ഭാര്യയെ 22 വര്‍ഷം പൂട്ടിയിട്ടു
മംഗലാപുരം: 22 വര്‍ഷമായി ഭര്‍ത്താവ് പൂട്ടിയിട്ടിരുന്ന മധ്യവയസ്‌കയെ രക്ഷപ്പെടുത്തി. കര്‍ണാടകത്തിലെ മംഗലാപുരത്തിനടുത്ത് കട്ടീലിലാണ് 55 കാരിയായ സുലോചന നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം പുറംലോകം കണ്ടത്. വീട് പൂട്ടിയിട്ട് സുലോചനയെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി പീഡിപ്പിക്കുകയായിരുന്നു ഭര്‍ത്താവായ മാധവ പൂജാരി.
ഗ്രാമപഞ്ചായത്ത് മെംബര്‍മാര്‍ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ ജീവകാരുണ്യ പ്രവര്‍ത്തകയായ ശ്യാമളയാണ് സുലോചനയെ 22 കൊല്ലമായി സഹിക്കുന്ന ദുരിതത്തില്‍ നിന്നും രക്ഷിച്ചത്. വീട്ടില്‍ പൂട്ടിയിട്ടത് കൂടാതെ രണ്ടാഴ്ച മുന്‍പ് മാധവ പൂജാരി ഇവരെ അടിച്ച് കൈയ്യൊടിക്കുകയും ചെയ്തിരുന്നത്രെ.

മംഗലാപുരത്തെ വെന്‍ലോക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുകയാണ് സുലോചന ഇപ്പോള്‍. 23 വര്‍ഷം മുന്‍പാണ് ഇവര്‍ മാധവ പൂജാരിയെ വിവാഹം ചെയ്തത്. അന്ന് മുതലിതുവരെ ഭര്‍ത്താവില്‍ നിന്നും ക്രൂരതയും അപമാനവും മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളു എന്ന് ഈ സാധുസ്ത്രീ പറയുന്നു. പീഡനങ്ങള്‍ ഏറ്റ് മനസ്സുമടുത്തും പട്ടിണി കിടന്നും എല്ലും തോലുമായ സുലോചന വെറും 30 കിലോ തൂക്കമേ ഇപ്പോഴുള്ളൂ.
ഉടുപ്പി സ്വദേശിയായ ഇവരുടെ ബന്ധുക്കളാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. വിവാഹം കഴിഞ്ഞ് ഒമ്പത് മാസമായപ്പോള്‍ മുതല്‍ ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും ഇവരെ പീഡിപ്പിക്കാന്‍ തുടങ്ങിയത്രെ. ഇവര്‍ മുംബൈയിലേക്ക് താമസം മാറ്റിയെങ്കിലും സുലോചനയുടെ കഷ്ടകാലം കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ വക പീഡനമായി പിന്നെ. ഇവര്‍ക്ക് കുട്ടികളില്ല. സുലോചനയുടെ പരാതിയില്‍ പോലീസ് മാധവ പൂജാരിയെ അറസ്റ്റ് ചെയ്തു.


Click it and Unblock the Notifications