നീറ്റ് പരീക്ഷ തടസപ്പെട്ടു; ജയ്പൂരില്‍ വിദ്യാര്‍ഥി പ്രതിഷേധം, പോലീസും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ടു
രാജസ്ഥാനിലെ ജയ്പൂരില്‍ നീറ്റ് പരീക്ഷ തടസപ്പെട്ടു. ഓണ്‍ലൈന്‍ ആയി നടത്താന്‍ തീരുമാനിച്ച നീറ്റ്-പിജി 2026 പരീക്ഷയാണ് കംപ്യൂട്ടര്‍ സെര്‍വറിലെ തകരാര്‍ കാരണം തടസപ്പെട്ടത്. ജയ്പൂരിലെ സീതാപുരയിലെ സെന്ററിലാണ് സംഭവം. പരീക്ഷയ്ക്ക് എത്തിയ ചില വിദ്യാര്‍ഥികളുടെ കംപ്യൂട്ടറില്‍ കുഴപ്പമുണ്ടായിരുന്നില്ല. എന്നാല്‍ മറ്റു ചിലരുടെ കംപ്യൂട്ടര്‍ ലോഗിന്‍ ചെയ്യാന്‍ പ്രയാസം നേരിട്ടു. നിരവധി തവണ റീസ്റ്റാര്‍ട്ട് ആകുകയും ചെയ്തു.
പരീക്ഷാ കേന്ദ്രത്തിലെ സെര്‍വര്‍ തകരാറാണ് പരീക്ഷ തടസപ്പെടാന്‍ കാരണം എന്ന് എസിപി ലളിത് ശര്‍മ പറഞ്ഞു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഓഫീസര്‍മാരും ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രത്തിലെത്തി. പരീക്ഷാ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുമായും പോലീസ് സംസാരിച്ചു. എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നും നിലവില്‍ രംഗം ശാന്തമായിട്ടുണ്ടെന്നും ശര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സെപ്തംബര്‍ അഞ്ചിന് മൂന്ന് മണിക്ക് പരീക്ഷ നടത്തുമെന്ന് എസിപി പിന്നീട് പ്രതികരിച്ചു. രാജ്യത്ത് ഉടനീളം ഞായറാഴ്ച ഒറ്റ ഷിഫ്റ്റ് ആയിട്ടാണ് പരീക്ഷ തീരുമാനിച്ചിരുന്നത്. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സ് (എന്‍ബിഇഎംഎസ്) ആണ് പരീക്ഷയ്ക്ക് വേണ്ട എല്ലാ സജീകരണങ്ങളും ഒരുക്കിയിരുന്നത്. കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താന്‍ വേണ്ട എല്ലാ മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണവും നടത്തിയിരുന്നു.
ഇന്ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ആയിരുന്നു പരീക്ഷാ സമയം. എല്ലായിടത്തും പരീക്ഷ നടന്നു. എന്തെങ്കിലും തടസം നേരിട്ടാല്‍ വേഗത്തില്‍ അധികൃതരെ അറിയിക്കണം എന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥി പ്രതിഷേധം അവസാനിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വിശദമായ പരിശോധന നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്ത വിദ്യാര്‍ഥിനി മരിച്ച നിലയില്‍
നീറ്റ് പരീക്ഷ തുടങ്ങുന്നതിന് മുമ്പായി ആന്ധ്ര പ്രദേശില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ സ്വകാര്യ ഹോസ്റ്റലിലാണ് 26കാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കര്‍ണൂല്‍ ജില്ലയിലെ യശ്വിതയാണ് മരിച്ചത്. എംബിബിഎസ് പൂര്‍ത്തിയാക്കിയ ഇവര്‍ ഹൈദരാബാദിലെ ആര്‍ടിസി ക്രോഡ് റോഡിലെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. നീറ്റ് പിജി പരീക്ഷയ്ക്ക് വേണ്ടി കഴിഞ്ഞ ഏഴ് മാസമായി തയ്യാറെടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
ഹോസ്റ്റല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോണില്‍ വിളിച്ചിട്ടും കിട്ടാതിരുന്ന പിതാവ് ഹോസ്റ്റല്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ എത്തി മുറി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹത്തിന് അരികില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നു എന്നാണ് കുറിപ്പില്‍ നിന്ന് മനസിലാകുന്നത് എന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച പിതാവ് ഫോണില്‍ സംസാരിച്ചിരുന്നു. ഹോസ്റ്റലില്‍ എത്താമെന്നും ഒരുമിച്ച് പരീക്ഷാ കേന്ദ്രത്തിലേക്ക് പോകാമെന്നും യശ്വിതയോട് പിതാവ് പറഞ്ഞിരുന്നു.





Click it and Unblock the Notifications