മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വീട്ടിലേക്ക് ഇരച്ചെത്തി ജനക്കൂട്ടം; നേരിട്ട് സുരക്ഷാ സേന
ഇംഫാല്‍: മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ഇംഫാലിലെ വീട്ടിലേക്ക് ഇരച്ചെത്തി ജനക്കൂട്ടം. വീട് ആക്രമിക്കാനായിരുന്നു ഇവരുടെ നീക്കം. അതേസമയം ജനക്കൂട്ടത്തെ സുരക്ഷാ സേന നേരിട്ടിരിക്കുകയാണ്. ഇംഫാലിലെ ബിരേന്‍ സിംഗിന്റെ തറവാട് വീട്ടിലേക്കാണ് ജനക്കൂട്ടം എത്തിയത്. സുരക്ഷാ സേന ആകാശത്തേക്ക് വെടിയുതിര്‍ത്താണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.
മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതേസമയം ജനക്കൂട്ടം എത്തുമ്പോള്‍ ഈ വീട്ടില്‍ ആരുമില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിരേന്‍ സിംഗ് ഇംഫാലിലെ അതിസുരക്ഷയുള്ള മറ്റൊരു വീട്ടിലാണ് താമസം.ഇംഫാലിലെ ഹെയ്ന്‍ഗാംഗിലുള്ള മുഖ്യമന്ത്രി തറവാട് വീടാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് സുരക്ഷാ സംഘം പറഞ്ഞു.

വീടിന് 100-150 മീറ്റര്‍ അകലെ വെച്ച് തന്നെ സുരക്ഷാ സേന ഇവരെ നേരിടുകയായിരുന്നുവെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഈ വീട്ടില്‍ ആരും താമസിക്കുന്നില്ലെങ്കിലും, കനത്ത സുരക്ഷ ഈ വീടിനുണ്ടായിരുന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് വ്യത്യസ്ത ദിശകളില്‍ നിന്നാണ് ജനക്കൂട്ടം വന്നത്. ഇവര്‍ മുഖ്യമന്ത്രിയുടെ വീട് ലക്ഷ്യമിട്ടാണ് വന്നത്. എന്നാല്‍ ഇവരെ തടയാന്‍ സാധിച്ചെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ദ്രുതകര്‍മ സേന നിരവധി തവണ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പോലീസും ഇവര്‍ക്കൊപ്പം ചേര്‍ന്നാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഈ മേഖലയിലെ വൈദ്യുത കണക്ഷന്‍ ഒന്നാകെ അധികൃതര്‍ വിച്ഛേദിച്ചു. രാത്രിയില്‍ ജനങ്ങള്‍ക്ക് ഒന്നും തിരിച്ചറിയാതിരിക്കാനാണ് ഇത്തരമൊരു കാര്യം ചെയ്തത്. പ്രതിഷേധക്കാര്‍ക്ക് ഇതേ തുടര്‍ന്ന് ഒന്നും ചെയ്യാനാവാതെ മടങ്ങുകയായിരുന്നു. വീടിന് സമീപം ബാരിക്കേഡുകള്‍ അടക്കം സ്ഥാപിച്ചിട്ടുണ്ട്.
റോഡിലാകെ ടയര്‍ കത്തിച്ച് എറിഞ്ഞിരിക്കുകയാണ് പ്രതിഷേധക്കാര്‍. ആംബുലന്‍സുകളും റോഡില്‍ കാണാം.എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കഴിഞ്ഞ ദിവസം ജനക്കൂട്ടം ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് അടിച്ച് തകര്‍ത്തിരുന്നു. രണ്ട് വാഹനങ്ങളും ജനക്കൂട്ടം കത്തിച്ചിരുന്നു. ഇംഫാല്‍ ഈസ്റ്റിലും, വെസ്റ്റിലും കര്‍ഫ്യൂ വീണ്ടും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവിടെ സുരക്ഷാ സേന പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു. പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്.












Click it and Unblock the Notifications