പോപ്പുലര്‍ ഫ്രണ്ടിനെ ഉടന്‍ നിരോധിക്കും; കേന്ദ്ര വിജ്ഞാപനം ഈ ആഴ്ച എന്ന് ന്യൂസ്18 റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ വൈകാതെ നിരോധിക്കുമെന്ന് റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആഴ്ച ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന മുസ്ലിം സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. ചില സംസ്ഥാനങ്ങളില്‍ സംഘടനക്കെതിരെ നടപടിയെടുത്തിരുന്നു. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ പിഎഫ്‌ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ സംഘടനയെ നിരോധിക്കാന്‍ പദ്ധതിയിടുന്നു എന്നാണ് പുതിയ വിവരം.

കഴിഞ്ഞ ദിവസം രാമ നവമി ദിനാഘോഷത്തോട് അനുബന്ധിച്ച് നിരവധി സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് അക്രമം റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശിലെ ഖര്‍ഗാവില്‍ ആഘോഷത്തിനിടയിലേക്ക് കല്ലേറുണ്ടായി. പിന്നീട് വ്യാപക അക്രമങ്ങളും അരങ്ങേറി. സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ കുറ്റപ്പെടുത്തിയാണ് മധ്യപ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ രംഗത്തുവന്നത്. യുവമോര്‍ച്ച അധ്യക്ഷന്‍ തേജസ്വി സൂര്യയും സമാനമായ പ്രതികരണവുമായി രംഗത്തെത്തി.
കല്ലേറ് നടത്തിയ കേസില്‍ പ്രതികളെന്ന് ആരോപിച്ച് നിരവധി പേരുടെ വീടുകളും മറ്റും മധ്യപ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത് വലിയ വാര്‍ത്തയായിരുന്നു. രാമനവമി ദിനത്തിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നും ആസൂത്രിത നീക്കമാണ് സംഘപരിവാര്‍ നടത്തുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരവെയാണ് നിരോധന വാര്‍ത്ത ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
1990കളില്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് സമാന രീതിയില്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനകളുമായി ചേര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ചത്. 20ലധികം സംസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവര്‍ പറയുന്നു. ആര്‍എസ്എസ് നടത്തുന്ന നീക്കങ്ങളെ തുറന്നുകാട്ടുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുമ്പും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് കേരള സംസ്ഥാന സമിതി അംഗം അഷ്‌റഫിനെ ഡല്‍ഹിയിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇഡി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയുണ്ടായി.












Click it and Unblock the Notifications