ബലാത്സംഗം; കോണ്‍ഗ്രസ് എംഎല്‍എ തന്നെ 50 ലക്ഷത്തിന് വാങ്ങിയതെന്ന് പെണ്‍കുട്ടി
പനജി: ഗോവയില്‍ വിവാദമുണ്ടാക്കിയ ബലാത്സംഗക്കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി. അന്റനാസിയോ മോണ്‍സെരാറ്റ എന്ന എംഎല്‍എ പോലീസ് കീഴടങ്ങിയതിന് പിന്നാലെയാണ് പെണ്‍കുട്ടി ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
രണ്ടാനമ്മ തന്നെ 50 ലക്ഷം രൂപയ്ക്ക് എംഎല്‍എയ്ക്ക് വില്‍ക്കുകയായിരുന്നെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുമ്പാകെ നല്‍കിയ മൊഴിയില്‍ പതിനാറുകാരിയായ പെണ്‍കുട്ടി പറഞ്ഞു. അമ്മയ്‌ക്കൊപ്പം മറ്റൊരു സ്ത്രീയും ചേര്‍ന്നാണ് വില്‍പന നടത്തിയത്. പിന്നീട് മദ്യത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയശേഷം എംഎല്‍എയുടെ ബംഗ്ലാവില്‍ വെച്ചാണ് തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.

രാവിലെ ഉണരുമ്പോള്‍ ശരീരത്തില്‍ വസ്ത്രമില്ലായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു താന്‍. തനിക്കടുത്ത് എംഎല്‍എ വസ്ത്രമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നെന്നും പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയുടെ ആരോപണം എംഎല്‍എ നിഷേധിച്ചു. രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് മോണ്‍സെരാറ്റ പറയുന്നത്.
പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായി വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെയും രണ്ടാനമ്മയ്‌ക്കെതിരെയും മറ്റൊരു സ്ത്രീയ്‌ക്കെതിരെയും പോലീസ് കേസെടുത്തു. മനുഷ്യക്കടത്ത് തടയുന്ന നിയമപ്രകാരമാണ് രണ്ടാനമ്മയ്‌ക്കെതിരെ കേസെടുത്തത്. നേരത്തെ, ഭാര്യയ്ക്കും അനുയായികള്‍ക്കും ഒപ്പമെത്തിയാണ് മൊണ്‍സെരാറ്റ പോലീസില്‍ കീഴടങ്ങിയത്.












Click it and Unblock the Notifications