കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവർ അമേരിക്കയിൽ അടിച്ചു പൊളിക്കുന്ന അങ്ങയോട് ചോദിക്കുന്നു'- ഹൗഡി മോഡി? വൈറലായി പോസ്റ്റ്

Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയ്ക്ക് രാജ്യത്തിന് അകത്തും പുറത്തും തിളക്കമേറ്റിയിരിക്കുകയാണ് ഹൗഡി മോഡി എന്ന ഹൂസ്റ്റണിലെ പരിപാടി. അരലക്ഷത്തോളം പേരെ പങ്കെടുപ്പിക്കാനായതും അമേരിക്കൻ പ്രസിഡണ്ട് പരിപാടിയിൽ പങ്കെടുത്തതും മോദിക്കും ബിജെപിക്കും നേട്ടമായി. ഇന്ത്യയിൽ എല്ലാം സുഖമായി പോകുന്നു എന്നാണ് പരിപാടിയിൽ നരേന്ദ്ര മോദി പറഞ്ഞത്.

എന്നാൽ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് നട്ടം തിരിയുകയാണ് രാജ്യത്തെ വ്യവസായ ലോകം മുതൽ സാധാരണക്കാരടക്കമുളളവർ. മോദിയുടെ ഹൗഡി മോഡിക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയിരിക്കുകയാണ് സിപിഎം നേതാവ് എംബി രാജേഷ്, ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

 മനോരമ പുളകം കൊള്ളുന്നു

മനോരമ പുളകം കൊള്ളുന്നു

''ഹൗഡി മോഡി എന്ന ഹൂസ്റ്റണിലെ കുശലാ ന്വോഷണത്തിന് "ഭാരത് മേം സബ് അഛാ ഹേ" എന്ന് ഹിന്ദിയിലും "എല്ലാവർക്കും സൗഖ്യം " എന്ന് മലയാളത്തിലും മോദിമൊഴിഞ്ഞതായി മനോരമ പുളകം കൊള്ളുന്നു. മോദി പറയുന്ന സുഖം ഇന്ത്യയിൽ ആർക്കൊക്കെയാണ്? അമേരിക്കയിലേക്ക് തിരിക്കും മുമ്പ് ഒരു മാസത്തിനിടയിലെ അഞ്ചാമത്തെ പാക്കേജിലൂടെ 1.45 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് നികുതിയിളവെന്ന ബമ്പർ ലോട്ടറിയടിച്ച വൻകിട മുതലാളിമാർക്ക് മോദി പകർന്നത് പരമാനന്ദ സുഖം. ടെറ്റൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എസ്.സുബ്രഹ്മണ്യം നികുതിയിളവിനെ കുറിച്ച് ട്വീറ്റ് ചെയ്തത് ദീപാവലി നേരത്തേയെത്തിയ പോലെ എന്നായിരുന്നല്ലോ.

വിശാലമാണ് മനോരമേ വിശാലമാണ്

വിശാലമാണ് മനോരമേ വിശാലമാണ്

മാന്ദ്യത്തിൽ ജനലക്ഷങ്ങൾ വലയുമ്പോഴും മുതലാളിമാരുടെ കണ്ണീരൊപ്പി അവർക്ക് ദീപാവലി അഡ്വാൻസായി എത്തിച്ചു കൊടുത്ത മോദിജിയുടെ മനസ്സുണ്ടല്ലോ അത് വീണ പൂവ് പെറുക്കിയെടുക്കാൻ കാണിച്ചതിനേക്കാൾ വിശാലമാണ് മനോരമേ വിശാലമാണ്. നികുതിയിളവിന്റെ ദീപാവലി മധുരം അമേരിക്കൻ മുതലാളിമാർക്ക് കൂടി കയ്യോടെ കൊടുക്കാനാണ് അങ്ങോട്ട് തിരിക്കും മുമ്പ് തന്നെ അഞ്ചാമത്തെ ഉത്തേജക പാക്കേജ് അദ്ദേഹത്തിന്റെ ധനമന്ത്രി പ്രഖ്യാപിച്ചത്. 1.45 ലക്ഷം കോടിയുടെ നികുതിയിളവിനെ പ്രധാനമന്ത്രി തന്നെ വിശേഷിപ്പിച്ചത് 'ചരിത്രപരം ' എന്നാണല്ലോ.

