ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ല; കമല്‍നാഥിനൊപ്പവുമില്ല, മധ്യപ്രദേശ് വിമതര്‍ മാധ്യമങ്ങളെകണ്ടു
ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവാദം മധ്യപ്രദേശില്‍ കത്തിനില്‍ക്കെ, കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ മാധ്യമങ്ങളെ കണ്ടു. ഇതുവരെ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെയും അവര്‍ നിലപാടെടുത്തു. കോണ്‍ഗ്രസ് എംഎല്‍എമാരെ തനിക്ക് വിശ്വാസമാണെന്നും അവര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും കമല്‍നാഥ് പ്രതികരിച്ചതിന് പിന്നാലെയാണ് വിമതര്‍ ബെംഗളൂരുവില്‍ വച്ച് മാധ്യമങ്ങളെ കണ്ടത്.
ബിജെപിക്കും കോണ്‍ഗ്രസും നെഞ്ചിടിപ്പുണ്ടാക്കുന്ന തരത്തിലാണ് വിമതര്‍ പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും എംഎല്‍എമാര്‍ പറഞ്ഞു. വിമതര്‍ ബിജെപിക്കൊപ്പം നിന്നില്ലെങ്കില്‍ കമല്‍നാഥ് സര്‍ക്കാര്‍ വീഴാന്‍ സാധ്യത കുറവാണ്. എന്നാല്‍ കമല്‍നാഥ് സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും അവര്‍ പറഞ്ഞില്ല. വിശദാംശങ്ങള്‍ ഇങ്ങനെ....

വിമതരുടെ നിലപാട് ഇങ്ങനെ
കമല്‍നാഥിനെ കുറ്റപ്പെടുത്തിയാണ് വിമതര്‍ പ്രതികരിച്ചത്. എന്നാല്‍ ബിജെപിയില്‍ ചേരാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ബിജെപിയില്‍ ചേര്‍ന്ന വിമത നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറയുന്നത് പോലെ പ്രവര്‍ത്തിക്കാനാണ് വിമതരുടെ തീരുമാനം. സിന്ധ്യ ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മല്‍സരിക്കുകയാണ്.
Recommended Video

15 മിനുട്ട് പോലും കേട്ടില്ല
ജ്യോതിരാദിത്യ സിന്ധി കോണ്‍ഗ്രസ് വിടുകയും ബിജെപിയില്‍ ചേരുകയും ചെയ്തതിന് പിന്നാലെയാണ് 22 കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയത്. 15 മിനുട്ട് പോലും മുഖ്യമന്ത്രി കമല്‍നാഥ് തങ്ങളെ കേള്‍ക്കാന്‍ തയ്യാറായിട്ടില്ലെന്ന് എംഎല്‍എമാര്‍ കുറ്റപ്പെടുത്തി.

സമാധാനം നഷ്ടപ്പെട്ടു
മുഖ്യമന്ത്രി കമല്‍നാഥ് തങ്ങളെ കേള്‍ക്കുന്നില്ല. പിന്നെ മണ്ഡലത്തിലെ വികസന കാര്യങ്ങള്‍ തങ്ങള്‍ ആരോട് പറയുമെന്ന് വിമത എംഎല്‍എ ഗോവിന്ദ് സിങ് രജ്പുത് ചോദിക്കുന്നു. മന്ത്രിയായ ശേഷം സമാധാനത്തോടെ ജോലി ചെയ്തിട്ടില്ല. തങ്ങള്‍ സുരക്ഷിതരല്ല. സിന്ധ്യയെ ലക്ഷ്യമിട്ടവര്‍ തങ്ങളെയും ലക്ഷ്യമിടും. കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഗോപാല്‍ സിങ് പറഞ്ഞു.

സിന്ധ്യയാണ് തങ്ങളുടെ നേതാവ്
സിന്ധ്യയാണ് തങ്ങളുടെ നേതാവ്. അദ്ദേഹം പറയും പോലെ പ്രവര്‍ത്തിക്കും. ബിജെപിയില്‍ ചേരാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇമാര്‍തി ദേവി എംഎല്‍എ പറഞ്ഞു. സിന്ധ്യയില്‍ നിന്നാണ് തങ്ങള്‍ ഏറെ പഠിച്ചത്. അദ്ദേഹം കിണറ്റിലേക്ക് ചാടാന്‍ പറഞ്ഞാല്‍ അതിനും തയ്യാറാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും സിന്ധ്യയ്‌ക്കൊപ്പം നില്‍ക്കുമെന്നും ഇമാര്‍തി ദേവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്തിനും തയ്യാര്‍
കമല്‍നാഥിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും നേതൃത്വത്തിലാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്. പിന്നീട് ചില മാറ്റങ്ങള്‍ സംഭവിച്ചു. എന്തിനും തയ്യാറായിട്ടാണ് തങ്ങള്‍ ബെംഗളൂരുവിലേക്ക് വന്നിരിക്കുന്നതെന്നും വിമത കോണ്‍ഗ്രസ് എംഎല്‍എ തുളസി സിലാവത് പറഞ്ഞു.

മധ്യപ്രദേശിലെത്തിയിട്ട് ബാക്കി കാര്യം
ബിജെപിയില്‍ ചേരുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. മധ്യപ്രദേശില്‍ തിരിച്ചെത്തിയ ശേഷം ആ വിഷയം ചര്‍ച്ച ചെയ്യും. ആറ് മന്ത്രിമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചു. പിന്നെ എന്താണ് ബാക്കി 16 എംഎല്‍എമാരുടെ രാജി സ്വീകരിക്കാന്‍ തടസം. രാജിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തുളസി സിലാവത് പറഞ്ഞു.

ബുധനാഴ്ച പരിഗണിക്കും
നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. മധ്യപ്രദേശ് സര്‍ക്കാരില്‍ നിന്ന് കോടതി പ്രതികരണം തേടി നോട്ടീസ് അയച്ചു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ബിജെപി എംഎല്‍എമാരുമാണ് ഹര്‍ജി നല്‍കിയിരുന്നത്.

കോണ്‍ഗ്രസും കോടതിയില്‍
അതിനിടെ, ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചു. തങ്ങളുടെ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്ന് കാണിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച വിശ്വാസ വോട്ട് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ വീണ്ടും ആവശ്യപ്പെട്ടിരുന്നു.

ആവശ്യം ഇങ്ങനെ
തടഞ്ഞുവച്ച എംഎല്‍എമാരെ വിട്ടയക്കാന്‍ ബിജെപിയോട് നിര്‍ദേശിക്കണമെന്നും കോണ്‍ഗ്രസ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 22 എംഎല്‍എമാര്‍ സഭയില്‍ ഹാജരില്ല. അവരുടെ അസാന്നിധ്യത്തില്‍ എങ്ങനെ വിശ്വാസ വോട്ടെടുപ്പ് നടത്തും. എംഎല്‍എമാര്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സാഹചര്യം തടയപ്പെട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഗവര്‍ണര്‍ക്ക് കത്ത്
വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിലുള്ള തടസം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. വിശ്വാസ വോട്ടെടുപ്പ് ഇപ്പോള്‍ നടത്താന്‍ സാധിക്കില്ലെന്നാണ് കമല്‍നാഥിന്റെ നിലപാട്. പാര്‍ലമെന്ററി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കമാണ് ഗവര്‍ണര്‍ അയച്ച കത്തിലുള്ളതെന്നും കമല്‍നാഥ് മറുപടി കത്തില്‍ തുറന്നടിച്ചു.

തന്റെ രാഷ്ട്രീയ ജീവിതം
ചൊവ്വാഴ്ച വിശ്വാസ വോട്ട് നിയമസഭയില്‍ നടത്തിയില്ലെങ്കില് കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി എന്ന് പരിഗണിക്കുമെന്നാണ് ഗവര്‍ണര്‍ അയച്ച കത്തിലുള്ളത്. ഈ പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണെന്ന് മറുപടി കത്തില്‍ കമല്‍നാഥ് വ്യക്തമാക്കി. സഭയില്‍ അംഗങ്ങളില്ലാതെ എങ്ങനെ വിശ്വാസ വോട്ട് നടത്തുമെന്നും കമല്‍നാഥ് ചോദിച്ചു. തന്റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ അന്തസ്സ് കൈവിട്ട് പെരുമാറിയിട്ടില്ലെന്നും കമല്‍നാഥ് വിശദീകരിച്ചു.












Click it and Unblock the Notifications