മന്‍മോഹന്‍ സിങിന് വിട; രാജ്യം കണ്ട ഏറ്റവും സൗമ്യനായ പ്രധാനമന്ത്രി: സാമ്പത്തിക പരിഷ്‌കരണത്തിന്‍റെ സൂത്രധാരന്‍
ഡല്‍ഹി: രാജ്യത്തിന്റെ പതിമൂന്നാമത്തെയും പതിനാലാമത്തേയും പ്രധാനമന്ത്രി എന്നതിനോടൊപ്പം ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ഉടച്ചുവാർത്ത ധനമന്ത്രിയെന്ന നിലയില്‍ എക്കാലവും ഓർമ്മിക്കപ്പെടുന്ന നേതാവാണ് ഡോ.മന്‍മോഹന്‍ സിങ്. രാജ്യം കണ്ട എക്കാലത്തേയും മികച്ച സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍ സിങ് 1991ൽ നരസിംഹറാവു സർക്കാരിൽ തികച്ചും അപ്രതീക്ഷീതമായിട്ടാണ് ധനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ധനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ് നടത്തിയ ലൈസൻസ് രാജ്, ഉദാരവത്കരണ നയങ്ങള്‍ പില്‍ക്കാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് അടിത്തറയിട്ടു.
ജനനം-പഠനം
1932 സെപ്റ്റംബർ 26 ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിലാണ് മന്‍മോഹന്‍ സിങ് ജനിക്കുന്നത്. പിതാവ് ഗുർമുഖ് സിങ്, മാതാവ് അമൃത് കൗർ. 1947 ലെ ഇന്ത്യാ വിഭജന സമയത്ത് മന്‍മോഹന്‍ സിങും കുടുംബവും അമൃത്സറിലേക്ക് കുടിയേറി. പഠിക്കാന്‍ ഏറെ മിടുക്കനായിരുന്ന അദ്ദേഹം അമൃത്സറിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പഞ്ചാബ് സർവ്വകലാശാലയിൽ ചേരുകയും ഉന്നത മാർക്കോടെ എം എ പാസാകുകയും ചെയ്തു.

ഔദ്യോഗിക ജീവിതം
1954 ല്‍ പി എച്ച് ഡി പഠനത്തിനായി കേംബ്രിഡ്ജ് സർവ്വകലാശാലയിലേക്ക് മാറിയതാണ് മന്‍മോഹന്‍ സിങിന്റെ കരിയറില്‍ നിർണ്ണായകമായത്. സ്കോളർഷിപ്പോടെ കേംബ്രിഡ്ജ് സർവ്വകലാശാലയിലേക്ക് എത്തിയ അദ്ദേഹം ഇംഗ്ലണ്ടില്‍ നിന്നും മടങ്ങിയത് ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള റൈറ്റ്സ് പുരസ്കാരവും, ആദം സ്മിത്ത് പുരസ്കാരവും നേടിയാണ്.
1957 വിദേശ പഠനം കഴിഞ്ഞെത്തിയ അദ്ദേഹം പഞ്ചാബ് സർവ്വകലാശാലയിലെ അധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിലേക്ക് കടന്നത്. 1966-1969 വരെ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആന്റ് ഡിവലപ്പ്മെന്റിൽ ഇക്കണോമിക്സ് ഓഫീസറായി സേവനമനുഷ്ഠിച്ച മന്‍മോഹന്‍ സിങ് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസ്സറായി അധ്യാപക ജീവിതം പുനഃരാരംഭിച്ചു.
1971 ൽ ഗതാഗത വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനാവുകയും 1972 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ ഭാരത സർക്കാർ ധനകാര്യ വകുപ്പിൽ മുഖ്യ ഉപദേഷ്ടാവുമായി. 1980-1982 കാലത്തെ ആസൂത്രണവകുപ്പിലെ ഉദ്യോഗത്തില്‍ പുലർത്തിയ മികവ് ഭരണകർത്താക്കളില്‍ നിന്നുള്ള ശ്രദ്ധ അദ്ദേഹത്തിലേക്കെത്തിച്ചു. ഇതിന്റെ ഫലമായിട്ടായിരുന്നു 1982 ൽ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി മൻമോഹൻ സിങിനെ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിക്കുന്നത്. പിന്നാലെ 1985 മുതൽ 1987 വരെയുള്ള കാലഘട്ടത്തിൽ ആസൂത്രണകമ്മീഷൻ ഉപാദ്ധ്യക്ഷനായും അതിന് ശേഷം സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറലായും നിയമിക്കപ്പെട്ടു.