 'മേരാ മോദി മഹാൻ'

'മേരാ മോദി മഹാൻ'

മുതലാളിമാർക്ക് ചരിത്രത്തിൽ മുമ്പില്ലാത്ത സൗജന്യമെന്ന് പ്രധാനമന്ത്രി തന്നെ പറയുന്നു. നോക്കു എത്ര സത്യസന്ധനാണ് അദ്ദേഹം? ഹീലിയസ് ക്യാപിറ്റലിന്റെ സ്ഥാപകൻ അമീർ അറോറ പറഞ്ഞത് ഇരുപത് ബജറ്റിന് തുല്യമായ നികുതിയിളവുകളാണ് ഈ ഒറ്റ പാക്കേജിലൂടെ കിട്ടിയതെന്നാണ്! ! കാശുണ്ടാക്കുന്നവരെ ബഹുമാനിക്കാൻ പഠിക്കണമെന്ന് ആഗസ്റ്റ് 15 ന്റ പ്രസംഗത്തിൽ മോദി ജി പറഞ്ഞപ്പോഴും മുതലാളിമാർ ഇത്രക്ക് പ്രതീക്ഷിച്ചു കാണില്ല.പിന്നെങ്ങനെ 'മേരാ മോദി മഹാൻ' എന്ന് മുതലാളിമാർ സ്തുതിക്കാതിരിക്കും?

കടിച്ചതിനെക്കൊണ്ട് വിഷമിറക്കിക്കുക

കടിച്ചതിനെക്കൊണ്ട് വിഷമിറക്കിക്കുക

രാജ്യത്ത് സാമ്പത്തിക മാന്ദൃമെന്ന് പറഞ്ഞവരെയൊക്കെ തിരിഞ്ഞു കടിച്ച തന്റെ ധനമന്ത്രി നിർമ്മല സീതാരാമനെക്കൊണ്ട് ഒരു മാസത്തിനിടെ ഉത്തേജക പാക്കേജ് അഞ്ചെണ്ണം ഇറക്കിച്ച മോദി ജി മഹാനല്ലെങ്കിൽ പിന്നാരാണ് ഹേ മഹാൻ? കടിച്ചതിനെക്കൊണ്ട് വിഷമിറക്കിക്കുക എന്നു പറയുന്നതിതിനാണോ ആവോ? പക്ഷേ പാക്കേജഞ്ചും കോർപ്പറേറ്റ് ചങ്ങാതിമാർക്കാണെന്നു മാത്രം. വളർച്ചയുടെ കണക്ക്, കള്ളമേറെ കാണിച്ചിട്ടും വെള്ളമേറെ ചേർത്തിട്ടും 8 ൽ നിന്ന് 5 ശതമാനമായി മുക്കുകുത്തിയതിന്റെ കാരണമാകട്ടെ ജനകോടികളുടെ ഉപഭോഗവും ഡിമാൻറും തല കുത്തി വീണതും.

മില്ലേനിയൽസിന്റെ കയ്യിലിരുപ്പാണ്

മില്ലേനിയൽസിന്റെ കയ്യിലിരുപ്പാണ്

(നിർമ്മലയുടെ സിദ്ധാന്തമനുസരിച്ച് ഇല്ലാത്ത മാന്ദ്യം ഉണ്ടെന്ന തോന്നലുണ്ടാക്കാൻ കാരണം മില്ലേനിയൽസിന്റെ കയ്യിലിരുപ്പാണ്.യുബറും ഓലയും നിരോധിച്ച് ആറാമത്തെ പാക്കേജിറക്കിയാൽ മതി.) കാറും ഫ്ലാറ്റും മോപ്പഡുകൾ അടക്കമുള്ള ടൂ വീലറുകളും ട്രാക്ടറും അടിവസ്ത്രവും ബിസ്കറ്റു മടക്കം ഉൽപ്പാദിപ്പിക്കുന്നതൊന്നും വിറ്റുപോകുന്നില്ല. കാർ ഫാക്ടറി മാത്രമല്ല ഷോറൂമുകളും അപ്പോളോ ടയേഴ്സ് പോലുള്ള ടയർ ഫാക്ടറികളും സ്പെയർ പാർട്ട്സ് നിർമാണ ഫാക്ടറികളും സിമന്റ്, സ്റ്റീൽ ഫാക്ടറികളും തുണിമില്ലുകളും കൂട്ടത്തോടെ പൂട്ടുകയോ തൊഴിലാളികകളുടെ എണ്ണം വെട്ടിക്കുറക്കുകയോ ചെയ്യുന്നു.

അവർക്ക് കഞ്ഞി കുമ്പിളിൽ പോലുമില്ല

അവർക്ക് കഞ്ഞി കുമ്പിളിൽ പോലുമില്ല

കാരണം ലളിതം. വാങ്ങാൻ പണമില്ല. അതെന്താ പണമില്ലാത്തത്? പണിയും കൂലിയുമില്ലാത്തതിനാൽ. ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെന്ന NSSO കണക്ക് നേരത്തേ ചൂണ്ടിക്കാണിച്ചവരെ തെറി വിളിച്ചു. കള്ളക്കണക്കു കൊണ്ട് ന്യായീകരിക്കാൻ പാഴ്ശ്രമം നടത്തി. ഭക്തർ തർക്കിച്ച് തലകുത്തി മറിഞ്ഞു. സമ്പദ്ഘടന അപ്പോഴും കുഴഞ്ഞു മറിഞ്ഞു. സാധാരണ മനുഷ്യർ ഉപജീവന മാർഗ്ഗം മുട്ടി വലഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിയിൽ മാത്രം 30 ലക്ഷം പേർക്ക് പണി പോയി. അവർക്കെന്തെങ്കിലും പാക്കേജുണ്ടോ?ഇളവുണ്ടോ? എവടെ? അവർക്ക് കഞ്ഞി കുമ്പിളിൽ പോലുമില്ല.

മാനത്തേക്ക് നോക്കിയിരിപ്പാണ്‌

മാനത്തേക്ക് നോക്കിയിരിപ്പാണ്‌

കോർപ്പറേറ്റുകൾ ഇരുപതു ബജറ്റിന്റെ പടക്കം ഒന്നിച്ച് പൊട്ടിച്ച് ദീപാവലി ആഘോഷം നേരത്തേ തുടങ്ങിയപ്പോൾ, മോദി ജി അമേരിക്കയിൽ പോയി ട്രമ്പിന് വോട്ട് ചോദിക്കുമ്പോൾ, (ഒന്നുമില്ലെങ്കിലും താൻ ഇതുവരെ കേട്ടിട്ടൊന്നുമില്ലെന്നാലും മോദി ജിക്ക് ഇംഗ്ലീഷൊക്കെ അറിയാമെന്ന നല്ല വാക്ക് പറഞ്ഞയാളല്ലേ ട്രമ്പ്) പണിയും കൂലിയും പോയ പാവങ്ങളായ ജനലക്ഷങ്ങൾ സമ്പന്നരുടെ കരിമരുന്ന് പ്രയോഗം കണ്ട് മാനത്തേക്ക് നോക്കിയിരിപ്പാണ്‌. ഉള്ളതു പറയണമല്ലോ അവർക്കും മോദി ജി ഉത്തേജകം കൊടുത്തിട്ടുണ്ട്. ദേശീയ മിനിമം കൂലി 176 രൂപയിൽ നിന്ന് 2 രൂപ കൂട്ടി 178 ആക്കിയിട്ടുണ്ട്.

പതഞ്ജലിയേക്കാൾ ഫലദായകം

പതഞ്ജലിയേക്കാൾ ഫലദായകം

വെറുതെയല്ല ഇന്ത്യയിൽ എല്ലാവർക്കും സൗഖ്യമെന്ന് മോദി ജി അമേരിക്കയിലുള്ളവരെ അറിയിച്ചത്. കോർപറേറ്റുകൾക്ക് സുഖം പകരാൻ മിനിമം ഒരു ഒന്നൊന്നര ലക്ഷം കോടിയൊക്കെ വേണം. അവൻമാരൊക്കെ എത്ര തിന്നാലും ആർത്തി തീരാത്ത ബകാസുരൻമാരല്ലേ? പാവപ്പെട്ട തൊഴിലാളികൾ നല്ലവർ. രണ്ടു രൂപ കൂട്ടിക്കിട്ടിയാൽ തന്നെ അവർക്ക് സുഖായി മോദി ജി. അതിന് പുറമെ അവർക്ക് കാശ്മീരും ആസ്സാമും ഹിന്ദിയും ദേശസ്നേഹവും ചേർത്ത് കുഴച്ചു കൊടുത്ത പുതിയ ഉത്തേജക മരുന്നുണ്ടല്ലോ അത് അങ്ങയുടെ ചങ്ങാതി രാംദേവിന്റെ പതഞ്ജലിയേക്കാൾ ഫലദായകമാണ്.

''ഹൗഡി മോഡി?''

''ഹൗഡി മോഡി?''

അത് സേവിച്ചാൽ പിന്നെ പണിയും കൂലിയുമൊന്നും തൽക്കാലം പ്രശ്നല്ല. അതോണ്ട് അങ്ങ് പറഞ്ഞത് ശരിയാ. അവർക്കിവിടെ സുഖാത്രേ പരമ സുഖം.
വാൽക്കഷ്ണം: ആറു മാസമായി ശമ്പളം കിട്ടാത്ത ബി.എസ്.എൻ.എൽ കരാർ ജീവനക്കാരും എടുത്ത പണിയുടെ കൂലി കുടിശ്ശിക കിട്ടാൻ ബാക്കിയുള്ള തൊഴിലുറപ്പിലെ അമ്മമാരും മോദി ജിയോട് ഹിന്ദിയിൽ പ്രത്യേകം പറയാൻ പറഞ്ഞു. "യഹാം ഹം സബ് അഛേ ഹേ". അവർ അമേരിക്കയിൽ അടിച്ചു പൊളിക്കുന്ന അങ്ങയോട് ചോദിക്കുന്നു - ''ഹൗഡി മോഡി?''

ഫേസ്ബുക്ക് പോസ്റ്റ്

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
MB Rajesh slams Narendra Modi's Howdy Modi at Houston, in FB post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X