മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം: സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഡൽഹി: മണിപ്പുരിൽ സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവം സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ജെപി പർദ്ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് വിഷയം പരിഗണിക്കുക. നേരത്തേ വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ സെടുത്തിരുന്നു.കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനമായിരുന്നു അന്ന് സുപ്രീം കോടതി ഉന്നയിച്ചത്.

'സർക്കാർ എത്രയും പെട്ടെന്ന് ഇടപെടേണ്ട സമയമാണിത്. ഭരണഘടനാപരമായ ജനാധിപത്യ സംവിധാനത്തിൽ ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാകില്ല. തീർത്തും അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണിത്', എന്നായിരുന്നു കോടതിയുടെ വിമർശനം. സാമുദായിക സംഘർഷങ്ങളിൽ സ്ത്രീകളെ ആയുധമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സർക്കാർ നടപടിയെടുക്കാൻ തയ്യാറായില്ലെങ്കിൽ ഞങ്ങൾ ഇടപെടും എന്ന മുന്നറിയിപ്പും ചീഫ് ജസ്റ്റിസ് ബിവൈ ചന്ദ്രചൂഡ് മുന്നറിയിപ്പ് നൽകിയിരുന്നു. കേസിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്നും കോടതി അറിയിച്ചിരുന്നു. അതേസമയം അതിക്രമത്തിന് ഇരയായ സ്ത്രീകളും കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കുമെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
അതിനിടെ കേസ് സിബിഐക്ക് വിട്ടതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര സെക്രട്ടറി അജയ് ബെല്ല സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മണിപ്പൂർ അക്രമക്കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നും അദ്ദേഹം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു. കൂടാതെ മണിപ്പൂരിലെ കൂട്ടബലാത്സംഗക്കേസ് ഉൾപ്പെടെയുള്ള മുഴുവൻ കേസുകളുടെയും വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കാൻ ഉത്തരവിടണമെന്നും കേന്ദ്രം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
മെയ് നാലിന് കാൻഗ്പോക്പി ജില്ലയിലായിരുന്നു രാജ്യത്തിന് തന്നെ നാണക്കേടായ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പല കോണിൽ നിന്നും രൂക്ഷമായ വിമർശനങ്ങളായിരുന്നു ഉയർന്നത്. കേസിൽ പ്രധാന പ്രതി അടക്കമുള്ളവരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. വീഡിയോ എടുത്തയാളെ കസ്റ്റഡിയിൽ എടുത്തതായും ഇയാളുടെ ഫോൺ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചിരുന്നു.
മണിപ്പൂർ: പ്രതിപക്ഷ പാർട്ടികൾ അടിയന്തര പ്രമേയ അവതരണാനുമതി തേടും
മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടും. മറ്റ് അജണ്ടകൾ മാറ്റി വെച്ച് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മണിപ്പൂരിൽ ദ്വിദിന സന്ദർശനം നടത്തിയിരുന്നു. സന്ദർശന വേളയിൽ ലഭിച്ച വിവരങ്ങൾ കൂടി ഉയർത്തി പ്രതിപക്ഷം ഇന്ന് വലിയ പ്രതിഷേധം ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications