കാളി ദേവി വിവാദം; മൗനം വെടിഞ്ഞ് മമത, ബിജെപിയെ വെല്ലുവിളിച്ച് മെഹുവ മൊയിത്ര
കൊല്‍ക്കത്ത: കാളിദേവി വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി. ആര്‍ക്കും തെറ്റുപറ്റാമെന്നും എന്നാല്‍ അതുതിരുത്താന്‍ കഴിയുമെന്നും ഒരുചടങ്ങില്‍ സംബന്ധിക്കവെ മമത പറഞ്ഞു. ജോലി ചെയ്യുമ്പോള്‍ നമുക്ക് തെറ്റുകള്‍ സംഭവിക്കുന്നു. പക്ഷേ അത് തിരുത്താനും കഴിയും. ചിലര്‍ എല്ലാ നല്ല പ്രവൃത്തികളും കാണാതെ നിലവിളിക്കും. നിഷേധാത്മക സ്വഭാവം നമ്മുടെ തലച്ചോറിനെ ബാധിക്കും. അതിനാല്‍ നല്ലത് ചിന്തിക്കുകയാണ് വേണ്ടതെന്നും മമതാ ബാനര്‍ജി പറഞ്ഞു.

അതേസമയം, കാളീദേവിയെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയിത്ര വ്യക്തമാക്കി. പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ബിജെപിയെ അവര്‍ വെല്ലുവിളിച്ചു. തന്റെ വിശ്വാസ സങ്കല്‍പ്പത്തിന്റെ മുകളില്‍ ഉത്തരേന്ത്യന്‍ സങ്കല്‍പ്പങ്ങളെ അടിച്ചേല്‍പ്പിക്കാനാണ് ബിജെപിയുടെ ശ്രമം. കാളി എന്നാല്‍ തന്റെ സങ്കല്‍പത്തില്‍ മാംസം കഴിക്കുന്ന, മദ്യം സേവിക്കുന്ന ദേവതയാണ്. ദേവിയെക്കുറിച്ച് ഭക്തര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സങ്കല്‍പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഓരോ പ്രദേശത്തും ഓരോ രീതിയിലാണ് കാളിയെ ആരാധിക്കുന്നതെന്നും മെഹുവ മൊയിത്ര പറഞ്ഞു.
മധ്യപ്രദേശിലെ ഉജ്ജെയ്നില്‍ കാല ഭൈരവ ക്ഷേത്രത്തിലേയും അസമിലെ കാമാക്യ ക്ഷേത്രവും ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അവര്‍, തനിക്കെതിരെ കേസെടുക്കാന്‍ രണ്ടുസംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകളെ വെല്ലുവിളിച്ചു. വിവാദത്തില്‍ മെഹുവ മൊയ്ത്രക്കെതിരെ ബിജെപി നേതാക്കള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതിനിടെയാണ് അവര്‍ വീണ്ടും നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കുന്നത്.
മെഹുവയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി രംഗത്തുവന്നു. രാജ്യത്തെ വിവിധയിടങ്ങളില്‍ ആരാധനാ രീതികള്‍ വ്യത്യസ്തമാണ്. ഇക്കാര്യം എല്ലാ ഹിന്ദുക്കള്‍ക്കും അറിയാമെന്ന മെഹുവയുടെ പ്രസ്താവന ശരിയാണെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ആര്‍ക്കും മതസംബന്ധിയായ ഒരു കാര്യവും പൊതുവേദിയില്‍ പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. എന്തെങ്കിലും പറഞ്ഞാല്‍ ആരെങ്കിലും പരാതിയുമായി എത്തും. മതത്തെ വ്യക്തികള്‍ക്ക് സ്വകാര്യമായി ആചരിക്കാന്‍ വിട്ടുകൊടുക്കൂ എന്നും തരൂര്‍ പറഞ്ഞു. ട്വീറ്റ് വിവാദമായതോടെ കോണ്‍ഗ്രസ് വക്താവ് രാഗിണി നായക് തരൂരിനെ തള്ളിപ്പറഞ്ഞു. ഇതോടെ തന്റെ ട്വീറ്റുകളില്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്ന് ശശി തരൂര്‍ വിശദീകരിച്ചു. താന്‍ ചെയ്യുന്ന എല്ലാ ട്വീറ്റുകളും വ്യക്തിഗത അഭിപ്രായമാണെന്ന് തരൂര്‍ വ്യക്തമാക്കി.
മെഹുവ മൊയിത്രക്കെതിരെ ബിജെപി നേതാക്കള്‍ ഒട്ടേറെ പരാതികള്‍ നല്‍കിയിട്ടുണ്ട്. ഒന്ന് കൊല്‍ക്കത്തയിലാണ്. ഇനിയും പരാതി നല്‍കുമെന്ന് ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. പത്ത് ദിവസം കാത്ത ശേഷം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications