അടിയന്തര വോട്ടെടുപ്പ് ഇല്ല; മഹാരാഷ്ട്ര ഹര്‍ജികളില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും
ദില്ലി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ഗവര്‍ണറുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച ഉത്തരവും ഫട്‌നാവിസ് സര്‍ക്കാരിന് പിന്തുണച്ചുള്ള കത്തും ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10.30ന് കോടതി ഈ രണ്ട് കാര്യങ്ങളും പരിശോധിക്കും. ശേഷം ഹര്‍ജികളില്‍ വിധി പറയും.

ശിവസേനയ്ക്ക് വേണ്ടി കപില്‍ സിബലും എന്‍സിപിക്കും കോണ്‍ഗ്രസിനും വേണ്ടി മനു അഭിഷേക് സിങ്‌വിയും ബിജെപിക്ക് വേണ്ടി മുകുള്‍ റോത്തഗിയും കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമാണ് സുപ്രീംകോടതിയില്‍ ഹാജരായത്. എല്ലാ അഭിഭാഷകരുടെയും വാദങ്ങള്‍ കേട്ട ശേഷമാണ് വിധി പറയാന്‍ ഹര്‍ജികള്‍ തിങ്കളാഴ്ചത്തേക്ക് ഡിവിഷന്‍ ബെഞ്ച് മാറ്റി വച്ചത്.
ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചില്‍ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണുള്ളത്. അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ത്രികക്ഷി സഖ്യത്തിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. ഈ മാസം 30ന് വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചത് ഭരണഘടനാ വിരുദ്ധമാണോ? രാഷ്ട്രപതി ഭരണം നിലനില്‍ക്കെ ഗവര്‍ണര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ നടപടികള്‍ സ്വീകരിച്ചത്? എന്നീ കാര്യങ്ങളിലാണ് തിങ്കളാഴ്ച സുപ്രീംകോടതി തീരുമാനമെടുക്കുക. ഗവര്‍ണറുടെ ഉത്തരവും ഫട്‌നാവിസിന് പിന്തുണ അറിയിച്ചുള്ള എംഎല്‍എമാരുടെ കത്തും തിങ്കളാഴ്ച 10.30ന് കോടതിയില്‍ ഹാജരാക്കാന്‍ തുഷാര്‍ മേത്തയോട് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കൂടാതെ കേന്ദ്രസര്‍ക്കാര്‍, ഫട്‌നാവിസ്, അജിത് പവാര്‍ എന്നിവരും നാളെ പ്രതികരണം അറിയിക്കണം. വിശ്വാസ വോട്ടെടുപ്പിനുള്ള സമയത്തിലും നാളെ കോടതി ഇടപെട്ടേക്കും. വാദം മൂന്ന് ദിവസം മാറ്റിവയ്ക്കണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീംകോടതി തള്ളുകയാണ് ചെയ്തത്.












Click it and Unblock the Notifications