മണിപ്പൂരില്‍ അയവില്ലാതെ സംഘർഷം: മന്ത്രി കോന്തൗജം ഗോവിന്ദസിന്റെ വീടിന് നേർക്ക് ആക്രമം
ഇംഫാല്‍: മണിപ്പൂരില്‍ സംഘർഷം അയവില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ഒരാളുടെ മരണത്തിന് ഇടയാക്കിയ സംഘർഷത്തിന് പിന്നാലെ ഒരു സംഘം മണിപ്പൂർ പിഡബ്ല്യുഡി മന്ത്രി കോന്തൗജം ഗോവിന്ദസിന്റെ വീട് തകർത്തു. ബിഷ്ണുപൂർ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വീടിന് നേർക്കാണ് ആക്രമം ഉണ്ടായത്. റ്റൊരു സമുദായത്തിൽപ്പെട്ട തീവ്രവാദികളിൽ നിന്ന് പ്രദേശവാസികളെ സംരക്ഷിക്കാൻ സർക്കാർ വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഒരു വിഭാഗം മന്ത്രിയുടെ വീടിന് നേർക്ക് തിരിഞ്ഞത്.
അക്രമ സമയത്ത് ബി ജെ പി നേതാവായ മന്ത്രിയും കുടുംബാംഗങ്ങളും വീട്ടിൽ ഉണ്ടായിരുന്നില്ല. വലിയ തോതില്‍ സ്ത്രീകളടങ്ങുന്ന ജനക്കൂട്ടം നിങ്‌തൗഖോംഗ് ഏരിയയിലെ വീട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗേറ്റിന്റെ ഒരു ഭാഗം, ജനലുകൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ നശിപ്പിക്കപ്പെട്ടു. മൂന്നാഴ്ച മുമ്പ് ആരംഭിച്ച് 70-ലധികം പേരുടെ ജീവനെടുത്ത മെയ്തേയ്, കുക്കി സമുദായക്കാർക്കിടയിൽ സംസ്ഥാനത്ത് നടക്കുന്ന വംശീയ അക്രമത്തിനിടെ ഇതാദ്യമായാണ് ഒരു മന്ത്രിയുടെ വീട് ആക്രമിക്കപ്പെടുന്നത്.

സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ടെങ്കിലും സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെടുകയായിരുന്നു. അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ കർഫ്യൂ ഇളവ് ജില്ലാ അധികൃതർ റദ്ദാക്കി. നേരത്തെ സംഘർഷ സാഹചര്യം ലഘൂകരിക്കപ്പെട്ടതിനെ തുടർന്ന് കർഫ്യൂവിൽ രാവിലെ 5 മുതൽ വൈകിട്ട് 4 വരെ ഇളവ് നൽകിയിരുന്നു.
"പ്രദേശവാസികൾ രോഷാകുലരാവുകയും മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, ഗോവിന്ദാസ്, മറ്റ് ബി ജെ പി എംഎൽഎമാർ എന്നിവർ അക്രമങ്ങളിൽ നിശബ്ദത പാലിക്കുകയാണെന്നും സായുധരായ തീവ്രവാദികളിൽ നിന്ന് തങ്ങളെ സംരക്ഷിക്കാൻ വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്നും അവർ ആരോപിച്ചു," ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ബിഷ്ണുപൂർ ജില്ലയിലെ ടോറോങ്‌ലോബിയിൽ ചൊവ്വാഴ്ച രാത്രി തീവ്രവാദികൾ ചില ഗ്രാമീണരുടെ വീടുകൾ കത്തിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ബിഷ്ണുപൂർ ജില്ലയിൽ നടന്ന വ്യത്യസ്ത അക്രമ സംഭവങ്ങളിൽ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു. ചുരാചന്ദ്പൂർ തെൻഗ്ര ലെയ്‌കൈയിലെ തോജം ചന്ദ്രമണി എന്ന യുവാവാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. വെടിയുണ്ട ഇയാളുടെ ശരീരം തുളച്ച് കടന്നുപോയി. യുവാവിനെ കൊണ്ടുവന്ന ആശുപത്രിക്ക് സമീപം സംഘർഷാവസ്ഥ നിലനിന്നെങ്കിലും പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു.












Click it and Unblock the Notifications