വയനാടിനായി ദിണ്ടിഗലില്‍ ഒരു ബിരിയാണി മേള: സമാഹരിച്ചത് 2.5 ലക്ഷം രൂപ
ദിണ്ടിഗല്‍: സമാനതകളില്ലാത്ത ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട വയനാട് ചൂരല്‍മല, മുണ്ടക്കൈ സ്വദേശികള്‍ക്കായി ഈ നാടാകെ ഒന്നിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. വിവിധ സംഘടനകള്‍, വ്യവസായ പ്രമുഖർ, സെലിബ്രിറ്റികള്‍ തുടങ്ങി നാട്ടിലെ കൊച്ചുകുട്ടികളും സാധാരണക്കാരും വരെ തങ്ങളെക്കൊണ്ടാകും വിധം വയനാടിനായി സഹായഹസ്തം നീട്ടുന്നു.
കേവലം മലയാളികള്‍ മാത്രമല്ല വയാനാടിനായി ഒപ്പം നില്‍ക്കുന്നത്. തമിഴ്നാട്, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളും വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. നേരത്തെ ഉരുള്‍പൊട്ടല്‍ മേഖലയിലെ രക്ഷാപ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്ന ഇവർ ഇപ്പോള്‍ വയനാട്ടിലേക്ക് സഹായം എത്തിക്കാനുള്ള പ്രവർത്തനങ്ങളിലും മുഴുകിയിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു വ്യക്തിയാണ് ദിണ്ടിഗല്‍ ബിരിയാണി റസ്റ്ററന്റ് ഉടമയായ മുജീബുർ റഹ്മാന്‍.

പരമ്പരാഗതമായി മൊയി ഫീസ്റ്റ് (moi feast) എന്ന് അറിയപ്പെടുന്ന വിരുന്ന് ഒരുക്കിയാണ് മുജീബുർ റഹ്മാന്‍ വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരിക്കുന്നത്. ഹോട്ടൽ അസോസിയേഷൻ്റെയും റോട്ടറി ക്ലബ്ബിൻ്റെയും സഹകരണത്തോടെയായിരുന്നു ബിരിയാണി മേള. കഴിക്കുന്ന ഭക്ഷണത്തിന് ആർക്കും ബില്ല് നല്‍കിയില്ല, പകരം ആളുകള്‍ക്ക് എത്ര പൈസ വേണമെങ്കിലും വയനാട് ദുരിതാശ്വാസ നിധിക്കായി നല്‍കാവുന്ന തരത്തിലായിരുന്നു ബിരിയാണി മേള. വലിയ പങ്കാളിത്തമാണ് മേളയില്‍ ഉണ്ടായിരുന്നതെന്നും 2.5 ലക്ഷത്തോളം സമാഹരിക്കാന്‍ കഴിഞ്ഞതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ഉരുള്‍പൊട്ടലില്‍ ഒന്നും ബാക്കിയാകാതെ നില്‍ക്കുന്നവര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കും. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവര്‍ക്കുമാണ് സഹായം ലഭിക്കുക. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് 300/- രൂപ വീതം ദിവസവും നല്‍കും.
ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം കുടുംബത്തില്‍ മൂന്ന് പേര്‍ക്ക് എന്ന നിലയില്‍ നല്‍കും. 30 ദിവസത്തേക്കാണ് ഈ തുക നല്‍കുക.
ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ദുരന്തത്തെ തുടര്‍ന്ന് ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാന്‍ കഴിയും വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications