കല്യാണപ്പിറ്റേന്ന് നവദമ്പതികൾ കിടപ്പുമുറിയിൽ മരിച്ച നിലയിൽ; കാരണം വിശ്വസിക്കാനാവാതെ പോലീസ്
ലക്‌നൗ: വിവാഹം കഴിഞ്ഞ് പിറ്റേദിവസം നവദമ്പതികളെ ബെഡ്‌റൂമിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗോദിയ സ്വദേശികളായ പ്രതാപ് യാദവ്, ഭാര്യ പുഷ്പ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് സംഭവം. ഹൃദായാഘാതം കാരണമാണ് രണ്ട് പേരും മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
എന്നാൽ ഇപ്പോഴും ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ബാക്കിയാണ്. നേരത്തെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഒന്നുമില്ലാത്ത രണ്ട് പേരും എങ്ങനെയാണ് ഒരുമിച്ച് ഹൃദയാഘാതം വന്ന് മരിച്ചത് എന്നാണ് ഉയരുന്ന ചോദ്യം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മരിച്ച ദമ്പതികളുടെ ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയക്കുമെന്നും ബൽറാംപൂർ എസിപി പറഞ്ഞു.

മേയ് 30ാം തീയതി രാത്രിയായിരുന്നു പ്രതാപ് യാദവിന്റേയും പുഷ്പയുടേയും വിവാഹം. വിവാഹച്ചടങ്ങുകൾക്ക് ശേഷം ഇവർ പ്രതാപിന്റെ വീട്ടിലേക്ക് പോയി. രണ്ട് ദിവസം നീണ്ടുനിന്ന വിവാഹച്ചടങ്ങുകൾ കാരണം രണ്ട് പേരും ക്ഷീണിച്ചിരുന്നു. അതിനാൽ രണ്ടാളും നേരത്തെ തന്നെ ഉറങ്ങാൻ പോയി.
എന്നാൽ വ്യാഴാഴ്ച ഉച്ച കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ സംശയം തോന്നിയ വീട്ടുകാർ വാതിൽ ചവിട്ടിത്തുറന്ന് നോക്കി. അപ്പോഴാണ് ഇവരെ രണ്ട് പേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ സംഭവം പോലീസിനെ അറിയിച്ചു. കിടപ്പുമുറിയിൽ പോലീസ് പരിശോധന നടത്തി.
ബലപ്രയോഗം നടന്നതിന്റെ ലക്ഷണം ഒന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി. ആരും മുറിയിൽ അതിക്രമിച്ച് കടന്ന ലക്ഷണമില്ലെന്നും ശരീരത്തിൽ പാടുകളോ മുറിവുകളോ ഇല്ലെന്നും പറയുന്നു.വെള്ളിയാഴ്ചയാണ് ഇവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുവരുടേയും മരണ കാരണം ഹൃദയാഘാതം ആണെന്നാണ് പറയുന്നത്.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിനെ ആശയക്കുഴപ്പത്തിലാക്കി. ഇവർക്ക് ഒരേസമയത്ത് ഹൃദയാഘതം എങ്ങനെ വന്നു എന്നതാണ് സംശയം. ദമ്പതിമാരുടെ മുറിയിൽ വെന്റിലേഷൻ ഇല്ലായിരുന്നു എന്നും ചില പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
രണ്ട് പേരുടെയും ആന്തരികാവയവങ്ങൾ ലഖ്‌നൗവിലെ ഫൊറൻസിക് ലാബിൽ രാസപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ലഭിക്കുന്ന റിപ്പോർട്ടിൽ നിന്നും നിർണായകമായ എന്തെങ്കിലും വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ബുധനാഴ്ച ഇരുവരും കഴിച്ച ഭക്ഷണം എന്തെല്ലാം ആണെന്നും പോലീസ് പിശോധിക്കുന്നുണ്ട്. ദമ്പതിമാരുടെ കിടപ്പുമുറിയിൽ ഫോറൻസിക് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു












Click it and Unblock the Notifications