മണിപ്പൂര്‍ കലാപം; മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍, വിശദമായ അന്വേഷണം
ന്യൂഡല്‍ഹി: നൂറോളം പേര്‍ കൊല്ലപ്പെട്ട മണിപ്പൂര്‍ കലാപം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയാണ് അന്വേഷിക്കുക. മറ്റു രണ്ടുപേര്‍ മുന്‍ ഉദ്യോഗസ്ഥരാണ്. വിശദമായ അന്വേഷണം നടത്തി സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അത് പരിശോധിച്ചാണ് സര്‍ക്കാര്‍ നടപടിയെടുക്കുക.
ഗുവാഹത്തി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജയ് ലാംബ, മുന്‍ ഉദ്യോഗസ്ഥന്‍ ഹിമാന്‍ശു ശേഖര്‍ ദാസ്, ഐബി മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ അലോക് പ്രഭാകര്‍ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്. മെയ് ആദ്യത്തില്‍ തുടങ്ങിയ കലാപത്തില്‍ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. ആരാധനാലയങ്ങള്‍ കത്തിക്കുകയും നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. മൂന്ന് ദിവസം സംസ്ഥാനത്ത് തങ്ങി ക്രമസമാധാന സാഹചര്യം അദ്ദേഹം വിലയിരുത്തി. വിവിധ മത-ജാതി വിഭാഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. എല്ലാവരും സംഘര്‍ഷത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അക്രമങ്ങള്‍ അരങ്ങേറി ദിവസങ്ങള്‍ക്ക് ശേഷമാണ് അമിത് ഷാ ഇടപെട്ടത് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
കലാപത്തിലേക്ക് നയിച്ച കാരണങ്ങള്‍, വ്യാപനം എന്നിവയാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചോ, ഭരണപരമയാ കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ലേ തുടങ്ങിയ കാര്യങ്ങളും കമ്മീഷന്‍ പരിശോധിക്കും. ബിജെപിയാണ് മണിപ്പൂര്‍ ഭരിക്കുന്നത്. സൈന്യത്തെ ഇറക്കിയാണ് കലാപം അടിച്ചമര്‍ത്തിയത്.
ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കലാപത്തിന് രണ്ടു കാരണങ്ങളാണ് പറയപ്പെടുന്നത്. ആദിവാസി വിഭാഗമായ കുകി സമുദായത്തെ വനമേഖലയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമമാണ് ഒന്ന്. മറ്റൊന്ന് മെയ്‌തെയ് വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കാനുള്ള ശ്രമം നടക്കുന്നു എന്ന പ്രചാരണവും.
പട്ടിക ജാതി വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ മെയ്‌തെയ് വിഭാത്തില്‍പ്പെട്ടവര്‍ക്കും നല്‍കാന്‍ നീക്കം നടന്നിരുന്നു എന്നാണ് പ്രചാരണം. ഇതില്‍ കുകി സമുദായം വളരെ ആശങ്കയിലായിരുന്നു. മെയ് മൂന്നിന് ആദിവാസി ഐക്യദാര്‍ഢ്യ റാലി നടന്നു. ഇതിന് നേരെ ആക്രമണമുണ്ടായി. തുടര്‍ന്നാണ് കലാപം വ്യാപിച്ചത് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സിബിഐ അന്വേഷിക്കണം എന്നാണ് കുകി സമുദായ നേതാക്കള്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications