പ്രധാനമന്ത്രി സ്ഥാനത്ത് മോദിയുടെ ജനപ്രീതി ഇടിയുന്നു; അടിച്ചുകേറി രാഹുല്‍..! സര്‍വേഫലം പുറത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിക്കുന്നതായി അഭിപ്രായ സര്‍വേ. ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രണ്ട് മാസത്തിന് ശേഷം നടന്ന സര്‍വേയില്‍ നരേന്ദ്ര മോദിക്കാണ് പ്രധാനമന്ത്രി സ്ഥാനത്ത് ഏറ്റവും വലിയ പിന്തുണയെങ്കിലും രാഹുല്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു എന്നാണ് നിരീക്ഷണം.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലും 2023 ആഗസ്റ്റിലും നടന്ന സര്‍വേയേക്കാള്‍ കൂടുതല്‍ പേര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 49.1% പേര്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്നു. 22.4% ജനങ്ങളുടെ പിന്തുണ രാഹുല്‍ ഗാന്ധിക്കാണ്. ഫെബ്രുവരിയില്‍ 55% ആളുകള്‍ മോദിയെയും 14% പേര്‍ രാഹുലിനെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നു.

എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് പ്രധാനമന്ത്രി എന്ന നിലയില്‍ മോദി അനുകൂല അഭിപ്രായം പറഞ്ഞവരില്‍ ആറ് ശതമാനം പോയിന്റ് ഇടിവാണ്. എന്നാല്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നവരില്‍ എട്ട് ശതമാനം പോയിന്റ് വര്‍ധനവാണ് കാണിക്കുന്നത്. 'പാര്‍ട്ടി വ്യത്യാസമില്ലാതെ, നരേന്ദ്ര മോദിക്ക് ശേഷം ആരാണ് പ്രധാനമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യന്‍' എന്ന ചോദ്യത്തിനും രാഹുലാണ് ഭൂരിഭാഗം പേരുടേയും ഓപ്ഷന്‍.
ഈയിനത്തില്‍ രാഹുല്‍ ഗാന്ധി 28.6% ജനങ്ങളുടെ ഉത്തരമായപ്പോള്‍ ബിജെപി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ 20 ശതമാനം പേര്‍ പിന്തുണച്ചു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 19% പേര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തപ്പോള്‍ 13% പേര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയാണ് തിരഞ്ഞെടുത്തത്. 2023 ആഗസ്റ്റില്‍ നടന്ന മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ 52.3% പേര്‍ മോദിയെ പ്രധാനമന്ത്രിയായി അനുകൂലിച്ചിരുന്നു.
അന്ന് 15.8% പേര്‍ മാത്രമായിരുന്നു രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തക്ക് പിന്തുണച്ചിരുന്നത്. 2016 ന് ശേഷം മൂഡ് ഓഫ് ദി നേഷന്‍ പോളില്‍ രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്നതും ഈ സര്‍വേയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷവും രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ സജീവമായി ആക്രമിക്കുകയാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ ലോക്‌സഭയില്‍ രണ്ട് തീപ്പൊരി പ്രസംഗങ്ങള്‍ നടത്തിയിരുന്നു.
അതേസമയം ഇപ്പോള്‍ ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ആറ് സീറ്റുകള്‍ മെച്ചപ്പെടുത്തി 299 ല്‍ എത്തുമെന്ന് സര്‍വേ പറയുന്നു. പ്രതിപക്ഷമായ ഇന്ത്യാ ബ്‌ളോക്കിന് ഒരു സീറ്റ് നഷ്ടപ്പെട്ട് 233 ല്‍ എത്തും.












Click it and Unblock the Notifications