന അവാര്‍ഡ് നേടിയ വ്യക്തിയാണ് കര്‍താര്‍ സിങ്. 1987ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചു. ഒളിംപിക് ഗോള്‍ഡ് മെഡല്‍ ജേതാവായ ഹോക്കി താരം ഗുര്‍മെയ്ല്‍ സിങ്, ഹോക്കി വനിതാ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ രാജ്ബിര്‍ കൗര്‍ എന്നിവരും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
ഞായറാഴ്ചയാണ് പഞ്ചാബില്‍ നിന്നുള്ള കായിക താരങ്ങള്‍ ദില്ലിയിലെത്തിയത്. ഇന്ന് അവര്‍ പ്രസ്‌ക്ലബ്ബ് മുതല്‍ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്താന്‍ പദ്ധതിയിട്ടു. മാര്‍ച്ച് അല്‍പ്പ ദൂരം പിന്നിടുമ്പോള്‍ തന്നെ പോലീസ് തടയുകയും മടക്കി അയക്കുകയും ചെയ്തു. ഖേല്‍ രത്‌ന പുരസ്‌കാര ജേതാവും ഇന്ത്യയുടെ ആദ്യ ഒളിംപിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങ് പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications