തമിഴ്‌നാട്ടില്‍ ഉപമുഖ്യമന്ത്രിയായി ഉദയനിധി എത്തും, പ്രഖ്യാപനം ഉടന്‍; മന്ത്രിസഭയിലും മാറ്റമുണ്ടാവും
ചെന്നൈ: തമിഴ്‌നാട്ടില്‍ വലിയ മാറ്റത്തിന് ഒരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കാനാണ് നീക്കം. മന്ത്രിസഭാ പുനസംഘടന ഉണ്ടാവുമെന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.
നിലവില്‍ യുവജനക്ഷേമം, കായിക വികസനം, പ്രത്യേക പദ്ധതികളുടെ നടത്തിപ്പ് എന്നീ വകുപ്പുകള്‍ ഉദയനിധിയാണ് കൈകാര്യം ചെയ്യുന്നത്. ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നത് യാതൊരു എതിര്‍പ്പും ഉണ്ടാക്കുന്നില്ല. എംഎല്‍എയായി 19 മാസത്തിനുള്ളിലാണ് മന്ത്രിസഭയില്‍ ഉദയനിധി ഇടംപിടിച്ചത്. പാര്‍ട്ടിയില്‍ അതിനെയും ആരും ചോദ്യം ചെയ്തിരുന്നില്ല.

അതേസമയം ഉപമുഖ്യമന്ത്രിയായിട്ടുള്ള ഉദയനിധിയുടെ സ്ഥാനക്കയറ്റം ഏകദേശം ഉറപ്പായിട്ടുണ്ട്. എന്നാല്‍ എപ്പോഴാണ് നിയമനം ഉണ്ടാവുകയെന്ന് വ്യക്തമല്ലെന്നാണ് ഡിഎംകെ നേതാക്കള്‍ പറയുന്നത്. സ്റ്റാലിന്റെ അമേരിക്കന്‍ സന്ദര്‍ശനം തീരുമാനമായതിന് പിന്നാലെയാണ് ഉദയനിധിയുടെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായത്.
ഓഗസ്റ്റ് 22നാണ് സ്റ്റാലിന്റെ അമേരിക്കന്‍ സന്ദര്‍ശനം ആരംഭിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ അടുത്ത ഉപമുഖ്യമന്ത്രിയാവുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് മുമ്പോ ശേഷമോ എന്ന കാര്യത്തില്‍ മാത്രമാണ് ഉറപ്പില്ലാത്തത്. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹത്തിന് നല്‍കണമെന്ന് പൊതുവേ ആവശ്യമുണ്ടെന്നും ഒരു മുതിര്‍ന്ന ഡിഎംകെ നേതാവ് ഡെക്കാന്‍ ഹെറാള്‍ഡിനോട് പ്രതികരിച്ചു.
കായികവും, പ്രത്യേക വകുപ്പുകളും ഉദയനിധി തന്നെ തുടര്‍ന്നും കൈകാര്യം ചെയ്യും. സംസ്ഥാനത്തെ യുവാക്കളെ കാണാനായി ഉദയനിധി യാത്രകള്‍ ചെയ്യും. യുവാക്കളുമായി സംവദിക്കും. ഡിഎംകെ സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതികളെല്ലാം നടപ്പാക്കുന്നതിന്റെ മേല്‍നോട്ടവും ഉദയനിധിക്ക്തന്നെയായിരിക്കും.
അതോടൊപ്പം മന്ത്രിസഭയില്‍ ചെറിയ മാറ്റങ്ങളും വരും. പുതിയൊരു മന്ത്രി കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വി സെന്തില്‍ ബാലാജിരാജിവെച്ച ഒഴിവിലാണ് പുതിയ മന്ത്രി എത്തും. 2023 ജൂണ്‍ മുതല്‍ അദ്ദേഹം ജയിലില്‍ ആണ്. ജോലി ലഭിക്കുന്ന പണം വാങ്ങിയ അഴിമതി കേസിലാണ് ഗതാഗത മന്ത്രിയായിരുന്നു ബാലാജി ജയിലില്‍ ആയത്
നേരത്തെ തന്നെ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ ജനുവരിയില്‍ തല്‍ക്കാലത്തേക്ക് ഇത് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഇനിയൊരു നിയമസഭാ തിരഞ്ഞെടുപ്പിന് 2 വര്‍ഷത്തെ ഇടവേളയുണ്ട്.
അതുകൊണ്ട് ഉദയനിധിയെ ഉയര്‍ത്തി കൊണ്ടുവരാന്‍ പറ്റിയ സമയം ആണെന്നാണ് വിലയിരുത്തല്‍. പിതാവിന്റെ റോളിലേക്ക് അദ്ദേഹത്തെ വളര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉദയനിധിയെ ഏല്‍പ്പിക്കാനാണ് ഡിഎംകെയുടെ ശ്രമം. നിലവില്‍ ഡിഎംകെയില്‍ രണ്ടാമനാണ് ഉദയനിധി. പല പദ്ധതികളും ഉദ്ഘാടനം ചെയ്യുന്നതുമെല്ലാം അദ്ദേഹം തന്നെയാണ്.












Click it and Unblock the Notifications