ചൈനയെ വാനോളം പുകഴ്ത്തി മാലി പ്രസിഡന്റ് മുയിസു: ഈ മാസം അവസാനം ഇന്ത്യയും സന്ദർശിച്ചേക്കും
ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള മന്ത്രിമാരുടെ പരാമർശങ്ങളുടെ പേരിൽ സ്വന്തം രാജ്യത്തെ പ്രതിപക്ഷത്തിന്റേയും ഇന്ത്യയുടേയും വിമർശനം തുടരവെ ചൈനയെ തന്റെ രാജ്യത്തിന്റെ "അടുത്ത സഖ്യകക്ഷികളും വികസന പങ്കാളികളും" എന്ന് വിശേഷിപ്പിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. അഞ്ച് ദിവസത്തെ ചൈന സന്ദർശനത്തിനെത്തിയ മുയിസു, ഒരു വിദേശ രാജ്യത്തിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിതെന്ന് ചൂണ്ടിക്കാട്ടി.
സാധാരണ ഗതിയില്‍ പുതിയ മാലിദ്വീപ് പ്രസിഡന്റുമാരുടെ ആദ്യം സന്ദർശനം ഇന്ത്യയിലേക്ക് ആണ് നടത്താറുള്ളത്. ഈ പതിവ് ഇന്ത്യ വിരുദ്ധനായ മുയിസു ഇത്തവണ തെറ്റിക്കുകയായിരുന്നു. പ്രസിഡന്റ് ഷി ജിൻപിംഗിന്റെ വിവാദ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് "മാലിദ്വീപിൽ സുപ്രധാനമായ അടിസ്ഥാന സൗകര്യ പദ്ധതികൾ" നൽകിയെന്നും മുയിസു പറഞ്ഞു. "ദീർഘകാലവും ഫലപ്രദവുമായ സർക്കാർ-സർക്കാർ-ബിസിനസ്-ബിസിനസ് സഹകരണത്തെക്കുറിച്ച്" ഞങ്ങള്‍ സംസാരിച്ചുവെന്ന് ഫുജൂവിൽ ഇൻവെസ്റ്റ് മാലിദ്വീപ് ഫോറത്തില്‍ ചൈനയിലെ നിക്ഷേപകരെ അഭിസംബോധന ചെയ്തുകൊണ്ട് മുയിസു പറഞ്ഞു.

മാലിദ്വീപ് സർക്കാർ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മാലിദ്വീപും ചൈനയും തമ്മിലുള്ള ബന്ധം പുരാതന മാരിടൈം സിൽക്ക് റോഡ് മുതലുള്ളതാണെന്നും ദ്വീപ് സമൂഹം 2014 ൽ ഷി ജിൻപിങ്ങിന്റെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ കക്ഷിയായി മാറിയെന്നും അദ്ദേഹംഹ ചൂണ്ടിക്കാട്ടി. സെൻട്രൽ എയർപോർട്ടിന്റെയും വാണിജ്യ തുറമുഖത്തിന്റെയും വിപുലീകരണത്തിനായുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിച്ച മാലിദ്വീപ് പ്രസിഡന്റ്, "ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ചട്ടക്കൂടിന് കീഴിൽ പങ്കാളിത്തം പര്യവേക്ഷണം ചെയ്യാൻ തന്റെ സർക്കാർ താൽപ്പര്യപ്പെടുന്നു" എന്നും പറഞ്ഞു.
ചൈനയും മാലിദ്വീപും തമ്മിൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറും (എഫ്ടിഎ) പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഒരു മാലദ്വീപ് എംപി പ്രസിഡന്റിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും മറ്റൊരാൾ വിദേശകാര്യ മന്ത്രിയെ വിളിക്കാൻ പാർലമെന്റിനോട് അഭ്യർത്ഥിക്കുകയും ചെയ്ത സമയത്താണ് മുയിസുവിന്റെ ചൈന സന്ദർശനം. ഇന്ത്യാ വിരുദ്ധ പരാമർശത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം മൂന്ന് മന്ത്രിമാർ മാലിയില്‍ രാജിവെച്ചിരുന്നു. ഇന്ത്യാവിരുദ്ധ പരാമർശത്തിന്റെ പശ്ചാത്തലത്തില്‍ മാലി ദ്വീപ് ബഹിഷ്കരിക്കണമെന്ന കാമ്പയിന്‍ ഇന്ത്യയില്‍ വളരെ ശക്തമാകുകയും ചെയ്തിരുന്നു.
അതേസമയം, ഇന്ത്യ-മാലിദ്വീപ് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ മാസം അവസാനം പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചേക്കും. മുയിസു സർക്കാർ അധികാരത്തിലേറുന്നതിന് മുമ്പ് ഇന്ത്യയും മാലിദ്വീപും നല്ല ഉഭയകക്ഷി ബന്ധത്തിലൂടെയായിരുന്നു കടന്ന് പോയിരുന്നത്. 1988-ലെ അട്ടിമറി ശ്രമവും 2004-ലെ സുനാമിയും പോലുള്ള നിർണായക നിമിഷങ്ങളിൽ സഹായം വാഗ്ദ്ധാനം ചെയ്തുകൊണ്ട് ഇന്ത്യ മാലിക്ക് ഉറച്ച പിന്തുണ നൽകി. 2014 ഡിസംബറിലെ മാലിയുടെ ജലപ്രതിസന്ധിയോടുള്ള ഇന്ത്യയുടെ ദ്രുത പ്രതികരണവും കോവിഡ് -19 പാൻഡെമിക് സമയത്ത് തുടരുന്ന പിന്തുണയും ശക്തമായ ബന്ധങ്ങൾക്ക് അടിവരയിടുന്നു. എന്നാല്‍ ഇന്ത്യ വിരുദ്ധ പരാമർശങ്ങളിലൂന്നിയായിരുന്നു മുയിസുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണവും വിജയവും.












Click it and Unblock the Notifications