80 കളുടെ അവസാനത്തിലും 90 കളുടെ തുടക്കത്തിലും പ്രധാനമന്ത്രി വിപി സിംഗിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്‍ ചെയർമാന്‍, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ചെയർമാന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചു.
രാഷ്ട്രീയത്തിലേക്ക്, ധനമന്ത്രി പദത്തില്‍
1991 ല്‍ പ്രധാനമന്ത്രി പിവി നരസിംഹറാവുവാണ് മന്‍മോഹന്‍ സിങിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തുന്നത്. തുടക്കത്തില്‍ നിരസിച്ചെങ്കിലും പിന്നീട് നിർബന്ധത്തിന് വഴങ്ങി നരസിംഹ റാവു മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി ചുമതലയേറ്റു. ഒരു ഘട്ടത്തില്‍ ഓഹരി വിപണി വിവാദവുമായി ബന്ധപ്പെട്ട് മൻമോഹൻ സിംഗ് കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ചെങ്കിലും ആ രാജിക്കത്ത് സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.
1991 മുതല്‍ 1996 വരേയുള്ള കാലയളവില്‍ മന്‍മോഹന്‍ സിങ് അവതരിപ്പിച്ച ബജറ്റുകള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്തു. അദ്ദേഹം തുടങ്ങിവച്ച ഉദാരവൽകരണ നയങ്ങള്‍ അന്ന് എതിർക്കപ്പെട്ടവർക്ക് പോലും പിന്നീട് അംഗീകരിക്കേണ്ടി വന്നു. ലൈസൻസ് രാജ് നീക്കാനും വിപണി വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുക്കാനും പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനും മൻമോഹൻ സിങ് തയ്യാറായി.
അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിട്ടാണ് മന്‍മോഹന്‍ സിങ് പാർലമെന്റിലെത്തിയത്. 2013-2019,2007-2013,2001-2007, 1995-2001,1991-1995 കാലയളവില്‍ അദ്ദേഹം അസമിനെ പ്രതിനിധീകരിച്ചു. അവസാന കാലത്ത് (2019-2024) രാസ്ഥാനില്‍ നിന്നുള്ള അംഗമായിരുന്നു മന്‍മോഹന്‍ സിങ്. 1998 മുതൽ 2004 വരെയുള്ള കാലയളവിലെ വാജ്പേയി സർക്കാറിന്റെ കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവിന്റെ ചുമതലയും അദ്ദേഹം വഹിച്ചു. 1999 ൽ ദക്ഷിണ ഡൽഹിയിൽ നിന്നും ലോക സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഈ തിരഞ്ഞെടുപ്പ് സമയത്ത് പ്രചരണത്തിനായി തന്റെ കയ്യില്‍ നിന്നും വാങ്ങിയ രണ്ടു ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മന്‍മോഹന്‍ സിങ് തനിക്കു തിരിച്ചു തന്നുവെന്ന് പ്രമുഖ എഴുത്തുകാരനായ ഖുശ്വന്ത് സിങ് തന്റെ പുസ്തകത്തില്‍ കുറിച്ചിരുന്നു.

പ്രധാനമന്ത്രി പദത്തില്‍
2004 ല്‍ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് കേവല ഭൂരിപക്ഷം സമയത്ത് യു പി എ ചെയർമാൻ ആയ സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൻമോഹൻ സിങിന്റെ പേരു നിർദ്ദേശിക്കുകയായിരുന്നു. നേരത്തെ ഒരു തവണ പോലും ലോക്സഭയിലേക്ക് എത്താതിരുന്ന മന്‍മോഹന്‍ സിങ് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. 2004 മെയ് 22 ന് രാജ്യത്തിന്റെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അദ്ദേഹത്തിന്റെ ഭരണകാലയളവിലാണ് തൊഴിലുറപ്പ് പദ്ധതി, ആണവകരാർ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത്.
2009 ല്‍ യുപിഎ വീണ്ടും അധികാരത്തില്‍ വരികയും മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി പദത്തില്‍ തുടരുകയും ചെയ്തു. രണ്ടാംകാലയളവില്‍ പാർട്ടിയും മുന്നണിയും സമാനതകളില്ലാത്ത അഴിമതി ആരോപണങ്ങള്‍ നേരിട്ടപ്പോഴും മന്‍മോഹന്‍ സിങിന്റെ കൈകളില്‍ അഴിമതിയുടെ യാതൊരു കറയും പുരണ്ടില്ല. രാജ്യം കണ്ട ഏറ്റവും സൗമ്യനായ പ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം.
കുടുംബം
1958 ലാണ് മന്‍മോഹന്‍ സിങ് ഗുർശരൺ കൗറിനെ വിവാഹം ചെയ്യുന്നത്. ഉപീന്ദർ സിങ്, ദാമൻ സിങ്, അമൃത് സിങ് എന്നിവരാണ് മക്കള്‍. ആറോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഉപീന്ദർ സിങ് ഡൽഹി സർവ്വകലാശാലയിൽ ചരിത്രാദ്ധ്യാപികയാണ്. അമൃത് സിങ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ സ്റ്റാഫ് അറ്റോർണിയായി പ്രവർത്തിക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications