'മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി കോൺഗ്രസിൽ നിന്ന്'; എൻസിപിയേയും ശിവസേനയേയും ഞെട്ടിച്ച് തോറത്ത്
മുംബൈ: മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി കോൺഗ്രസിൽ നിന്നായിരിക്കുമെന്ന് കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് ബാലസാഹേബ് തോറത്ത്. തനിക്ക് ഇക്കാര്യത്തിൽ നൂറ് ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യത്തിൻറെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്ന ചർച്ചകൾക്കിടെയാണ് തോറത്തിന്റെ പ്രതികരണം.
'സഖ്യമെന്ന നിലയിൽ ഉത്സാഹത്തോടെ പ്രവർത്തിക്കാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി മഹാ വികാസ് അഘാഡിയിൽ നിന്നായിരിക്കുമെന്നും കോൺഗ്രസ് നേതാവ് ആയിരിക്കും എന്നും എനിക്ക് 100 ശതമാനം ഉറപ്പുണ്ട്. അതിനായി നമ്മുക്ക് പ്രവർത്തിക്കാം', കൊങ്കൺ ഡിവിഷനിലെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി ഭയന്ദറിൽ നടത്തിയ അവലോകന യോഗത്തിൽ തോറത്ത് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്നത് സംബന്ധിച്ച ചോദ്യങ്ങളോട് സഖ്യത്തിലെ മുതിർന്ന നേതാക്കൾ ആരും തന്നെ ഇതുവരെ പ്രതികരിച്ചിരുന്നില്ല. അതിനിടയിലാണ് ഇപ്പോൾ കോൺഗ്രസ് നേതാവിന്റെ പ്രതികരണം വന്നിരിക്കുന്നത്. തോറത്തിന്റെ പ്രസ്താവനയിൽ സഖ്യ നേതാക്കൾ ആരും തന്നെ ഇതുവരേയും പ്രതികരിക്കാൻ തയ്യാറായിട്ടുമില്ല.
അതിനിടെ സഖ്യത്തിനുള്ളിൽ സീറ്റ് വിഭജനം കല്ലുകടിയായി തുടരുകയാണ്. മുംബൈയിൽ ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള ആറ് സീറ്റുകളിലാണ് തർക്കം. കോൺഗ്രസും ശിവസേനയും ഈ സീറ്റുകൾക്കായി ആവശ്യം ഉയർത്തുന്നുണ്ട്.
ബൈക്കുള, കുർള, ഘാട്‌കോപ്പർ വെസ്റ്റ്, വെർസോവ, ജോഗേശ്വരി ഈസ്റ്റ്, മാഹിം എന്നീ സീറ്റുകളെ ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്. കുർള, വെർസോവ, ഘാട്‌കോപ്പർ വെസ്റ്റ് സീറ്റുകൾക്കായി എൻസിപിയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
മുംബൈയിൽ 36 സീറ്റുകളാണ് ഉള്ളത്. ഇതിൽ 22 വരെ സീറ്റുകളാണ് ശിവസേനയുടെ ആവശ്യം. കോൺഗ്രസ് 18 സീറ്റുകൾക്കായി രംഗത്തുണ്ട്. എൻ സി പിയുടെ ആവശ്യം 7 സീറ്റുകളാണ്. മുളുണ്ട്, വിലെപാർലെ, ബോറിവാലി, ചാർകോപ്പ്, മലബാർ ഹിൽ എന്നീ സീറ്റുകളിലും ചർച്ച നടക്കാനുണ്ട്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മുംബൈയിൽ മികച്ച വിജയം നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ സീറ്റുകളിൽ കോൺഗ്രസ് കണ്ണുവെയ്ക്കുന്നത്.ലോക്സഭയിലേക്ക് കോൺഗ്രസിന് 13 ഉം ശിവസേനയ്ക്ക് 9 ഉം എൻ സി പിക്ക് 8 സീറ്റുകളുമായിരുന്നു ലഭിച്ചത്. ഒക്ടോബർ -നവംബർ മാസങ്ങളിലാണ് മഹാരാഷ്ട്രയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നിലവിൽ ബി ജെ പി-ശിവസേന സഖ്യമാണ് സംസ്ഥാനത്ത് അധികാരത്തിൽ.












Click it and Unblock the Notifications