മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ നീക്കം; ഷിന്‍ഡെ ക്യാംപിലെ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം?
മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ അനിശ്ചിത്വത്തിന് വേദിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ നിന്ന് എം എല്‍ എമാരും എം പിമാരും ഉടന്‍ പുറത്തുവരുമെന്ന് ശിവസനേ (യുബിടി) മുഖപത്രമായ സാമ്ന അവകാശപ്പെട്ടു. ബി ജെ പി സഖ്യത്തില്‍ നിരവധി പേര്‍ അസ്വസ്ഥരാണ് എന്നാണ് സാമ്‌ന തങ്ങളുടെ എഡിറ്റോറിയലില്‍ പറയുന്നത്.
ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ 22 എം എല്‍ എമാരും ഒമ്പത് ലോക്സഭാ എം പിമാരും ബി ജെ പിക്കൊപ്പമുള്ള സഖ്യത്തില്‍ അതൃപ്തരാണ് എന്നാണ് സാമ്‌നയില്‍ പറയുന്നത്. ശിവസേനയിലെ എം എല്‍ എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്നും അവരുടെ മണ്ഡലങ്ങളില്‍ വികസനം നടക്കുന്നില്ല എന്നതിനാല്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുകയാണ് എന്ന് പറഞ്ഞതായും ശിവസേന (യുബിടി) എംപി വിനായക് റാവത്ത് പറഞ്ഞു.

ഹം ഹി ശിവസേന എന്ന മുദ്രാവാക്യം വിളിച്ച ശിവസേനയുടെ മുതിര്‍ന്ന നേതാവ് ഗജാനന്‍ കീര്‍ത്തികര്‍ ബി ജെ പിയുടെ പെരുമാറ്റത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട് എന്നും സാമ്‌ന ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ നിലവില്‍ ബി ജെ പി - ശിവസേന സഖ്യമാണ് ഭരിക്കുന്നത്. സഖ്യത്തില്‍ സഖ്യത്തില്‍ എല്ലാം നല്ലതല്ല എന്ന സൂചനയാണ് ഗജാനന്‍ കീര്‍ത്തികര്‍നല്‍കുന്നത്.
ബി ജെ പി തങ്ങളോട് വിവേചനപരമായി പെരുമാറുന്നു. തങ്ങള്‍ 13 എം പിമാരുണ്ട്. ഇപ്പോള്‍ എന്‍ ഡി എയുടെ ഭാഗമാണ്. അഛതിനാല്‍ തന്നെ ഞങ്ങളുടെ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ അത് സംഭവിക്കുന്നതായി കാണുന്നില്ല എന്നാണ് ഗജാനന്‍ കീര്‍ത്തികര്‍ പറയുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 22 ലോക്സഭാ സീറ്റുകളില്‍ മത്സരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കീര്‍ത്തികര്‍ അവകാശപ്പെട്ടു.
ആത്മാഭിമാനവും ആദരവും പണം കൊണ്ട് വാങ്ങാനാവില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് സാമ്‌നയില്‍ പറയുന്നു. 22 ലോക്സഭാ സീറ്റുകളില്‍ മത്സരിക്കാന്‍ തന്റെ പാര്‍ട്ടി ആഗ്രഹിക്കുന്നു എന്നതിനര്‍ത്ഥം അവര്‍ ബി ജെ പിയോട് സീറ്റ് ആവശ്യപ്പെട്ടു എന്നാണ്. എന്നാല്‍ അവര്‍ക്ക് ഏഴ് സീറ്റുകള്‍ നല്‍കാന്‍ പോലും ബി ജെ പി തയ്യാറല്ല എന്നാണ് സാമ്‌ന റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നടന്ന വിമത പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശിവസേന പിളര്‍ന്നത്. ഒരു വിഭാഗം നേതാക്കള്‍ ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പം ചേക്കേറിയപ്പോള്‍ ചിലര്‍ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം നിലകൊണ്ടു. ഷിന്‍ഡെ വിഭാഗത്തിലെ എം എല്‍ എമാര്‍ ബി ജെ പിക്ക് പിന്തുണ കൊടുത്തതോടെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ നിലം പതിക്കുകയായിരുന്നു.












Click it and Unblock the Notifications