മോദിയുടെ പോസ്റ്റര്‍ കീറി; മിസ്ത്രി അറസ്റ്റിൽ
വഡോദര: നരേന്ദ്ര മോദിയുടെ പോസ്റ്റര്‍ വലിച്ചുകീറി സ്വന്തം പോസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മധുസൂദനന്‍ മിസ്ത്രിയെയും കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ മോദിക്കെതിരെ വഡോദരയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് മധുസൂദനന്‍ മിസ്ത്രി.
വഡോദരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നരേന്ദ്ര മോദിയുടെ പോസ്റ്ററുകള്‍ വലിച്ചുകീറി മിസ്ത്രിയുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒട്ടിച്ചത്. വഡോദരയില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ കോണ്‍ഗ്രസിന് ആവശ്യത്തിന് സ്ഥലം അനുവദിക്കാത്തത് കൊണ്ടാണ് തങ്ങള്‍ മോദിയുടെ പോസ്റ്റര്‍ വലിച്ചു കീറിയത് എന്നാണ് മിസ്ത്രി ഈ സംഭവത്തെ ന്യായീകരിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ പ്രദേശത്ത് സഘര്‍ഷമുണ്ടായി. ഇതേത്തുടര്‍ന്നാണ് മധുസൂദനന്‍ മിസ്ത്രിയടക്കം നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷനും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് ബി ജെ പിക്ക് വേണ്ടി കളിക്കുകയാണ് എന്ന് മിസ്ത്രി കുറ്റപ്പെടുത്തി. തങ്ങള്‍ക്ക് ആവശ്യത്തിന് സ്ഥലം കിട്ടിയില്ലെങ്കില്‍ മോദിയുടെ പോസ്റ്റര്‍ വലിച്ചുകീറി തങ്ങളുടെ പോസ്റ്റര്‍ ഒട്ടിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ തങ്ങള്‍ അറിയിച്ചിരുന്നതാണ്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തതില്‍ ഒരു തരത്തിലുള്ള തെറ്റും ഇല്ലെന്നും മിസ്ത്രി. എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയാണ് വഡോദരയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്ന മധുസൂദനന്‍ മിസ്ത്രി. കോണ്‍ഗ്രസിന്റെ ലോക്‌സഭ തിരഞ്ഞെടുപ്പ് പദ്ധതികളില്‍ നിര്‍ണായകമായ സ്ഥാനമുണ്ട് 69 കാരനായ മിസ്ത്രിക്ക്.












Click it and Unblock the Notifications