സാക്ഷി മഹാരാജ് മാത്രമല്ല, മോദിയും ഇസ്ലാമിനെ പ്രകീര്‍ത്തിയ്ക്കും
ദില്ലി: കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ വിവാദ എംപി സാക്ഷി മഹാരാജ് പറഞ്ഞത്- താന്‍ യഥാര്‍ത്ഥ ഇസ്ലാമാണെന്നായിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്ലാമിനെ പ്രകീര്‍ത്തിയ്ക്കുന്നു.
ഇസ്ലാം മതത്തില്‍ വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യത്തെയാണ് നരേന്ദ്ര മോദി പ്രകീര്‍ത്തിച്ചിരിയ്ക്കുന്നത്. സാര്‍ക്ക് രാജ്യങ്ങളുടെ ഹൈക്കമ്മീഷണര്‍മാരും മുസ്ലീം രാഷ്ട്രങ്ങളായ ഖത്തര്‍, ബഹറിന്‍, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവയുടെ പ്രതിനിധികള്‍ക്കും മുന്നില്‍ വച്ചായിരുന്നു മോദിയുടെ ഇസ്ലാം പ്രകീര്‍ത്തനം.

'ഇല്‍മ്' എന്ന വാക്ക് ഖുറാനില്‍ എണ്ണൂറ് തവണ ആവര്‍ത്തിയ്ക്കുന്നുണ്ട്. അള്ളാ എന്ന വാക്കിന് ശേഷം ഖുറാനില്‍ ഏറ്റവും അധികം ആവര്‍ത്തിയ്ക്കുന്ന വാക്കും ഇത് തന്നെ. ഇസ്ലാം വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യമാണ് ഇത് കാണിയ്ക്കുന്നത് എന്നായിരുന്നു മോദി പറഞ്ഞത്.
'എജ്യുക്കേഷന്‍ ഓഫ് ഇസ്ലാം' എന്ന പേരില്‍ ചരിത്രകാരനായ ജെഎസ് രജ്പുത്തും ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് സിറാജുദ്ദീന്‍ ഖുറേഷിയും ചേര്‍ന്നെഴുതിയ പുസ്തകം പ്രകാശനം ചെയ്യവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു പുസ്തക പ്രകാശനം.
മറ്റ് മത നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ പ്രധാനമന്ത്രിയായതിന് ശേഷം മോദിയ്ക്ക് അത്ര പതിവില്ലാത്തതാണ്. ഇഫ്താര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന കീഴ് വഴക്കവും അദ്ദേഹത്തിനില്ല. എങ്കിലും റംസാന്‍ മാസം തുടങ്ങാനിരിയ്‌ക്കേ എല്ലാവര്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.












Click it and Unblock the Notifications