'നരേന്ദ്ര മോദി വിഷപാമ്പിനെ പോലെ, മരണം ഉറപ്പ്'; ഖാർഗെയുടെ പരാമർശം വിവാദത്തിൽ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപാമ്പിനോട് ഉപമിച്ച് കൊണ്ടുള്ള കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പരാമർശം വിവാദത്തിൽ. കർണാടകയിൽ ഗഡഗിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഖാർഗെ മോദിക്കെതിരെ രംഗത്തെത്തിയത്.
'പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വിഷ പാമ്പിനെ പോലെയാണ്. അതിന്റെ വിഷം പരിശോധിക്കാൻ നിങ്ങൾ ശ്രമിച്ചാൽ മരണം ഉറപ്പാണ്.മോദിയെപ്പോലുള്ള ഒരു നല്ല മനുഷ്യൻ നിങ്ങൾക്ക് വിഷം നൽകിയത് കൊണ്ട് ഇത് വിഷമല്ലെന്ന് നിങ്ങൾ വിചാരിച്ചേക്കാം, പക്ഷേ നിങ്ങൾ രുചിച്ചാൽ നിങ്ങൾ നിലത്ത് ചത്ത് കിടക്കും', എന്നായിരുന്നു ഖാർഗെ പറഞ്ഞത്.

അതേസമയം ഖാർഗെയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. ഗാന്ധി കുടുംബത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റാൻ വേണ്ടിയാണ് ഖാർഗെ ഇത്തരത്തിലുള്ള പരാമർശം നടത്തുന്നത് എന്നായിരുന്നു കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ മറുപടി.
'കോൺഗ്രസ് മല്ലികാർജുൻ ഖാർഗെയെ പാർട്ടി അധ്യക്ഷനാക്കിയെങ്കിലും ആരും അദ്ദേഹത്തെ പരിഗണിച്ചില്ല. അതുകൊണ്ട് ഗാന്ധി കുടുംബത്തിൽ നിന്ന് ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് സോണിയ ഗാന്ധി പറയുന്നതിനേക്കാൾ മോശമായ ഒരു പ്രസ്താവന നടത്താൻ ഖാർഗെ ചിന്തിച്ചത്.
ഇന്ത്യയിലെ ജനങ്ങൾ രണ്ട് തവണ മോദിയെ പ്രധാനമന്ത്ര പദത്തിലെത്തിച്ചുവെന്ന കാര്യം രാഷ്ട്രീയക്കാർ മറക്കരുത്. അദ്ദേഹത്തിനെതിരെ നടത്തുന്ന ഇത്തരം പ്രസ്താവനകൾ രാജ്യത്തിന് തന്നെ അപമാനമാണ്. പരാമർശത്തിൽ കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണം', താക്കൂർ പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ് തോൽക്കുമെന്ന നിരാശയിലാണ് ഖാർഗെ അത്തരമൊരു പ്രസ്താവന നടത്തിയതെന്നായിരുന്നു ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തിയത്.
അതേസമയം പരാമർശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ഖാർഗെ രംഗത്തെത്തി. 'എന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ആരേയെങ്കിലും ബുദ്ധിമുട്ടിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു', ഖാർഗെ പറഞ്ഞു. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അല്ല, മറിച്ച് ബിജെപിയെ ആണ് ഉദ്ദേശിച്ചതെന്നും ഖാർഗെ പറഞ്ഞു.
'എന്റെ പ്രസ്താവന മോദിയേയോ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയേയോ കുറിച്ച് ഉള്ളതല്ല, മറിച്ച് അദ്ദേഹം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തെ കുറിച്ചാണ്. പ്രധാനമന്ത്രി മോദിയുമായുള്ള ഞങ്ങളുടെ പോരാട്ടം വ്യക്തിപരമായ പോരാട്ടമല്ല. അതൊരു ആശയപരമായ പോരാട്ടമാണ്. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്തുക എന്നതല്ല എന്റെ ഉദ്ദേശം, അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും വേദനിപ്പിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശം', ഖാർഗെ പറഞ്ഞു.












Click it and Unblock the Notifications