മഹാരാഷ്ട്രയിൽ കരുത്തരെ ഇറക്കി ബിജെപി; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 99 പേർ
മുംബൈ: മഹാരാഷ്ട്രയിൽ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പി . 99 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ അടക്കമുള്ളവരാണ് പട്ടികയിൽ ഇടംപിടിച്ചത്.
പാർട്ടിയുടെ ശക്തികേന്ദ്രമായ നാഗ്പൂർ വെസ്റ്റിൽ നിന്നാണ് ഫഡ്നാവിസ് മത്സരിക്കുന്നത്. ബവൻകുലയുടെ പോരാട്ടം കാംത്തി മണ്ഡലത്തിൽ നിന്നാണ്. കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്ന മുതിർന്ന നേതാവും രാജ്യസഭ എംപിയുമായ അശോക് ചവാന്റെ മകൾ ശ്രീജയ ചവാനും ആദ്യപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭോകർ മണ്ഡലത്തിൽ നിന്നാണ് ശ്രീജയ മത്സരിക്കുക.
മുംബൈ ബി ജെ പി അധ്യക്ഷൻ ആഷിഷ് സേലർ, മുതിർന്ന നേതാവും ലോക്സഭ എംപിയുമായ നാരായൺ റാണയുടെ മകൻ നിതേഷ് റാണ, ഗിരീഷ് മഹാജൻ, സുധീർ മുൻഗന്തിവാർ,മംഗൾ പ്രഭാത് ലോധ, രാഹുൽ നർവേക്കർ, ഛത്രപതി ശിവേന്ദ്ര രാജെ ഭോസാലെ എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടെ മറ്റ് പ്രമുഖർ.

ഇത്തവണ സംസ്ഥാന ഭരണം പിടിക്കുകയെന്നത് ബി ജെ പിയെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്. 2019 ലെ പോരാട്ടത്തിൽ 105 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. അന്ന് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയുമായി സഖ്യത്തിലായിരുന്നു ബി ജെ പിയുടെ പോരാട്ടം. ശിവസേനയ്ക്ക് 56 സീറ്റുകൾ ലഭിച്ചു. കോൺഗ്രസിന് 44 സീറ്റുകളായിരുന്നു നേടാൻ സാധിച്ചത്. സഖ്യധാരണ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേന അവകാശം ഉന്നയിച്ചെങ്കിലും അത് അംഗീകരിക്കാൻ ബി ജെ പി തയ്യാറായില്ല. ഇതോടെ ശിവസേന ബി ജെ പിയുമായി ഇടഞ്ഞ് കോൺഗ്രസിനും എൻ സി പിക്കുമൊപ്പം കൈകോർക്കുകയായിരുന്നു. തുടർന്ന് മഹാവികാസ് അഘാഡി എന്ന പേരിൽ സഖ്യം രൂപീകരിച്ച് ഭരണത്തിലേറുകയും ചെയ്തു.
ബി ജെ പിയെ സംബന്ധിച്ച് അവർക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഈ നീക്കം. അതുകൊണ്ട് തന്നെ ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു പിന്നീടങ്ങോട്ട് ബി ജെ പി. ഒടുവിൽ 2022 ൽ ശിവേസനയെ പിളർത്തി ബി ജെ പി സംസ്ഥാന ഭരണം തിരിച്ചുപിടിച്ചു. തുടർന്ന് എൻ സി പിയെ പിളർത്തി സർക്കാരിന്റെ നില കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്തു.
ഇത്തവണയും ബി ജെ പി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിൽ ഏക്നാഥ് ഷിൻഡെയുടെ ശിവേസനയും അജിത് പവാറിന്റെ എൻ സി പിയും ഉൾപ്പെടുന്നു. ഇരുപാർട്ടികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ 150 സീറ്റുകളിൽ ബി ജെ പി മത്സരിക്കാനാണ് ധാരണ ആയിരിക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു മഹായുതി സഖ്യത്തിന് നേരിടേണ്ടി വന്നത്. വെറും 17 സീറ്റിലണ് സഖ്യം വിജയിച്ചത്. മറുവശത്ത് മഹാ അഘാഡി സഖ്യത്തിന് 30 സീറ്റുകളിൽ വിജയിക്കാനായിരുന്നു.












Click it and Unblock the Notifications